ഉടൻ പൊളിക്കേണ്ട ഈ 85 ലക്ഷത്തിൽ നിങ്ങളുടെ വണ്ടിയുണ്ടോ? കണ്ടംചെയ്യൽ നയം വേഗത്തിൽ നടപ്പാക്കാനുള്ള നീക്കവുമായി കേന്ദ്രം

ന്യൂഡൽഹി: നിങ്ങളുടെ വണ്ടിക്ക്​ പ്രായം 20 കഴിഞ്ഞോ? എങ്കിൽ അറിഞ്ഞിരിക്കുക, ഉടൻ പൊളിച്ച്​ നീക്കേണ്ട 85 ലക്ഷം വാഹനങ്ങളിൽ നിങ്ങളുടെ വണ്ടിയുമുണ്ട്​. പഴയ വാഹനങ്ങളെ സ്​നേഹിച്ച്​ കഴിയുന്നവർക്കും പുതിയ വണ്ടി വാങ്ങാൻ സാമ്പത്തികമില്ലാത്തവർക്കും ഏറെ പ്രയാസം സൃഷ്​ടിക്കുന്ന കണ്ടംചെയ്യൽ നയം വേഗത്തിൽ നടപ്പാക്കാനുള്ള നീക്കത്തിലാണ്​ കേന്ദ്ര സർക്കാർ. ഇതിന്‍റെ ഭാഗമായാണ്​ ഇന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി പഴയ വാഹനങ്ങൾ പൊളിക്കുന്നതിനുള്ള​ പുതിയ നയം പ്രഖ്യാപിച്ചത്​.

വാണിജ്യവാഹനങ്ങളുടെ ആയുസ്സ്​​ 15 വർഷം, സ്വകാര്യ വാഹനങ്ങൾ 20 വർഷം

ഗുജറാത്തിൽ നടന്ന നിക്ഷേപകസംഗമത്തിലാണ്​ വാഹനം പൊളിക്കുന്നതിന്​ പുതിയ നയം പ്രധാനമന്ത്രി പ്രഖ്യാപിച്ചത്​. മാലിന്യത്തിൽ നിന്ന്​ സമ്പത്ത്​ എന്നതാണ്​ പുതിയ നയമെന്ന്​ പ്രധാനമന്ത്രി പറഞ്ഞു. വികസന യാത്രയിലെ നിർണായക തീരുമാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നയപ്രകാരം സ്വകാര്യ വാഹനങ്ങളുടെ പരാമാവധി കാലാവധി 20 വർഷമാണ്​. വാണിജ്യവാഹനങ്ങൾക്ക്​ 15 വർഷവും. ശേഷം ഇവ പൊളിച്ചു​നീക്കേണ്ടി വരും.

അടുത്തവർഷം മുതൽ ഈ നയം പ്രാബല്യത്തിൽ വരും. ആദ്യം കേന്ദ്ര-സംസ്ഥാന സർക്കാർ ഉടമസ്​ഥതയിലുള്ള വാഹനങ്ങൾക്കാണ്​​ പുതിയ നയം നടപ്പിലാക്കുക. 2023 മുതൽ ഹെവി വാഹനങ്ങൾക്ക്​ നയം ബാധകമാക്കും. 2024 ജൂൺ മുതലാവും സ്വകാര്യ വാഹനങ്ങൾക്ക്​ നയം ബാധകമാവുക.

70 പൊളി കേന്ദ്രങ്ങൾ തുടങ്ങും

നയം നടപ്പാക്കാൻ രാജ്യമൊട്ടാകെ 70 വാഹനം പൊളിക്കൽ കേന്ദ്രങ്ങൾ തുടങ്ങുമെന്ന്​ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വികസന യാത്രയിലെ ഒരു നാഴികല്ലാണ്​ വാഹനം പൊളിക്കൽ നയമെന്നാണ്​ അദ്ദേഹം പറയുന്നത്​. 'യുവാക്കളും സ്റ്റാർട്ട്​ അപ്​ സംരംഭങ്ങളുടെ ഇതിന്‍റെ ഭാഗമാവണം. ഇതിലൂടെ മലിനീകരണം സൃഷ്​ടിക്കുന്ന വാഹനങ്ങൾ നിരത്തിൽ നിന്നും ഒഴിവാക്കാൻ സാധിക്കും. പുതിയ നയം 10,000 കോടിയുടെ നിക്ഷേപവും 35,000 തൊഴിലവസരങ്ങളും രാജ്യത്ത്​ സൃഷ്​ടിക്കും' -അദ്ദേഹം വ്യക്​തമാക്കി.

