സാംസങിൻറെയും ആപ്പിളിൻറെയുമൊക്കെ കൊള്ളാവുന്ന മൊബൈൽഫോൺ വാങ്ങുന്ന വിലക്ക് സ്കൂട്ടർ വാങ്ങാൻ പറ്റുമെന്നാണ് ഇലക്‌ട്രിക് വാഹന യുഗം വന്നതുകൊണ്ടുണ്ടായ ഏറ്റവും വലിയ ഗുണങ്ങളിൽ ഒന്ന്. ഡെയിലി മൊബൈൽ ചാർജ് ചെയ്യുന്നതിനൊപ്പം ഇനി സ്കൂട്ടറും ചാർജ് ചെയ്യാൻ ഓർക്കേണ്ടിവരുമെന്നു മാത്രം. രണ്ടിനും ഒരേ ചാർജർ ഇറങ്ങുന്ന കാലമാണ് യൂത്തിൻറെ സ്വപ്നങ്ങളിൽ ഇപ്പോഴുള്ളത്. കേട്ടാൽ ഞെട്ടുന്ന പേരുമിട്ട് വിദേശത്തുനിന്ന് എത്തിയിരുന്ന സ്കൂട്ടറുകൾക്ക് പകരം നല്ല നാടൻ പേരുകളിൽ ഇ സ്കൂട്ടറുകൾ വരുന്നു എന്നതും കുളിരു കോരുന്ന അനുഭവമാണ്.
ഗൃഹാതരത്വം പേറുന്ന മലയാളിതനിമയുള്ള പേരുള്ള സ്കൂട്ടറുകൾ വൈറലാകുന്ന കാഴ്ചയാണ് രാജ്യത്തുള്ളത്. ഓല എന്നു കേൾക്കുമ്പോഴുണ്ടാകുന്ന ഒരിത് ഇല്ലേ അതാണ് ഉദ്ദേശിച്ചത്. ഇപ്പോഴിതാ 59,273 രൂപയ്ക്ക് 120 കി.മീ. ഓടിക്കാവുന്ന ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിലെത്തിയിരിക്കുന്നു. പേര് ഗ്രേസി. രാജ്യത്തെ മുൻനിര ഇവി സ്റ്റാർട്ടപ്പായ സീലിയോ ഇബൈക്‌സാണ് നിർമാതാക്കൾ. പരമാവധി 83,073 രൂപ വരെ എക്‌സ്‌ഷോറൂം വിലയിൽ ഗ്രേസി, ഗ്രേസി ഐ, ഗ്രേസി പ്ലസ് മോഡലുകളാണ് എത്തിയിരിക്കുന്നത്. ലക്ഷം രൂപയിൽ താഴെ വിലയുള്ള മോഡലുകൾക്ക് ആരാധകർ കൂടുന്നത് മുതലെടുക്കാനാണ് സീലിയോയുടെ നീക്കം. വർഷം 1,50,000 വാഹനങ്ങൾ നിർമിക്കാൻ കഴിയും വിധം ഹരിയാനയിലെ ഹിസാറിലെ ലാഡ്‌വയിൽ പുതിയ നിർമാണ യൂണിറ്റും തുടങ്ങിയിട്ടുണ്ട്. വലിയ വേഗത്തിലല്ലാതെ കുറച്ചുദൂരമൊക്കെ മാത്രം പോകേണ്ടിവരുന്നവരെയാണ് ഗ്രേസി നോട്ടമിട്ടിരിക്കുന്നത്. വിദ്യാർത്ഥികളും പ്രൊഫഷണലസുമൊക്കെ ഇത്തരക്കാരാണല്ലോ.
ആൻ്റി-തെഫ്റ്റ് അലാറം, കീ ലെസ് ഡ്രൈവ്, യു.എസ്.ബി പോർട്ട്, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എന്നിവയൊക്കെ എല്ലാ മോഡലുകൾക്കുണ്ട്. 48/60V ബി.എൽ.ഡി.സി മോട്ടോറും 28 AH ലിഥിയം ബാറ്ററിയുമുള്ള ഗ്രേസിക്ക് സിംഗിൾ ചാർജിൽ 60 മുതൽ 90 വരെ കിലോമീറ്റർ റേഞ്ച് കിട്ടുമെന്ന് കമ്പനി പറയുന്നു. ചാർജിംഗിനായി ഒന്നര യൂണിറ്റ് വൈദ്യുതി എടുത്തേക്കാം. ഗ്രേസി ഐക്ക് കുറച്ചുകൂടി മസിലൻ ഭാവമാണുള്ളത്. മികച്ച ആക്സിലറേഷനും പെർഫോമൻസുമുള്ള ഗ്രേസി പ്ലസിനു 60/72v ബി.എൽ.ഡി.സി മോട്ടോറാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.