മോഹവിലക്കൊരു ബി.എം.ഡബ്ല്യു; രണ്ടേമുക്കാൽ ലക്ഷം മുടക്കിയാൽ ആ സ്വപ്ന വാഹനം വീട്ടിലെത്തും

ബെൻസും ബി.എം.ഡബ്ല്യുവും എന്നും വാഹനപ്രേമികളുടെ സ്വപ്ന വാഹനങ്ങളാണ്. ഈ ജർമൻ ബ്രാൻഡുകൾ വീട്ടിലെത്തിക്കാൻ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. എന്നാൽ അതത്ര എളുപ്പമല്ല. നല്ലരീതിയിൽ പണച്ചിലവുള്ള കാര്യമാണത്. ബെൻസിന്റേയും ബി.എം.ഡബ്ല്യുവിന്റേയും എൻട്രി ലെവൽ വാഹനങ്ങൾക്ക് 50 ലക്ഷത്തോളമാണ് വിലവരുന്നത്.

ബെൻസെന്ന സ്വപ്നം അകലെയാണെങ്കിലും ബി.എം.ഡബ്ല്യൂ വീട്ടിലെത്തിക്കുക കുറേക്കൂടി എളുപ്പമാണ്. കാരണം ബി.എം.ഡബ്ല്യു മോട്ടോറാഡ് എന്ന പേരിൽ ബൈക്കുകളും നിർമിക്കുന്നുണ്ട്. താരതമ്യേന കുറഞ്ഞ വിലക്ക് ഇത്തരം ബൈക്കുകൾ ലഭ്യമാണ്. ഈ ബൈക്കുകളിൽപ്പെട്ട ഏറ്റവും പുതിയ വാഹനത്തെ നിരത്തിലെത്തിച്ചിരിക്കുകയാണ് കമ്പനി. പേര് ജി 310 ആർആർ എന്നാണ്. വാഹനത്തിന് രണ്ട് വേരിയന്റുകളാണ് ഉള്ളത്. സ്റ്റാൻഡേർഡ് വേരിയന്റിന് 2.85 ലക്ഷവും സ്‌റ്റൈൽ സ്‌പോർട്ട് വേരിയന്റിന് 2.99 ലക്ഷവുമാണ് (എക്‌സ് ഷോറൂം) വില.

ബി.എം.ഡബ്ല്യു മോട്ടോറാഡും രാജ്യത്തെ പ്രമുഖ ആഭ്യന്തര ഇരുചക്ര വാഹന ബ്രാന്‍ഡായ ടി.വി.എസും സംയുക്തമായാണ് 310 പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. ഈ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ജർമ്മന്‍ കമ്പനി നിർമിക്കുന്ന മൂന്നാമത്തെ മോഡലാണ് പുതിയ ജി 310 ആർ.ആർ. ഇതിലും വിലകുറഞ്ഞ ഒരു മോഡൽകൂടി ഈ വിഭാഗത്തിൽ ബി.എം.ഡബ്ലുവിനുണ്ട്. ജി 310 ആർ എന്ന ആ ബൈക്കിന്റെ വില 2.65 ലക്ഷമാണ്.


ടി.വി.എസ് അപ്പാഷെ ആർ ആർ 310 എൻട്രി ലെവൽ സ്‌പോർട്സ് ബൈക്കിനെ അടിസ്ഥാനമാക്കിയാണ് ബിഎംഡബ്ല്യു ജി 310 ആർ.ആർ നിർമിച്ചിരിക്കുന്നത്. പുതിയ നിറങ്ങളും ​ഗ്രാഫിക്സും വേറിട്ടുനിൽക്കുന്ന 'ബിഎംഡബ്ല്യു' ലോഗോയും ബൈക്കിന് മാറ്റുകൂട്ടും. മുൻവശത്ത് ഡ്യുവൽ-ബീം എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, സ്പ്ലിറ്റ് സീറ്റുകൾ, താഴ്ന്ന ഹാൻഡിൽബാറുകൾ, എൽഇഡി ടെയിൽ ലൈറ്റുകളുള്ള പോയിന്റി ടെയിൽ എൻഡ് ഡിസൈൻ എന്നിവയാണ് പ്രത്യേകതകൾ. ഫെയറിംഗിൽ നിന്ന് പുറത്തേക്ക് നോക്കുന്ന ചുവന്ന ഫ്രെയിമിനൊപ്പം ബിഎംഡബ്ല്യു പതിപ്പിലും അതേ അലോയ് വീൽ ഡിസൈൻ ഉണ്ട്.


313cc സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് ബൈക്കിന് കരുത്തുപകരുന്നത്. എഞ്ചിന്‍ 33.5bhp കരുത്തും 28 എന്‍ എം ടോര്‍ക്കും സൃഷ്‍ടിക്കും. സ്ലിപ്പർ ക്ലച്ച് ഉള്ള ആറ് സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു. ജി 310 ആർ, ജി 310 ജി.എസ് മോട്ടോർസൈക്കിളുകളിലും ഇതേ എഞ്ചിനാണുള്ളത്. ഇന്ത്യയിലെ അരങ്ങേറ്റത്തിന് ശേഷം, ജി 310 ആർ.ആർ സ്‌പോർട്സ് ബൈക്ക് വിദേശത്തേക്ക് കയറ്റുമതി ചെയ്യും. കെടിഎം 390 ഡ്യൂക്, കാവസാക്കി നിഞ്ച 300 , ടിവിഎസ് അപ്പാഷെ RR 310 തുടങ്ങിയ സ്‌പോർട്‌സ് ബൈക്കുകളുടെ നേരിട്ടുള്ള എതിരാളിയായാണ് ജി 310 ആർ.ആർ.


Tags:    
News Summary - TVS Apache RR 310-based BMW G 310 RR launched in India at ₹2.85 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.