ആഡംബരത്തിന്റെ പ്രതീകമായ ലെക്‌സസ് എം.പി.വി സ്വന്തമാക്കി തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്. നിരവധി ആഡംബര കാറുകള്‍ സ്വന്തമായുള്ള വിജയ് ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ലെക്‌സസിന്റെ എല്‍.എം 350 എച്ച് എം.പി.വിയാണ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. വിമാനത്തിലെ ബിസിനസ് ക്ലാസിന് സമാനമായ ലക്ഷ്വറി സൗകര്യങ്ങളാണ് ഈ വാഹനത്തിനുള്ളത്. സുരക്ഷയും ആഡംബരവും കോര്‍ത്തിണക്കി നിര്‍മിച്ചിരിക്കുന്ന വാഹനത്തിന്റെ അകത്തളം വിശാലമാണ്. ഹൈബ്രിഡ് എം.പി.വിയായാണ് എല്‍.എം.350 എച്ച് എത്തിയിരിക്കുന്നത്.
ഇന്‍ഫ്രാറെഡ് സെന്‍സറുകളുള്ള എ.സി, ഹോള്‍ഡ് ഔട്ട് ടേബിളുകള്‍, ഹീറ്റഡ് ആംറെസ്റ്റുകള്‍, എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, വയര്‍ലെസ് ചാര്‍ജിങ്, യു.എസ്.ബി പോര്‍ട്ടുകള്‍, റീഡിങ് ലൈറ്റ്, വാനിറ്റി മിറര്‍, ടില്‍റ്റ് അപ്പ് സീറ്റുകള്‍ നിരവധി ആഡംബര ഫീച്ചറുകളുമായാണ് ലെക്‌സസ് ഈ വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ചിരിക്കുന്നത്. ഏഴ്, നാല് സീറ്റിങ് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. ടൊയോട്ട വെല്‍ഫയറിന്റെ ജി.എ.കെ മോഡുലാര്‍ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ഈ വാഹനവും ഒരുക്കിയിരിക്കുന്നത്.
ക്രോമിയം ഫീല്‍ നല്‍കിയിട്ടുള്ള ഗ്രിൽ, നേര്‍ത്ത എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകള്‍, സ്ലൈഡിങ് ഡോര്‍, കണക്ടഡ് ടെയ്ല്‍ലാമ്പ് എന്നിവ വാഹനത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു. 2.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം ഹൈബ്രിഡ് സാങ്കേതികവിദ്യയും കൂട്ടിയിണക്കിയാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. 250 പി.എസ്. പവറും 241 എന്‍.എം. ടോര്‍ക്കും നല്‍കുന്ന എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇ.സി.വി.ടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ സുഖമമാക്കുന്നത്.
ഇന്ത്യയില്‍ ലെക്‌സസ് എല്‍.എം 350 എച്ച്. എം.പി.വിക്ക് 2.5 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില. നികുതിയും ഇന്‍ഷുറന്‍സും ഉള്‍പ്പെടെ നിരത്തുകളില്‍ എത്തുമ്പോള്‍ വില മൂന്ന് കോടിക്ക് മുകളിലാകുമെന്നാണ് വിലയിരുത്തല്‍. റോള്‍സ് റോയ്സ്, വോള്‍വോ തുടങ്ങി ആഡംബര കാറുകള്‍ സ്വന്തമായുള്ള വിജയ്‌യുടെ ഗരേജില്‍ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് ആഡംബര ഇലക്ട്രിക് വാഹനമായ ബി.എം.ഡബ്ല്യു ഐ7 എക്സ് ഡ്രൈവ് എം സ്പോര്‍ട്ട് എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.