നീണ്ട ഇടവേളക്കു ശേഷം വീണ്ടും റേസിങ് ട്രാക്കിലേക്ക് മടങ്ങിയെത്തുകയാണ് തമിഴകത്തിന്റെ സൂപ്പർ സ്റ്റാർ അജിത് കുമാര്‍. സിനിമലോകത്തെ തിരക്കുകള്‍ക്ക് ഇടവേള നല്‍കി മറ്റൊരു സ്വപ്നത്തിനു പിന്നാലെ സഞ്ചരിക്കാന്‍ ഒരുങ്ങുകയാണ് താരം. ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ് ഓഫ് ഇന്ത്യ 2025ല്‍ നടക്കുന്ന യൂറോപ്യന്‍ ജി.ടി 4 ചാമ്പ്യന്‍ഷിപ്പില്‍ അജിത് മത്സരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.
അസര്‍ബൈജാനില്‍ വെച്ച് നടക്കുന്ന വിടാമുയര്‍ച്ചി എന്ന സിനിമയുടെ ചിത്രീകരണ സ്ഥലത്തുനിന്ന് അജിത് എത്തിയത് ദുബൈയിയിലെ റേസിങ് ട്രാക്കിലേക്കാണ്. ആ ട്രാക്കിലൂടെ താരം വാഹനമോടിക്കുകയും ചെയ്തു. ചെന്നൈ, ഡല്‍ഹി, മുംബൈ എന്നിങ്ങനെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ സര്‍ക്യൂട്ടുകളില്‍ നടന്ന പല മത്സരങ്ങളിലും അജിത് പങ്കെടുത്തിട്ടുണ്ട്. രാജ്യാന്തര വേദികളിലും എഫ്.ഐ.എ ചാമ്പ്യന്‍ഷിപ്പിലും സാന്നിധ്യമറിയിച്ചിട്ടുള്ള താരം 2003 ഫോര്‍മുല ഏഷ്യ ബി.എം.ഡബ്ല്യു ചാമ്പ്യന്‍ഷിപ്, 2010 ഫോര്‍മുല 2 ചാമ്പ്യന്‍ഷിപ് എന്നിവയിലും പങ്കെടുത്തിരുന്നു. 2004ല്‍ ഇന്ത്യയിലെ മൂന്നാമത്തെ മികച്ച കാറോട്ടക്കാരനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
അജിത്തിന്റെ തിരിച്ചുവരവ് ഏറെ സന്തോഷം പകരുന്ന ഒരു കാര്യമാണെന്നാണ് ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് അക്ബര്‍ ഇബ്രാഹിന്റെ അഭിപ്രായപ്പെട്ടു. ഈ സ്‌പോര്‍ട്ടില്‍ താരത്തിന് ഏറെ പ്രാഗൽഭ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. യു.കെ, യൂറോപ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും അജിത്തിന്റെ തിരിച്ചു വരവില്‍ സ്‌പോണ്‍സര്‍മാർ സന്തുഷ്ടരാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.