വെറും രണ്ട് മണിക്കൂർ; രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ആഡംബര ഇ.വി വിറ്റുതീർന്നു

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ആഡംബര ഇ.വി എന്നറിയപ്പെടുന്ന വോൾവോ എക്സ്.സി 40 റീചാർജിന് മികച്ച തുടക്കം. ചൊവ്വാഴ്ച്ച 55.90 ലക്ഷം എക്സ് ഷോറൂം വിലക്കാണ് വാഹനം അവതരിപ്പിക്കപ്പെട്ടത്. ബുധനാഴ്ച്ച ആരംഭിച്ച ബുക്കിങ് രണ്ട് മണിക്കൂർ കൊണ്ട് പൂർത്തിയായി. ആദ്യ ബാച്ചിൽ 150 യൂനിറ്റുകളാണ് പുറത്തിറക്കുക. പ്രാദേശികമായി കൂട്ടിയോജിപ്പിക്കുന്ന വാഹനമായതിനാലാണ് കുറഞ്ഞ വിലക്ക് വിൽക്കാനാവുന്നത്. വോൾവോ എക്സ്.സി 40 റീചാർജിനായുള്ള ബുക്കിങ് ബുധനാഴ്ച രാവിലെ 11ന് കമ്പനി വെബ്‌സൈറ്റിൽ ആരംഭിച്ചതായും ലഭ്യമായ 150 യൂനിറ്റ് ഇ.വികളും വെറും രണ്ട് മണിക്കൂറിൽ വിറ്റുതീർന്നതായും കമ്പനി അധികൃതർ അറിയിച്ചു.

ഏറ്റവും വില കുറഞ്ഞ ആഢംബര വൈദ്യുത വാഹനം

രാജ്യ​െത്ത ഏറ്റവും വില കുറഞ്ഞ ആഢംബര വൈദ്യുത വാഹനമെന്ന വിശേഷണത്തോടെയാണ് വോൾവൊ എക്​സ്​.സി 40 റീചാർജ് അവതരിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ മുതൽ ഘട്ടം ഘട്ടമായി ഡെലിവറികൾ ആരംഭിക്കുമെന്നാണ്​ സൂചന. 2025 ഓടെ ഇന്ത്യയിലെ വിൽപ്പനയുടെ 80 ശതമാനവും ഓൾ-ഇലക്ട്രിക് വാഹനങ്ങളായിരിക്കണമെന്ന വോൾവോയുടെ സ്വപ്​നംകൂടിയാണ്​ എക്​സ്​.സി 40 റീചാർജിലൂടെ ആരംഭിച്ചിരിക്കുന്നത്​. രണ്ട് 204 എച്ച്പി ഇലക്ട്രിക് മോട്ടോറുകളാണ് വാഹനത്തിന്​ കരുത്തുപകരുന്നത്​.

78 കിലോവാട്ട് ലിഥിയം അയൺ ബാറ്ററി 418 കിലോമീറ്റർ മൈലേജ്​ നൽകും. 408hp, 660Nm ടോർക്ക് എന്നിങ്ങനെയാണ്​ മോ​ട്ടോർ ഔട്ട്​പുട്ട്​. 4.9 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന്​ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും. ഉയർന്ന വേഗത മണിക്കൂറിൽ 180 കിലോമീറ്റർ ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്​. ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന മറ്റ് ഇ.വികളിലെന്നപോലെ, എക്‌സ്‌സി 40 റീചാർജിന്റെ ബാറ്ററിയും എസി ചാർജർ അല്ലെങ്കിൽ ഡിസി ഫാസ്റ്റ് ചാർജർ വഴി ചാർജ് ചെയ്യാൻ കഴിയും. ഫാസ്റ്റ് ചാർജർ വഴി 40 മിനിറ്റ്കൊണ്ട്​ 80 ശതമാനം വരെ ബാറ്ററി നിറക്കാം. ഒറ്റ ചാർജിൽ 418 കിലോമീറ്റർ മൈലേജ്​ ലഭിക്കുമെന്നാണ്​ ഡബ്ല്യുഎൽടിപി-സർട്ടിഫൈഡ് ചെയ്​തിരിക്കുന്നത്​. മെഴ്‌സിഡസ് ബെൻസിന്‍റെ ആഢംബര വൈദ്യുത എസ്​.യു.വി ഇക്യുസിക്ക് 417 കിലോമീറ്റർ ആണ്​ റേഞ്ച്​.


ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന സ്റ്റാൻഡേർഡ് വോൾവോ എക്‌സ്‌സി 40 പെട്രോളും എക്‌സ്‌സി 40 റീചാർജും തമ്മിൽ രൂപത്തിൽ വലിയ മാറ്റങ്ങളൊന്നുമില്ല. മുന്നിലെ ഗ്രില്ലിൽ 'റീ‌ചാർ‌ജ്' ബാഡ്‌ജുകൾ‌ ഇ.വിയിൽ ഉൾ‌പ്പെടുന്നു. പരമ്പരാഗത ഇന്ധനം നിറയ്ക്കുന്ന പോർട്ടിന് പകരമായി അവിടെതന്നെ ഇവിക്ക് ചാർജിങ്​ പോർട്ടും ലഭിക്കും.

സ്റ്റാൻഡേർഡ് എക്‌സ്‌സിയും ഇ.വിയും തമ്മിലുള്ള പ്രധാന വ്യത്യാസം ഇൻഫോടെയ്ൻമെന്‍റ്​ സിസ്റ്റമാണ്. ഗൂഗിളിന്‍റെ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് എക്‌സ്‌സി 40 റീചാർജ് വരുന്നത്. ബ്രാൻഡിന്‍റെ ഇൻ-കാർ കണക്റ്റിവിറ്റി ടെക്ക്-വോൾവോ ഓൺ കോൾ എന്നിവ ഈ യൂനിറ്റിന്‍റെ സവിശേഷതയാണ്. ഭാവിയിൽ അപ്‌ഡേറ്റുകൾ സ്വീകരിക്കാനും ഈ സംവിധാനം പ്രാപ്തമാണ്.


എക്‌സ്‌.സി 40 റീചാർജ് വരുമ്പോൾ വാഹനത്തിന്​ നേരിട്ടുള്ള എതിരാളികളില്ലെന്നത്​ പ്രത്യേകതയാണ്​. മെഴ്‌സിഡസ് ബെൻസ് ഇക്യുസി, ജാഗ്വാർ ഐ-പേസ്, ഓഡി ഇ-ട്രോൺ എന്നിവക്ക്​ താഴെയും ഹ്യുണ്ടായ് കോന ഇലക്ട്രിക്, എം.ജി ഇസഡ്​ എസ്​ ഇ.വി, ടാറ്റ നെക്​സോൺ ഇ.വി എന്നിവക്ക്​ മുകളിലാണ് വോൾവോയുടെ സ്​ഥാനം. എതിരാളികളുടെ വില 75ലക്ഷത്തിന്​ മുകളിലാണെന്നതാണ് വോൾവോക്ക് മുൻതൂക്കം നൽകുന്നത്.

Tags:    
News Summary - Volvo XC40 Recharge EV sold out in two hours in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.