സമീപ ഭാവിയിൽ കാർ വില ഗണ്യമായി കുറയുമെന്ന് നിതിൻ ഗഡ്കരി; കാരണം ഇതാണ്

വരും വർഷങ്ങളിൽ രാജ്യത്ത് വാഹന വിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് ​കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഇതിന്റെ കാരണവും മ​ന്ത്രി വിശദീകരിച്ചിട്ടുണ്ട്. മെറ്റീരിയൽ റീസൈക്ലിങ് സംബന്ധിച്ച അന്താരാഷ്ട്ര സെമിനാറിൽ സംസാരിക്കവേയാണ് മന്ത്രി രാജ്യത്ത് വാഹന വില കുറയുമെന്ന് പ്രവചിച്ചത്.

അടുത്തിടെ കേന്ദ്രം വാഹനങ്ങളുടെ പൊളിക്കൽ നയം പ്രഖ്യാപിച്ചിരുന്നു. വരും നാളിൽ ലക്ഷക്കണക്കിന് വാഹനങ്ങളാണ് റിസൈക്കിൾ ചെയ്യുക. ഇങ്ങിനെ ലഭിക്കുന്ന ലോഹങ്ങളുടെ പുനരുപയോഗം (റീസൈക്ലിംഗ്) ഇന്ത്യയില്‍ വാഹന ഘടകങ്ങളുടെ വില ഗണ്യമായി കുറയ്ക്കുമെന്നാണ് മന്ത്രി പറയുന്നത്. വാഹന ഘടകങ്ങളുടെ വിലയില്‍ 30 ശതമാനത്തിലധികം കുറവുണ്ടാകുമെന്നും രാജ്യത്തെ വാഹന ഉല്‍പ്പാദനച്ചെലവ് കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും ഗഡ്കരി പറയുന്നു. അതിനാല്‍ തന്നെ വാഹന നിര്‍മ്മാതാക്കള്‍ക്ക് കുറഞ്ഞ വിലയില്‍ വാഹനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും സാധിക്കും.

‘ഫിനിഷ്ഡ് പ്രൊഡക്ടിന്റെ വില കുറയ്ക്കുന്നതിന് റീസൈക്ലിങ് നമ്മള്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഞങ്ങള്‍ കൂടുതല്‍ കയറ്റുമതി ചെയ്യും. അതുകൊണ്ടാണ് സര്‍ക്കാര്‍ വാഹന സ്‌ക്രാപ്പിങ് നയം പ്രചരിപ്പിക്കുന്നത്. വാഹനം പൊളിക്കുന്നത് കൂടിയാല്‍ അത് വാഹന ഘടകങ്ങളുടെ വില കുറയ്ക്കും. അത് 30 ശതമാനം വരും’-ഗഡ്കരി പറഞ്ഞു. ചെമ്പ്, അലുമിനിയം, സ്റ്റീല്‍ തുടങ്ങിയ പ്രധാന ലോഹങ്ങള്‍ ഉള്‍പ്പെടെ വാഹന വ്യവസായത്തിന് വളരെ അത്യാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം രാജ്യം നേരിടുന്നതായും മന്ത്രി പറഞ്ഞു.

ഇന്ത്യന്‍ വാഹന വിപണിയുടെ മൂല്യം 15 ലക്ഷം കോടി രൂപയായി ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. 2022-ല്‍ വാഹന വില്‍പ്പനയുടെ കാര്യത്തില്‍ ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായി മാറിയിരുന്നു. വില്‍പ്പനക്ക് പുറമെ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായം ഉല്‍പ്പാദന ശേഷിയുടെ കാര്യത്തിലും വളര്‍ച്ച കൈവരിക്കാനുള്ള ഒരുക്കത്തിലാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഹന സ്‌ക്രാപ്പേജ് നയം അതിന് സഹായമേകുമെന്നാണ് കരുതുന്നത്.

സ്‌ക്രാപ്പേജ് നയം രാജ്യത്തെ ലോഹങ്ങളുടെ റീസൈക്ലിംഗ് വര്‍ധിപ്പിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊളിക്കുന്ന പഴയ വാഹനങ്ങളില്‍ നിന്നുള്ള ലോഹങ്ങള്‍ പുതിയ വാഹനങ്ങളില്‍ പുനരുപയോഗിക്കും. ലോഹത്തിന്റെ ലഭ്യത കൂടുന്നത് വാഹന ഉത്പാദനം വര്‍ധിപ്പിക്കുക മാത്രമല്ല ഉത്പാദനച്ചെലവ് കുറക്കാനും നിര്‍മാതാക്കളെ സഹായിക്കും.

വ്യവസായത്തിന്റെ വളര്‍ച്ചക്കായി വിദേശ കമ്പനികളുമായി കൈകോര്‍ക്കാനും മെറ്റല്‍ റീസൈക്ലിംഗ് വ്യവസായത്തോട് മന്ത്രി ആവശ്യപ്പെട്ടു. വലിയ വാഹന സ്‌ക്രാപ്പിംഗ് യൂനിറ്റുകള്‍ സ്ഥാപിക്കാന്‍ ഇന്ത്യയിലെ വാഹന നിര്‍മ്മാതാക്കളോട് മന്ത്രി അഭ്യർഥിച്ചു. മഹാരാഷ്ട്രയിലെ വാര്‍ധ, സാംഗ്ലി, കോലാപൂര്‍ എന്നിവിടങ്ങളിലെ മിച്ചഭൂമികളില്‍ ഇവ സ്ഥാപിച്ചാല്‍ ഇളവുകള്‍ നല്‍കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. കൂടുതല്‍ പഴയ ടയറുകള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ഓട്ടോ പാര്‍ട്സുകള്‍, ഓട്ടോമൊബൈല്‍ യൂനിറ്റുകള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നത് ഒരു വശത്ത് കൂടുതല്‍ മൂല്യം കൂട്ടുമെന്നും മറുവശത്ത് ഓട്ടോമൊബൈല്‍ ഘടകങ്ങളുടെ വില 30 ശതമാനം കുറക്കുമെന്നും ഗഡ്കരി പറഞ്ഞു.

റീസൈക്ലിംഗ് വര്‍ധിപ്പിക്കുന്നതിന് ഇന്ത്യയിലുടനീളം എല്ലാ ജില്ലകളിലും സര്‍ക്കാര്‍ സ്‌ക്രാപ്പിങ് യൂനിറ്റുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. 15 വര്‍ഷത്തിലേറെ പഴക്കമുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ 2023 ഏപ്രില്‍ 1 മുതല്‍ പൊളിക്കുമെന്ന് ഗതാഗത മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ബസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളും പൊളിക്കാന്‍ പോകുന്ന വണ്ടികളുടെ ലിസ്റ്റില്‍ ഉണ്ട്. ഇവയുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയാകും പൊളിച്ച് തുടങ്ങുക.

Tags:    
News Summary - Union minister Nitin Gadkari suggests way to reduce car price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.