85 ലക്ഷം വാഹനം പൊളിക്കേണ്ടി വരും

ഇന്ത്യയിൽ 85ലക്ഷം വാഹനങ്ങൾ പൊളി​േകണ്ടി വരുമെന്നാണ്​ ഈ വർഷം മാർച്ചിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പാർലമെന്‍റിൽ അറിയിച്ചത്​. 51 ലക്ഷം വാഹനങ്ങൾ 20 വർഷത്തിൽ കൂടുതൽ പഴക്കമുള്ളവയാണെന്നും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 34 ലക്ഷം വാഹനങ്ങളുണ്ടെന്നും ഗഡ്​കരി പറഞ്ഞു. 15 വർഷത്തിനുമുകളിൽ പ്രായമുള്ള 17 ലക്ഷം വാഹനങ്ങൾക്ക്​ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്​. പുതിയ വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പഴയ വാഹനങ്ങൾ 10-12 മടങ്ങ് കൂടുതൽ വായു മലിനമാക്കുന്നുവെന്നും റോഡ് സുരക്ഷയ്ക്കും ഈ വാഹനങ്ങൾ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ വാഹനങ്ങൾക്ക്​ ആവശ്യക്കാർ കൂടും, കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും നികുതിവരുമാനം വർധിക്കും

വാഹനമേഖലയിലെ വളർച്ചയ്ക്കും പുതിയ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സ്​ക്രാപ്പേജ്​ പോളിസി (കണ്ടംചെയ്യൽ നയം) സഹായിക്കുമെന്നാണ്​ ഗഡ്​കരിയുടെ വാദം. പഴയ വാഹനങ്ങൾ ഒഴിവാക്കാനും പുതിയവ വാങ്ങാൻ സാമ്പത്തികമായി ആളുകളെ സഹായിക്കാനും പദ്ധതി ഉപകരിക്കും. സ്ക്രാപ്പ് സെന്‍ററുകൾ, വാഹന വ്യവസായം, ഘടക വ്യവസായങ്ങൾ എന്നിവക്കെല്ലാം ഈ നയത്തിന്‍റെ ഗുണം ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.


''പഴയ വാഹനങ്ങൾ ഉപേക്ഷിക്കുന്നത് പുതിയ വാഹനങ്ങൾക്കുള്ള ആവശ്യം ഉയർത്തും. ഇത് വാഹനമേഖലയിൽ ഉണർവ്വ്​ ഉണ്ടാക്കും. കൂടുതൽ ജി.എസ്.ടി നേടാൻ കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും സഹായിക്കാൻ ഈ നീക്കം ഉപകരിക്കും. പുതിയ പോളിസിപ്രകാരം വാഹനം ഉപേക്ഷിക്കുന്നവർ പുതിയവ വാങ്ങു​േമ്പാൾ അഞ്ച് ശതമാനം കിഴിവ് നൽകാൻ എല്ലാ വാഹന നിർമാതാക്കൾക്കും നിർദേശം നൽകും. സ്​പെയർപാർട്​സുകളുടെ വില കുറയും'' -ഗഡ്​കരി അന്ന്​ പറഞ്ഞു.

പഴയ വാഹനങ്ങൾക്ക്​ ഫിറ്റ്​നസ്​ ടെസ്റ്റ്​

എല്ലാ സ്വകാര്യ വാഹനങ്ങളെയും 20 വർഷത്തിനുശേഷം ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കും. വാണിജ്യ വാഹനങ്ങൾക്ക് 15 വർഷം പൂർത്തിയാകുമ്പോൾ പരിശോധന ആവശ്യമാണ്. ഇതിനായി ഓട്ടോമേറ്റഡ് ഫിറ്റ്നസ് ടെസ്റ്റുകൾ ആരംഭിക്കും. ഓട്ടോമേറ്റഡ് ടെസ്റ്റുകളിൽ പരാജയപ്പെടുന്ന വാഹനങ്ങൾക്ക് വൻതുക പിഴ ഈടാക്കുകയും ചെയ്യും.

