രാജ്യത്തെ ഏറ്റവും സുരക്ഷിത സെഡാനുകൾ ഇവർ; ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാറുമായി വെര്‍ട്ടിസും സ്ലാവിയയും

വാഹനങ്ങളുടെ സുരക്ഷയെന്നതിന് വലിയ പ്രാധാന്യം കൈവന്നിരിക്കുന്ന കാലമാണിത്. അതിനാൽത്തന്നെ ക്രാഷ് ടെസ്റ്റുകൾ പ​ണ്ടത്തേക്കാളും ജനശ്രദ്ധ ആകർഷിക്കാറുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഗ്ലോബൽ എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ ചില പ്രധാന ഇന്ത്യൻ മോഡലുകളും മാറ്റുരച്ചു. അതിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചത് ചില സെഡാനുകളാണ്.

സെഡാനു​കളോട് ഇന്ത്യക്കാർക്കുള്ള താൽപ്പര്യം കുറഞ്ഞുവരുന്ന കാലമാണിത്. എസ്.യു.വികളാണ് ഇപ്പോഴത്തെ ട്രെൻഡ്. എന്നിട്ടും ക്രാഷ് ടസ്റ്റിൽ രണ്ട് സെഡാനുകൾ ഏറെ ശ്രദ്ധനേടി. ഇന്ത്യന്‍ നിരത്തുകളിലെ ഏറ്റവും സുരക്ഷിതമായ സെഡാന്‍ കാറുകളായി മാറിയിരിക്കുകയാണ് ഫോക്‌സ്‌വാഗൺ വെര്‍ട്ടിസും സ്‌കോഡ സ്ലാവിയയും. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ രണ്ട് കോംപാക്റ്റ് സെഡാന്‍ കാറുകളും ഗ്ലോബല്‍ എൻ.സി.എ.പി ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി.

കഴിഞ്ഞ വര്‍ഷം ഫോക്‌സ്‌വാഗന്റേയും സ്‌കോഡയുടെയും മിഡ്‌സൈസ് എസ്‌.യു.വികളായ ടൈഗൂണും കുഷാഖും സമാനമായ രീതിയില്‍ ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ് നേടിയിരുന്നു. ഗ്ലോബല്‍ എൻ.സി.എ.പി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കുന്ന ആദ്യ മെയിഡ് ഇന്‍ ഇന്ത്യ സെഡാനുകളാണ് വെര്‍ട്ടിസും സ്ലാവിയയും. മുതിര്‍ന്ന യാത്രക്കാരുടെ സുരക്ഷ, കുട്ടികളുടെ സുരക്ഷ എന്നിവയിൽ മികച്ച പ്രകടനമാണ് ഇരു കാറുകളും നേടിയത്. രണ്ട് സെഡാനുകളുടെയും ഫ്രണ്ടല്‍ സൈഡ് ഇംപാക്ടുകള്‍ക്ക് പുറമെ കാല്‍നടയാത്രക്കാരുടെ സുരക്ഷ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ ഫംഗ്ഷനുകൾ എന്നിവയെല്ലാം ടെസ്റ്റിൽ വിലയിരുത്തപ്പെട്ടു.

മുതിര്‍ന്നവർക്കുള്ള സേഫ്റ്റി ടെസ്റ്റില്‍ 34ല്‍ 29.71 പോയിന്റും കുട്ടികളുടെ ടെസ്റ്റില്‍ 49-ല്‍ 42 പോയിന്റും വെര്‍ട്ടിസും സ്ലാവിയയും നേടി. ഈ വര്‍ഷം തുടക്കത്തില്‍ വെര്‍ട്ടിസ് ലാറ്റിന്‍ എൻ.സി.എ.പി ക്രാഷ് ടെസ്റ്റിലും 5 സ്റ്റാര്‍ റേറ്റിങ് നേടിയിരുന്നു. 2022-ലാണ് ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടിസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. രണ്ട് വേരിയന്റുകളില്‍ വാഹനം ലഭ്യമാണ്.

കഴിഞ്ഞ വര്‍ഷമാണ് സ്‌കോഡ സ്ലാവിയ സെഡാന്‍ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. വെര്‍ട്ടിസിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് സ്ലാവിയയുടെയും നിര്‍മാണം. ഈ കാറും രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലും മൂന്ന് ട്രിം ലെവലിലും ലഭ്യമാണ്. പവര്‍ട്രെയിന്‍ ഓപ്ഷനായി 1.0-ലിറ്റര്‍ TSI എഞ്ചിനിനൊപ്പം ആക്റ്റീവ്, ആംബിഷന്‍ ട്രിമ്മുകള്‍ ലഭ്യമാണ്. സ്റ്റൈല്‍ ട്രിം 1.0-ലിറ്റര്‍ TSI, 1.5-ലിറ്റര്‍ TSI എഞ്ചിന്‍ എന്നിവയില്‍ ലഭ്യമാണ്.

Tags:    
News Summary - VW Virtus & Skoda Slavia Follow Footsteps Of Taigun & Kushaq In Nailing The Global NCAP Crash Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.