പരീക്ഷണ പറക്കലുകള്‍ വിജയം; യു.എ.ഇയുടെ ആകാശം കീഴടക്കാന്‍ പറക്കും ടാക്‌സികള്‍ ഉടൻ

യു.എ.ഇയുടെ ആകാശത്ത് വട്ടമിട്ടുപറക്കാന്‍ ടാക്സി വിമാനങ്ങള്‍ തയ്യാറെടുക്കുന്നു. യാത്രാസേവനങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി വിമാനങ്ങള്‍ പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. 400ലേറെ തവണയാണ് ദുബൈയുടെ ആകാശത്ത് പരീക്ഷണ പറക്കല്‍ നടത്തിയത്. പൈലറ്റ് ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് സഞ്ചരിക്കാവുന്ന ചെറുവിമാനങ്ങളാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. ഇത് ദുബൈ - അബൂദബി യാത്രാസമയം 90 മിനിറ്റില്‍നിന്ന് 10 മുതല്‍ 20 മിനിറ്റായി കുറക്കും.

800 ദിര്‍ഹം മുതല്‍ 1500 ദിര്‍ഹം വരെയാണ് യാത്രാനിരക്ക് കണക്കാക്കുന്നത്. ഒരു എമിറേറ്റിനുള്ളിലെ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ 300 മുതല്‍ 350 ദിര്‍ഹം വരെയാകും ടിക്കറ്റ് നിരക്ക്. അടുത്ത വര്‍ഷം പറക്കും ടാക്‌സികള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ച്ചര്‍ ഏവിയേഷന്‍ വ്യക്തമാക്കി. എയര്‍ ടാക്‌സിയുടെ ഭാരം, പ്രകടന നിലവാരം തുടങ്ങിയവ വിലയിരുത്താനും ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്താനുമാണ് പരീക്ഷണ പറത്തലുകൾ നടത്തിയതെന്ന് ആര്‍ച്ചര്‍ സി.ഇ.ഒയും സ്ഥാപകനുമായ ആദം ഗോള്‍ഡ്‌സ്റ്റെയിന്‍ അറിയിച്ചു.

പറക്കും ടാക്‌സികള്‍ക്കായി രാജ്യത്ത് വെര്‍ട്ടിപോര്‍ട്ടുകള്‍ നിര്‍മിക്കാനും വിവിധ സ്ഥാപനങ്ങളുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്. കഴിഞ്ഞ മാസം പകുതിയോടെ മൂല്യനിര്‍ണയത്തിനായി ആദ്യ പറക്കും ടാക്‌സി ആര്‍ച്ചര്‍ യു.എസ് എയര്‍ ഫോഴ്സിന് കൈമാറിയിരുന്നു. പറക്കും ടാക്‌സികളുടെ പൈലറ്റുമാരുടെ നിയമനവും പരിശീലനവും ഉടന്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതിനായി അബുദാബിയിലെ ഇത്തിഹാദ് ഏവിയേഷന്‍ ട്രെയിനിങ്ങുമായി പങ്കാളിത്ത കരാറില്‍ ഒപ്പിട്ടു. എയര്‍പോര്‍ട്ട്, പൈലറ്റ്, കാബിന്‍ ക്രൂ എന്നിവര്‍ക്കായുള്ള പരിശീലന കോഴ്സുകളാണ് ഇ.എ.ടി. വാഗ്ദാനം ചെയ്യുന്നത്.

പറക്കും ടാക്‌സികളുടെ പൈലറ്റുമാരാകാന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും അവസരം ലഭിക്കും. സമയം ലാഭിക്കുന്നതിനോടൊപ്പം കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുന്നതുള്‍പ്പടെ ഗതാഗത രംഗത്ത് വലിയ നേട്ടങ്ങളുണ്ടാക്കാന്‍ പറക്കും ടാക്‌സികള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Tags:    
News Summary - UAE Air Taxi Test Flights Completed Successfully; To begin public services from next year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.