ഇന്ത്യയുടെ കണ്ടംചെയ്യൽ നയം

നിതിൻ ഗഡ്​കരി റോഡ്​ഗതാഗത ഹൈവേ മന്ത്രാലയത്തിൽ ചുമതലക്കാരനായി എത്തിയതിനുശേഷമാണ്​ രാജ്യ​ത്തിന്‍റെ സ്​ക്രാപ്പേജ്​ പോളിസിയെപറ്റി കാര്യമായ ചിന്തകൾ ഉണ്ടായത്​. ഗഡ്​കരിയുടെ ഇഷ്​ട പദ്ധതികളിൽ ഒന്നായിരുന്നു ഇത്​. യഥാർഥത്തിൽ ഇതിനകംതന്നെ മന്ത്രാലയം ഒരു സ്​ക്രാപ്പേജ്​ പോളിസി നടപ്പാക്കിയിട്ടുണ്ട്​. അതുപക്ഷെ സർക്കാർ വാഹനങ്ങൾക്കു മാ​ത്രമാണ്​. 15 വർഷത്തിനുമുകളിൽ പഴക്കമുള്ളതും വിവിധ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ളതുമായ കാറുകൾ ഡി-രജിസ്റ്റർ ചെയ്യുകയും നശിപ്പിക്കുകയും ചെയ്യും.

വാഹനവ്യവസായികൾക്ക്​ കൊയ്​ത്ത്

പഴയ വാഹനങ്ങൾ നീക്കംചെയ്യപ്പെടുന്നതോടെ തങ്ങളുടെ കച്ചവടം മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ്​ വാഹന കമ്പനികൾക്കുള്ളത്​. പഴയവാഹനങ്ങൾ കണ്ടം ചെയ്യുന്നതോടെ പുതിയ വാഹനങ്ങൾക്ക്​ ആവശ്യകത വർധിക്കുകയും 43,000 കോടി രൂപയുടെ ബിസിനസ് അവസരം ലഭിക്കുകയും ചെയ്യുമെന്നാണ്​ നിഗമനം. അതുകൊണ്ടുതന്നെ നയം നടപ്പാക്കുന്നതിന്​ നിരന്തരമായ ലോബിയിങ്​ ഇക്കാര്യത്തിൽ നടന്നിട്ടുണ്ട്​. വാണിജ്യ വാഹന വിപണിയിൽ വലിയ മാറ്റങ്ങൾക്ക് നയം കാരണമാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്​. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര തുടങ്ങിയ വമ്പന്മരിൽ പലരും ഇതിനകം ഇന്ത്യൻ വിപണിയിൽ സ്‌ക്രാപ്പേജ് അവസരങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

സാധാരണക്കാ​െ​ര എങ്ങിനെ ബാധിക്കും?

ലോകത്ത്​ സ്​ക്രാപ്പേജ്​ പോളിസി നടപ്പാക്കിയ രാജ്യങ്ങളിൽ അധികവും ലക്ഷ്യമിട്ടത്​ വാഹനവ്യവസായത്തിന്‍റെ ഉയർച്ച ആയിരുന്നില്ല എന്നതാണ്​ വാസ്​തവം. അവരെ സംബന്ധിച്ച്​ ഉയർന്നുവരുന്ന മലിനീകരണമായിരുന്നു വലിയ പ്രശ്​നം. പഴയ വാഹനങ്ങൾ എങ്ങിനെയെങ്കിലും നിരത്തുകളിൽ നിന്ന്​ പുറത്താക്കുക എന്നതാണ്​ ഈ രാജ്യങ്ങൾ ലക്ഷ്യമിട്ടിരുന്നത്​. ചൈന പോലുള്ള ചില രാജ്യങ്ങൾ ഒഴിച്ചാൽ സ്​ക്രാപ്പേജ്​ പോളിസി നടപ്പാക്കിയതിൽ അധികവും വികസിത രാജ്യങ്ങളാണെന്നതും ശ്രദ്ധിക്കേണ്ടതാണ്​. തങ്ങളുടെ ഒരു മാസത്തെ ​േവതനം മതി അവർക്ക്​ ഒരു വാഹനം സ്വന്തമാക്കാൻ. പൗരന്മാരിൽ കുന്നുകൂടുന്ന പണം വിപണിയിലെത്തിക്കാനുള്ള തന്ത്രവുംകൂടിയായിരുന്നു അവർക്കെല്ലാം കണ്ടംചെയ്യൽ നയം.

