ക്രാഷ് ടെസ്റ്റുകൾ എന്നും മാരുതി എന്ന ഇന്ത്യൻ വാഹനഭീമന്റെ ശവപ്പറമ്പുകളായിരുന്നു. എതിരാളികളായ ടാറ്റയും മഹീന്ദ്രയും ഫൈവ് സ്റ്റാർ താരങ്ങളായി വിലസിയപ്പോൾ മാരുതി മാത്രം ഇടിക്കൂട്ടിൽ എപ്പോഴും കിതച്ചുനിന്നു. ജനപ്രിയ വാഹനങ്ങളായ സ്വിഫ്റ്റും ബലേനോയുമെല്ലാം ഒരു നക്ഷത്രത്തിളക്കം പോലുമില്ലാതെ പരിഹാസ്യരായി. കൂട്ടത്തിൽ അൽപ്പമെങ്കിലും മികവുകാട്ടിയത് ബ്രെസ്സയായിരുന്നു.
എന്നാൽ കാലം മാറിയതോടെ മാരുതിയും മാറുകയാണ്. സുരക്ഷ എന്നത് അവഗണിക്കാനാവില്ല എന്ന തിരിച്ചറിവ് മാരുതിക്കും ഉണ്ടായിരിക്കുന്നു. ഇതിന് തെളിവാണ് മാരുതിയുടെ എസ്പ്രെസോ എന്ന കുഞ്ഞൻ വാഹനത്തിന്റെ പുതിയ ക്രാഷ് ടെസ്റ്റ് റേറ്റിങ്. ജി.എൻ.പി.സി ക്രാഷ് ടെസ്റ്റിൽ മൂന്ന് സ്റ്റാറുകളാണ് ഇന്ത്യയിൽ നിർമ്മിച്ച് സൗത്ത് ആഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന എസ്പ്രെസോക്ക് ലഭിച്ചിരിക്കുന്നത്. 2020ൽ പൂജ്യം സ്റ്റാർ മാത്രം ഉണ്ടായിരുന്ന വാഹനമാണ് ഉയർെത്തഴുന്നേറ്റത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
സെയ്ഫ് കാർ ഫോർ ആഫ്രിക്ക
ഗ്ലോബൻ എൻസിഎപി നടത്തിയ ക്രാഷ് ടെസ്റ്റിലാണ് എസ്പ്രെസോ മൂന്ന് സ്റ്റാർ സുരക്ഷ നേടിയത്. ഇന്ത്യയിൽ നിർമിച്ച് ദക്ഷിണാഫ്രിക്കയിൽ വിൽക്കുന്ന, രണ്ട് എയർബാഗും എബിഎസുമുള്ള എസ്പ്രെസോയിലാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്. സെയ്ഫ് കാർ ഫോർ ആഫ്രിക്ക എന്ന ഗ്ലോബൻ എൻസിഎപിയുടെ ക്യാംപെയ്നിന്റെ ഭാഗമായായിരുന്നു ടെസ്റ്റ്.
മുതിർന്നവരുടെ സുരക്ഷയിൽ 3 സ്റ്റാർ കരസ്ഥമാക്കിയ എസ്പ്രെസോ കുട്ടികളുടെ സുരക്ഷയിൽ 2 സ്റ്റാർ നേടി. മുതിർന്നവരുടെ സുരക്ഷയിൽ 17 ൽ 8.96 മാർക്കും കുട്ടികളുടെ സുരക്ഷയിൽ 49 ൽ 15 മാർക്കും വാഹനത്തിന് ലഭിച്ചു.
ഇന്ത്യയിൽ നിർമിക്കുന്ന എസ്‍പ്രെസോയാണ് ആഫ്രിക്കൻ വിപണിയിൽ വിൽപനയ്ക്ക് എത്തുന്നത്. 2019 സെപ്റ്റംബറിലാണ് ഇന്ത്യൻ വിപണിയിൽ എസ്പ്രെസോ എത്തുന്നത്. 67 ബിഎച്ച്പി കരുത്തും 90 എന്‍എം ടോര്‍ക്കുമുള്ള 998 സിസി പെട്രോള്‍ എന്‍ജിനാണ് എസ്പ്രെസോയിൽ.
ഈ കാറാണോ ഇനി ഇന്ത്യയിൽ വിൽക്കുക?
2020ൽ ഇന്ത്യയിൽ പരീക്ഷണം നടത്തിയ എസ്പ്രെസ്സോയിൽ നിന്ന് ചില മാറ്റങ്ങൾ പുതിയ ദക്ഷിണാഫ്രിക്കൻ മോഡലിൽ ഉണ്ട്. ഇന്ത്യൻ വാഹനത്തിൽ ഒരു എയർബാഗ് മാത്രമാണ് ഉണ്ടായിരുന്നത്. അതുപോലെ സീറ്റ് ബെൽറ്റ് പ്രീടെൻഷൻ സംവിധാനവും ഉണ്ടായിരുന്നില്ല. ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് നടത്തിയത് പാസഞ്ചർ എയർബാഗും പ്രീടെൻഷൻ സീറ്റ്ബെൽറ്റും ഉള്ള വാഹനമാണ്. ഈ കൂട്ടിച്ചർക്കലുകളാണ് മികച്ച റേറ്റിങ്ങിലേക്ക് വാഹനത്തെ എത്തിച്ചത്.
ഇനിയാണാ പ്രസക്തമായ ചോദ്യം വരുന്നത്, ഈ എസ്പ്രെസോ ആണോ ഇന്ത്യയിൽ വിൽക്കുക എന്നതാണത്. നേരത്തേ ഇന്ത്യൻ എസ്പ്രെസോക്ക് പൂജ്യം സ്റ്റാർ കിട്ടിയപ്പോ സുസുകിയുടെ സൗത്ത് ആഫ്രിക്കൻ വിഭാഗം ഞങ്ങളുടെ കാർ ഇതിലും മെച്ചമാണെന്ന് വാദിച്ചിരുന്നു. കാരണം ആദ്യംമുതൽ തന്നെ രണ്ട് എയർബാഗുകൾ ഉള്ള വാഹനമാണ് ദക്ഷിണാഫ്രിക്കയിൽ വിറ്റിരുന്നത്. എന്നാൽ ഇന്ത്യയിലും ഇപ്പോൾ രണ്ട് എയർബാഗുകൾ നിർബന്ധമാണ്.
ഇന്ത്യയിൽ ഇറങ്ങുന്ന പുതിയ ബാച്ചുകൾ ഈ സ്പെക് വാഹനമായിരിക്കും എന്നതാണ് പ്രതീക്ഷ നൽകുന്ന കാര്യം. അപകടമുണ്ടാവുമ്പോൾ യാത്രക്കാരെ സീറ്റിലേക്ക് വലിച്ചുപിടിക്കുന്ന പ്രീടെൻഷൻ സീറ്റ്ബെൽറ്റ് സുരക്ഷയിൽ പ്രധാന പങ്കുവഹിക്കുന്ന സംവിധാനമാണ്. ഘടനാപരമായി മറ്റ് വ്യത്യാസങ്ങളൊന്നും ഇന്ത്യൻ-ദക്ഷിണാഫ്രിക്കൻ എസ്പ്രെസോകൾ തമ്മിലില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.