ജയ്പൂർ ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന എക്സ്.യു.വി 700 എസ്.യു.വിക്ക് തീപിടിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തിറക്കി മഹീന്ദ്ര ആൻഡ് മഹീന്ദ്ര. അംഗീകൃതമല്ലാത്ത സ്ഥാപനത്തിൽ നിന്ന് വാഹനത്തിൽ ആക്‌സസറികൾ ഘടിപ്പിച്ചെന്നും ഇത് ഒറിജിനൽ ഇലക്ട്രിക്കൽ സംവിധാനത്തിൽ കേടുപാട് ഉണ്ടാക്കിയെന്നുമാണ് കമ്പനി പറയുന്നത്. തുടർന്നുണ്ടായ താപ വ്യത്യാസം ഇലക്ട്രിക്കൽ സംവിധാനത്തെ ബാധിക്കുകയും ഇത് തീപിടിത്തത്തിലേക്ക് നയിച്ചെന്നമാണ് മഹീന്ദ്രയുടെ കണ്ടെത്തൽ.
'പ്രകാശിക്കുന്ന സ്‌കഫ് പ്ലേറ്റുകളും നാല് ആംബിയന്റ് ലൈറ്റിങ് മൊഡ്യൂളുകളും ഉടമ കാറിൽ ഘടിപ്പിച്ചതിന്റെ തെളിവുകൾ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കമ്പനി വയറിങിന് പുറമെ അധിക കണക്ഷനുകൾ ഉപയോഗിച്ചു. ഇത് അപകടത്തിന് കാരണമായി.
അംഗീകൃതമല്ലാത്ത സ്ഥാപനങ്ങളിൽ നിന്ന് വാഹനങ്ങളുടെ ഇലക്ട്രിക്കൽ സർക്യൂട്ടുകളിലേക്ക് ഇത്തരം കൂട്ടിയോജിപ്പിക്കലുകൾ നടത്തരുത്' - അന്വേഷണ റിപോർട്ടിൽ പറയുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മഹീന്ദ്ര തങ്ങളുടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പും നൽകി.
മേയ് 21ന് രാജസ്താനിലെ ജയ്പൂർ ഹൈവേയിലാണ് എക്സ്.യു.വി 700 അപകടത്തിൽപ്പെട്ടത്. എസ്.യു.വി ഉടമയും കുടുംബവും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ആറുമാസം മുമ്പാണ് ഇദ്ദേഹം വാഹനം വാങ്ങിയത്. എഞ്ചിനിൽ നിന്ന് ആദ്യം പുക വരാൻ തുടങ്ങിയെന്നും പിന്നീട് തീപിടിച്ചെന്നുമാണ് ഉടമ പറയുന്നത്.
അതേസമയം, കാർ വാങ്ങിയതിന് ശേഷം മോടി കൂട്ടുന്നതിന്‍റെ ഭാഗമായി പലതരം ആക്‌സസറികൾ ഘടിപ്പിക്കുന്നത് പതിവാണ്. എന്നാൽ വിലക്കുറവ് മുന്നിൽ കണ്ട് അംഗീകൃതമല്ലാത്ത സ്ഥാപനങ്ങളിൽ നിന്ന് ഇവ വാങ്ങി വാഹനങ്ങളിൽ ഉൾപ്പെടുത്തുന്നതാണ് അപകടങ്ങൾക്ക് കാരണം.
വാഹനങ്ങളുടെ യഥാർത്ഥ ഇലക്ട്രിക്കൽ സംവിധാനത്തെ ഇത് ബാധിക്കും. തീപിടിത്തത്തിലേക്ക് നയിക്കുന്ന മിക്ക സംഭവങ്ങൾക്കും ഇതാണ് കാരണം. കൂടാതെ ഇത്തരം കൂട്ടിച്ചേർക്കലുകൾ ഇലക്ട്രിക്കൽ വാറന്റി ഉൾപ്പെടെ നഷ്ടമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.