അമേരിക്കൻ ൈവദ്യുത വാഹന നിർമാതാക്കളായ ടെസ്‌ലയുടെ ഡ്രൈവറില്ലാ കാർ അപകടത്തിൽപെട്ട് രണ്ട് മരണം. 2019 ടെസ്‌ല മോഡൽ എസ് ആണ് ഹൂസ്റ്റണിൽ നിയന്ത്രണംവിട്ട് മറിഞ്ഞത്. റോഡിൽ നിന്ന് തെന്നിമാറിയ വാഹനം മരത്തിലിച്ച് കത്തുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. വാഹനത്തിന്‍റെ ഡ്രൈവിങ് സീറ്റിൽ ആരും ഉണ്ടായിരുന്നില്ലെന്ന് അപകടസ്ഥലത്തുനിന്നുള്ള ദൃക്സാക്ഷികൾ പറഞ്ഞതായി പ്രാദേശിക ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു.
തീ കെടുത്തിയ ശേഷം പൊലീസ് അധികൃതർ വാഹനത്തിനുള്ളിൽ രണ്ടുപോരെ കണ്ടെത്തുകയായിരുന്നു. ഒരാൾ മുൻ പാസഞ്ചർ സീറ്റിലും മറ്റൊരാൾ പിൻ സീറ്റിലുമായി ഇരിക്കുന്ന നിലയിലായിരുന്നെന്ന് ഹാരിസ് കൗണ്ടി കോൺസ്റ്റബിൾ മാർക്ക് ഹെർമൻ പറയുന്നു. ടെസ്‌ലയും അമേരിക്കൻ ദേശീയപാതാ ഗതാഗത സുരക്ഷാ അഡ്‌മിനിസ്‌ട്രേഷനും സംഭവത്തോട് പ്രതികരിച്ചിട്ടില്ല. അടുത്തിടെയുണ്ടായ ചില അപകടങ്ങളെത്തുടർന്ന് ടെസ്‌ലയുടെ സെമി ഓട്ടോമേറ്റഡ് ഡ്രൈവിങ് സിസ്റ്റത്തെക്കുറിച്ച് കൂടുതൽ പരിശോധനകൾ നടക്കുന്നതിനിടയിലാണ് പുതിയ സംഭവം.
നിലവിൽ ടെസ്‌ല, കൂടുതൽ ഉപഭോക്താക്കൾക്ക് അപ്‌ഡേറ്റുചെയ്‌ത 'ഫുൾ സെൽഫ് ഡ്രൈവിങ്' സോഫ്റ്റ്വെയർ നൽകാനുള്ള ഒരുക്കത്തിലാണ്. ടെസ്‌ല വാഹനങ്ങൾ അപകടത്തിൽ തകർന്ന 27 സംഭവങ്ങളിൽ അന്വേഷണം ആരംഭിച്ചതായി യുഎസ് ഓട്ടോ സുരക്ഷാ ഏജൻസി പറയുന്നു. കുറഞ്ഞത് മൂന്ന് കൂട്ടിയിടികളും ടെസ്ലക്ക് അടുത്തിടെ സംഭവിച്ചിരുന്നു. സമ്പൂർണ്ണ ഓട്ടോ ഡ്രൈവിംഗ് സോഫ്റ്റ്വെയറിൽ നിന്ന് വലിയ ലാഭം പ്രതീക്ഷിക്കുന്നതായി ടെസ്‌ല സിഇഒ എലോൺ മസ്‌ക് ജനുവരിയിൽ പറഞ്ഞിരുന്നു.
2019ൽ മനുഷ്യനേക്കാൾ കൂടുതൽ വിശ്വാസ്യതയോടെ കാറിന് സ്വയം ഓടിക്കാൻ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. വാണിജ്യ വിജയം നേടുന്നതിന് സ്വയം ഡ്രൈവിങ് സാങ്കേതികവിദ്യ കുടുതൽ സുരക്ഷിതമാകേണ്ടതുണ്ടെന്ന് വാഹനരംഗത്തെ വിദഗ്ധർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.