മാത്യു ടി.കുര്യന്‍ വാഹനത്തിൽ

ആക്രി സാധനങ്ങൾ കൊണ്ടൊരു ജീപ്പ്; സ്‌കൂട്ടറിന്റെ എന്‍ജിനില്‍ ഓടും!

യുദ്ധരംഗത്തെ ഉപയോഗത്തിനായി രൂപകല്‍പ്പന ചെയ്ത വാഹനമായാണ് ജീപ്പ് പിറവിയെടുത്തത്. രൂപകല്‍പ്പനയുടെ സവിശേഷതകൊണ്ട് യുദ്ധാനന്തരം സാധാരണക്കാരുടെയും വാഹനമായി പരിണമിച്ച ചരിത്രമാണ് ജീപ്പിനുള്ളത്. തിരുവല്ലയില്‍ പിറവിയെടുത്ത ഈ നാല് ചക്രങ്ങളുള്ള വാഹനം കണ്ടാല്‍ ജീപ്പ് മോഡലിനോട് സാമ്യം തോന്നുന്നത് സ്വാഭാവികം. ആഗ്രഹത്തിന്റെ പുറത്ത് നന്നാട് തോപ്പില്‍ വീട്ടില്‍ മാത്യു ടി.കുര്യന്‍ എന്ന ഇലക്ട്രിഷ്യന്‍ സ്വന്തം പ്രയത്നത്തില്‍ പണിതിറക്കിയതാണ് ഈ വാഹനം.

22 വര്‍ഷത്തെ പ്രവാസജീവിതത്തിനുശേഷം നാട്ടിലെത്തി സിമന്റുകട്ട നിര്‍മാണക്കമ്പനി നടത്തുകയാണ് മാത്യു. ഒരു ഇലക്ട്രിഷ്യന്‍ കൂടിയായ മാത്യു ആക്രിക്കടയില്‍നിന്നാണ് വാഹനത്തിന്റെ ഒട്ടുമിക്ക സാധനങ്ങളും വാങ്ങിയത്. നാലായിരം രൂപക്ക് സ്‌കൂട്ടറിന്റെ എന്‍ജിന്‍ സംഘടിപ്പിച്ചു. വെല്‍ഡിങ് അടക്കമുള്ള ജോലികള്‍ സ്വയം ചെയ്തു. രണ്ട് മാസമെടുത്താണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. സ്‌കൂട്ടറിന്റെ എന്‍ജിനും ചക്രങ്ങളും, പഴയ വാഹനങ്ങളുടെ സീറ്റുകളും തകിടും ഉപയോഗിച്ചു നിര്‍മിച്ചിരിക്കുന്ന വാഹനം ഒറ്റ നോട്ടത്തില്‍ ജീപ്പിന്റെ ചെറു മോഡല്‍ ആണെന്നു തോന്നും. ഏകദേശം 40,000 രൂപ ചെലവിട്ടാണ് രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന വാഹനം പണിതിറക്കിയത്.

ഓട്ടോമൊബൈല്‍ മേഖലയുമായി പ്രത്യേകിച്ച് പരിചയമൊന്നും ഇല്ലാതിരുന്ന മാത്യു ആഗ്രഹത്തിന്റെ പുറത്താണ് വാഹന നിര്‍മാണവുമായി മുന്നോട്ടുപോയത്. മോട്ടോര്‍വാഹന വകുപ്പിന്റെ അനുമതിയില്ലാത്തതിനാല്‍ റോഡിലൂടെ വാഹനം ഓടിക്കാറില്ല. വിശാലമായ വീട്ടുവളപ്പിലാണ് ജീപ്പിന്റെ ഓട്ടം. മാത്യുവിന്റെ വാഹനംകാണാന്‍ ദിനംപ്രതി നിരവധിപ്പേരാണ് വീട്ടിലെത്തുന്നത്.

Tags:    
News Summary - Thiruvalla native built jeep using scraps, runs by two wheeler engine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.