മണിക്കൂറില്‍ 312 കിലോമീറ്റര്‍ വേഗതയില്‍ സൂപ്പര്‍കാര്‍ പറപ്പിച്ച തുര്‍ക്കിയയിൽ നിന്നുള്ള അഞ്ചു വയസുകാരൻ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അഞ്ചു തവണ സൂപ്പര്‍ സ്‌പോര്‍ട്‌സ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് പട്ടം സ്വന്തമാക്കിയ കനാന്‍ സോഫഗ്ലൂവിന്റെ മകനായ സെയ്ന്‍ സോഫോഗ്ലൂ ആണ് ഈ കുട്ടി റേസര്‍. കളിപ്പാട്ട കാറുകള്‍ ഓടിക്കേണ്ട പ്രായത്തില്‍ സൂപ്പര്‍ കാറുകളില്‍ ഒന്നായ ലംബോര്‍ഗിനി റെവേല്‍റ്റോയാണ് സെയ്ന്‍ പറത്തിയത്. ചെറുപ്രായത്തില്‍ കാറുകളെ സ്‌നേഹിച്ച കുട്ടിക്ക് റേസർ കൂടിയായ പിതാവ് ഡ്രൈവിങ് ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു.
ഇതാദ്യമായല്ല സെയ്ന്‍ കാറുകള്‍ ഓടിക്കുന്നത്. ഇതിനു മുമ്പും സൂപ്പര്‍ കാറുകളും ബൈക്കുകളും ഓടിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ മൂന്നര മില്യണിലധികം ആരാധകരുള്ള സൂപ്പര്‍ ക്യൂട്ട് റേസര്‍ കൂടിയാണ്. സെയിനിന്റെ പുതിയ വിഡിയോ രണ്ട് മില്യണില്‍ അധികം ആളുകളാണ് കണ്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ അതിവേഗത്തില്‍ കാര്‍ പറപ്പിച്ച് പോകുന്നതും വാഹനം ഡ്രിഫ്റ്റ് ചെയ്യുന്നതുമെല്ലാം കാണാം. വാഹനത്തില്‍ കയറുന്നതിനു മുമ്പ് എല്ലാ സുരക്ഷാമാനദണ്ഡങ്ങളും സെയ്ന്‍ പിന്‍തുടരുന്നുണ്ട്.
കാറിന്റെ ഡ്രൈവിങ്ങ് സീറ്റില്‍ പ്രത്യേക ഡ്രൈവിങ് സീറ്റ് സജ്ജീകരിച്ചാണ് വാഹനം ഓടിക്കുന്നത്. സ്റ്റിയറിങ്ങിലും ബ്രേക്കിങ് പെഡലുകളിലും കാലുകള്‍ എത്തുന്ന വിധത്തിലാണ് സീറ്റ് ക്രമീകരിച്ചിരിക്കുന്നത്. സെയിനിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കാറുകള്‍, ബൈക്കുകള്‍, ഗോ കാര്‍ട്ടുകള്‍ എന്നിവ ഓടിക്കുന്നതും ഐസ് സ്‌കേറ്റിങ് നടത്തുന്നതിന്റെയും വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുന്‍പ് ടെസ്‌ല കാറുകള്‍, നിസാന്‍ 200 എസ്എക്‌സ് ഡ്രിഫ്റ്റ് കാര്‍, ഫെരാരി എന്നിവ ഓടിച്ചിട്ടുണ്ട്. സൂപ്പര്‍കാറുകള്‍, റേസിങ് ബൈക്ക്, ട്രെയിലറുകള്‍ എന്നിവയെല്ലാം സെയ്‌നിനു മുന്നില്‍ നിസാരര്‍ എന്നും വേണമെങ്കില്‍ പറയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.