എന്നാൽ, ഇന്ത്യക്കാരെ സംബന്ധിച്ച്​ കാര്യങ്ങൾ അങ്ങനെയല്ല. ഇന്ത്യക്കാരുടെ ജീവിതാഭിലാഷങ്ങളിൽ ഒന്നാണ്​ വാഹനം സ്വന്തമാക്കുക എന്നത്​. അതിനായി വർഷങ്ങൾ കാത്തിരിക്കുകയും ലോണുകൾ എടുക്കുകയും ചെയ്​തിട്ടാണ്​ ആ സ്വപ്​നം സാക്ഷാത്​കരിക്കുന്നത്​. ഈ സാഹചര്യത്തിലേക്ക്​ പുതിയൊരു 'പൊളിക്കൽ' നയം എത്തുന്നത്​ എത്രമാത്രം ഗുണംചെയ്യുമെന്ന്​ കണ്ടറിയണം. സെക്കൻഡ്​ ഹാൻഡ്​ വിപണിയുടെ തകർച്ച ഇതിനകംതന്നെ വിദഗ്​ധർ പ്രവചിച്ചുകഴിഞ്ഞിട്ടുണ്ട്​. പുതിയ വാഹനം വാങ്ങാൻ കഴിയാത്ത മനുഷ്യരുടെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തുന്നതാവും കണ്ടംചെയ്യൽ നയം. വൻതോതിൽ വാഹനങ്ങൾ നിർമിച്ചതുകൊണ്ടുമാത്രം പ്രശ്​നങ്ങൾ പരിഹരിക്കപ്പെടുകയില്ല. നിർമിക്കുന്ന വാഹനം വാങ്ങാൻ പൗരന്മാരുടെ കൈയ്യിൽ പണം വേണമെന്നതും പ്രധാനമാണ്​.


വിനാശകരമാകുമോ പുതിയ സ്​ക്രാപ്പേജ്​ പോളിസി എന്നത്​ കാത്തിരുന്ന്​ കാണേണ്ടതാണ്​. രാജ്യത്തെ എല്ലാ പ്രശ്​നങ്ങളും പരിഹരിക്കേണ്ടത്​ പൗരന്‍റെ ചുമതലയാണ്​ എന്ന നയമാണ്​ സർക്കാർ നടപ്പാക്കുന്നതെന്ന്​ വിമർശകർ പറയുന്നു. വരുമാനം കുറഞ്ഞാൽ നികുതി കൂട്ടാമെന്നും അങ്ങിനെ പ്രശ്​നം പരിഹരിക്കാമെന്നതുമാണ്​ ലളിതയുക്​തി. നോട്ടുനിരോധനം പോലെ വാഹന നിരോധനവും എന്നതാണ്​ നയത്തിന്‍റെ ആകെ തുകയെന്നും ആരോപണമുണ്ട്​. നികുതിക്കുമേൽ നികുതികളുമായി ഭാരം ചുമക്കുന്ന മനുഷ്യരായി പൗരന്മാർ മാറുകയാണെന്ന്​ ഇക്കൂട്ടർ ആരോപിക്കുന്നു.

പഴയ വാഹനങ്ങൾക്ക്​ പാരയായി ഹരിതനികുതിയും

ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്​ രാജ്യത്ത്​ ഗ്രീൻ ടാക്​സ്​ ഏർപ്പെടുത്താനുള്ള നീക്കം. പഴയ വാഹനങ്ങൾക്കാവും അധികമായി ഹരിത നികുതി​ നൽകേണ്ടിവരിക. പുതിയ നിർദ്ദേശത്തിന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാതാ വകുപ്പ്​ മന്ത്രി നിതിൻ ഗഡ്കരി അംഗീകാരം നൽകിയിട്ടുണ്ട്​. പഴയ വാഹനങ്ങൾ ഉപയോഗിക്കാതിരിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയാണ്​ നികുതി ഏർപ്പെടുത്തുന്നതിന്‍റെ ലക്ഷ്യമെന്ന്​ കേന്ദ്രം പറയുന്നു. ഫിറ്റ്നസ് പുതുക്കുന്ന സമയത്ത് എട്ട് വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് ഹരിതനികുതി ഈടാക്കാമെന്നാണ്​ പുതിയ നിർദ്ദേശം പറയുന്നത്​. റോഡ് നികുതിയുടെ 10 ശതമാനത്തിനും 25 ശതമാനത്തിനും ഇടയിലായിരിക്കും തുക.

വ്യക്തിഗത വാഹനങ്ങളുടെ കാര്യത്തിൽ 15 വർഷത്തിന് ശേഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കുമ്പോൾ ഹരിത നികുതി ചുമത്താം. മലിനീകരണം കൂടുതലുള്ള നഗരങ്ങളിൽ വാഹനം വീണ്ടും രജിസ്റ്റർ ചെയ്യുമ്പോൾ ഹരിതനികുതിയുടെ ശതമാനം റോഡ് നികുതിയുടെ 50 ശതമാനം വരെ ഉയരുമെന്നാണ്​ പറയുന്നത്​.

Tags:    
News Summary - Vehicle scrappage policy launched: Key things to know

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.