അഡ്വഞ്ചർ മോട്ടോർസൈക്കിളായ എക്സ് പൾസിൽ കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തി ഹീറോ. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എന്‍ട്രി ലെവല്‍ ഓഫ്-റോഡ് ബൈക്കുകളിലൊന്നാണ് എക്സ് പൾസ്. കാലത്തിനൊത്ത മാറ്റങ്ങൾ അടിക്കടി കൊണ്ടുവരാൻ ഹീറോ കാണിക്കുന്ന താത്പര്യം ഇന്നും എക്‌സ്‌പൾസിനെ ജനപ്രിയമാക്കി നിലനിർത്തുന്നുണ്ട്. നേരത്തേയുണ്ടായിരുന്ന ചില പരാതികൾ പരിഹരിക്കാൻ വേണ്ടിയാണ് എക്സ് പൾസിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.
സ്റ്റാൻഡേർഡ്, പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് 2023 എക്‌സ്‌പൾസ് 200 4V പുറത്തിറങ്ങുന്നത്. ഇവയ്ക്ക് യഥാക്രമം 1.43 ലക്ഷം രൂപയും 1.51 ലക്ഷം രൂപയുമാണ് ഇന്ത്യയിൽ എക്സ്ഷോറൂം വില വരുന്നത്. നേരത്തെയുണ്ടായിരുന്ന റാലി എഡിഷനെയാണ് കമ്പനിയിപ്പോൾ പ്രോ വേരിയന്റായി അവതരിപ്പിച്ചിരിക്കുന്നത്. പുത്തൻ പരിഷ്ക്കാരങ്ങളുടെ ഭാഗമായി ബൈക്കിന്റെ വിലയിൽ 5,000 രൂപയുടെ വർധനവും ഹീറോ നടപ്പാക്കിയിട്ടുണ്ട്.
മാറ്റങ്ങൾ
എക്സ് പൾസ് മോട്ടോർസൈക്കിളിന്റെ ഏറ്റവും വലിയ പോരായ്‌മകളിൽ ഒന്നായിരുന്നു ഹെഡ്‌ലൈറ്റ്. കടുത്ത കണ്ടീഷനുകൾക്ക് അനുയോജ്യമായ പ്രകാശമുള്ള ഹെഡ്‌ലൈറ്റ് ആയിരുന്നില്ല ബൈക്കിൽ. ഇത് പരിഹരിക്കാനായി 'എച്ച്' എൽഇഡി ഹെഡ്‌ലൈറ്റ് യൂനിറ്റ് ബൈക്കിലേക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്. ലോ ബീമിനായി രണ്ട് പ്രൊജക്ടറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ഹെഡ്‌ലൈറ്റിന്റെ വരവ് റൈഡർമാർക്ക് രാത്രികാലങ്ങളിൽ മികച്ച രീതിയിലുള്ള കാഴ്ച്ച ഒരുക്കും.
മെറ്റാരു മാറ്റം വിൻഡ്സ്ക്രീനിലാണ്. 60 എം.എം ഹൈറ്റുള്ള വിൻഡ്‌സ്‌ക്രീൻ 2023 എക്‌സ്‌പൾസിലേക്ക് ഹീറോ കൊണ്ടുവന്നിട്ടുണ്ട്. കൂടുതൽ ഫലപ്രദമായി കാറ്റിനെ പ്രതിരോധിക്കാൻ ഇവയ്ക്കാകും. മുമ്പത്തെ മോഡലുകളേക്കാൾ പ്രീമിയം ഫീൽ തോന്നിക്കുന്ന പുതിയ സ്വിച്ച് ഗിയറും വലിയ ഹാൻഡ് ഗാർഡുകളും ബൈക്കിന് സമ്മാനിക്കാനും രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ് തയാറായി.
ഇതോടൊപ്പം റോഡ്, ഓഫ് റോഡ്, റാലി എന്നിങ്ങനെ മൂന്ന് എബിഎസ് മോഡുകളും എക്‌സ്‌പൾസിലേക്ക് എത്തിയിട്ടുണ്ട്. ഇത് ഓഫ്-റോഡിങ് സമയത്തെല്ലാം റൈഡറെ സഹായിക്കും. ലൈവ് മൈലേജ് റീഡിങാണ് പുതുതായി ബൈക്കിലേക്ക് കൊണ്ടുവന്നിരിക്കുന്ന മറ്റൊരു ഫീച്ചർ. പക്ഷേ ഇപ്പോഴും ഡ്യുവൽ-ചാനൽ എബിഎസും എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളും നൽകാൻ കമ്പനി തയ്യാറായിട്ടില്ല.
മേൽപറഞ്ഞ മാറ്റങ്ങൾ ഒഴികെ മോട്ടോർസൈക്കിളിൽ മറ്റ് മെക്കാനിക്കൽ പരിഷ്ക്കാരങ്ങളോ കൂട്ടിച്ചേർക്കലുകളോ ഇല്ല. 199.6 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് 2023 എക്‌സ്‌പൾസ് 200 4V പതിപ്പിന് തുടിപ്പേകുന്നത്. അഞ്ചു സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 19.1 bhp കരുത്തിൽ പരമാവധി 17.35 Nm ടോർക് ഉത്പാദിപ്പിക്കാൻ കഴിയും. 4-വാൽവ് ഹെഡും ഓയിൽ കൂളിംഗും ബൈക്കിന്റെ ശ്രദ്ധേയമായ സവിശേഷതകളാണ്. എക്‌സ്‌പൾസിന്റെ ഭാരം വെറും 158 കിലോഗ്രാം മാത്രമായതിനാൽ ഓഫ്-റോഡിംഗിൽ അനായാസം കൈകാര്യം ചെയ്യാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.