ലക്ഷ്വറി കാറുകൾ ചീറിപ്പായുന്ന ദുബൈയിലെ തിരക്കേറിയ റോഡിൽ വാഹന പ്രേമികളുടെയും വഴി യാത്രക്കാരുടെയും മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റി നീങ്ങുകയാണ് ഒരു കുട്ടിക്കാറ്. കാണാൻ കളിപ്പാട്ടം പോലെയിരിക്കുമെങ്കിലും വാഹന ലോകത്തെ ഭീമനായ ബി.എം.ഡബ്ല്യൂവിന്റെതാണ് ഈ മുതല്. പേര് ‘ബി.എം.ഡബ്ല്യൂ ഐസറ്റ’. 1957 മോഡൽ വാഹനം ജർമനിയിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്തിരിക്കുന്നത് ഒരു മലയാളിയാണ്. കണ്ണൂർ തലശ്ശേരി സ്വദേശിയും ദുബൈ ബിസിനസ്സുകാരനുമായ അബ്ദുല്ല നൂറുദ്ദീൻ. 55,000 ഡോളർ (45 ലക്ഷം രൂപ) മുടക്കിയാണ് കാർ ഇദ്ദേഹം ദുബൈയിലെത്തിച്ചിരിക്കുന്നത്.
1962 ഓട് കൂടി നിർമാണം നിർത്തിയ ഈ കാറിന്റെ ആകെ നിർമ്മിച്ച 161ആയിരത്തിൽ പരം കാറുകളിൽ ഒരെണ്ണമാണിത്. മാത്രമല്ല, അതിൽ തന്നെ യു.എ.ഇയിലെ ദുബൈയിലെത്തുന്ന ആദ്യത്തെ കാറുമെന്ന സവിശേഷതയും ഈ അപൂർവ താരത്തിനുണ്ട്. വിന്റേജ് കാറുകളെ ഇഷ്ടപ്പെടുന്ന അബ്ദുല്ല നൂറുദ്ദീന് ഇവനെ ദുബൈയിലെത്തിക്കാൻ ആറുമാസത്തിലധികം പ്രയത്നിക്കേണ്ടി വന്നു. ഇവിടെയെത്തിയിട്ടും റോഡിലിറക്കാൻ പിന്നെയും കടമ്പകൾ ഏറെയായിരുന്നു. അപൂർവ വാഹനമായതിനാൽ പ്രത്യേക സാങ്കേതിക വിദഗ്ധരുടെ പരിശോധനക്ക് ശേഷമേ വാഹനത്തിന് പെർമിറ്റ് നൽകാനാവൂവെന്നായിരുന്നു ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ നിലപാട്.
പരിശോധനകൾ പൂർത്തീകരിച്ച് ഒടുവിൽ വാഹനത്തിന് അധികൃതർ അനുമതി നൽകി. രണ്ടു പേർക്ക് സുഖമായി യാത്ര ചെയ്യാനായി നിർമിച്ച ഈ വാഹനത്തിന് മുന്നിൽനിന്ന് തുറക്കാവുന്ന ഡോറുൾപ്പെടെ കൗതുകകരമായ പല സവിശേഷതകളും വേറെയുണ്ട്. വാതിൽ തുറക്കുമ്പോൾ സ്റ്റിയറിങ്ങും വാതിലിനോപ്പം പതുക്കെ മുന്നിലേക്ക് വരും. വാഹനപ്രേമികളായ സ്വദേശികൾ വിന്റേജ് കാറുകൾ ഏറെ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും പുറം ബോഡി മാത്രം നിലനിർത്തി എൻജിനും മറ്റും പുതിയ തലമുറയാണ് ഉപയോഗിക്കുന്നത്. എന്നാൽ, കമ്പനി ഇറക്കിയ അതേ എൻജിൻ നിലനിർത്തുന്നതിലാണ് അബ്ദുല്ലയുടെ താൽപര്യം. അതുകൊണ്ടുതന്നെ യാത്രക്കിടെ ഇവൻമാര് ഇടക്കിടെ ‘പണി’ തരാറുമുണ്ട്. എങ്കിലും അതെല്ലാം ആസ്വദിക്കാറാണ് പതിവെന്ന് നൂറുദ്ദീൻ പറഞ്ഞു.
കണ്ണൂരുകാരൻ അബ്ദുല്ല നൂറുദ്ദീന് ക്ലാസിക് കാറുകളോടുളള പ്രണയം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഹോളിവുഡ് സിനിമയിലഭിനയിച്ച കാറുകൾ ഉൾപ്പെടെ തന്റെ ശേഖരത്തിലുണ്ടെന്ന് നൂറുദ്ദീൻ പറയുന്നു. കാറുകളിൽ മോഡേൻ ഫിറ്റിങ്ങ് ഒന്നും പിടിപ്പിക്കാതെ കാറുകളുടെ അതേ തനിമയിൽ ഓടിക്കുന്നതിന്റെ സുഖം, വേറെതന്നെയാണെന്നതാണ് ഈ കണ്ണൂരുകാരന്റെ പക്ഷം. 1958ൽ ഇറങ്ങിയ ‘ഷെവർലെ കോർവറ്റ്’ നാലു വാർഷം മുമ്പാണ് യു.എസിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്തത്. 3,10,000 ഡോളറാണ് ഇതിന്റെ വില.
യു.എസിൽ നിന്ന് മൂന്നു വർഷം മുമ്പെത്തിയ 1971 മോഡൽ ബ്യൂക് സ്കൈലാർക്, 1967 മോഡൽ ബ്യൂക് ലെസാബർ തുടങ്ങിയ വാഹനങ്ങളും ഇദ്ദേഹത്തിന്റെ അപൂർവ ശേഖരത്തിൽ ഉണ്ട്. ഇത് കൂടാതെ യു.എസിലും അപൂർവ കാറുകളുടെ ശേഖരം സൂക്ഷിക്കുന്നുണ്ടിദ്ദേഹം. 1929 ൽ ഇറങ്ങിയ മെർസിഡസിന്റെ എസ്.എസ്.കെ, 1972ൽ ഇറങ്ങിയ വോക്സ് വാഗൺ തുടങ്ങിയവ ഇതിൽ ചിലതുമാത്രം. ദുബൈയിലെ വസതിയിൽ വിന്റേജ് കാറുകൾ സൂക്ഷിക്കാൻ പ്രത്യേക ലിഫ്റ്റ് സംവിധാനം തന്നെ ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്.
അതേസമയം, പഴയ കാറുകളോട് അതിയായ പ്രണയമുണ്ടെങ്കിലും പുതു മോഡൽ വാഹനങ്ങളും ഇദ്ദേഹത്തിന്റെ കയ്യിലുണ്ട്. 33 വർഷമായി ദുബൈയിൽ ബിസിനസ് ചെയ്യുന്ന അബ്ദുല്ല നൂറുദ്ദീൻ നാട്ടിൽവെച്ചും വിന്റേജ് കാറുകൾ വാങ്ങിക്കൂട്ടിയിരുന്നു. പഴയ മോഡൽ വാഹനങ്ങളോട് വല്ലാത്ത ഇഷ്ടമാണ്. അത് സ്വന്തമാക്കാൻ ഏറെ സമയവും പണവും ചെലവഴിക്കാറുണ്ടെന്നും ഇദ്ദേഹം പറയുന്നു. 1948കളിൽ ഇറങ്ങിയ ബ്രിട്ടീഷ് വാഹനമായ മോറിസ് മൈനറായിരുന്നു നൂറുദ്ദീൻ ആദ്യം വാങ്ങിയ വിന്റേജ് കാർ. ഇതുൾപ്പെടെ നിരവധി വിന്റേജ് കാറുകൾ സ്വന്തമായുണ്ടായിരുന്നെങ്കിലും ദുബൈയിലേക്ക് ചേക്കേറുന്നതിന് മുമ്പ് അവയെല്ലാം വിറ്റഴിക്കുകയായിരുന്നു.അതേസമയം, കാറുകളുടെ അപൂർവ ശേഖരത്തിൽ ഒതുങ്ങുന്നില്ല നൂറുദ്ദീന്റെ ഇഷ്ടങ്ങൾ. നല്ലൊരു ബൈക്കർ കൂടിയാണിദ്ദേഹം. യുവ തലമുറയെ ഏറെ കൊതിപ്പിക്കുന്ന യു.എസ് ബൈക്കായ ഹാർളി ഡേവ്ഡസണിലെ യാത്രയും ഇദ്ദേഹത്തിന്റെ വിനോദമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.