കാസർകോട്: ചെക്ക് റിപ്പബ്ലിക്കന്‍ വാഹന നിര്‍മാതാക്കളായ സ്‌കോഡയുടെ നെയിം യുവര്‍ സ്‌കോഡ ക്യാമ്പയിനില്‍ വിജയിയായി കാസര്‍കോട് സ്വദേശി ഹാഫിള് മുഹമ്മദ് സിയാദ് മര്‍ജാനി അല്‍ യമാനി. സ്‌കോഡ പുതുതായി പുറത്തിറക്കുന്ന ചെറു എസ്.യു.വിക്ക് സ്‌കോഡ ‘കൈലാഖ്’ എന്ന പേരാണ് സിയാദ് നിര്‍ദേശിച്ചത്. കാസര്‍കോട് നജാത്ത് ഖുര്‍ആന്‍ അക്കാദമിയിലെ അധ്യാപകനാണ് മുഹമ്മദ് സിയാദ്.
പുതിയതായി വിപണിയിലെത്തുന്ന ചെറു എസ്.യു.വിയുടെ പേര് നിര്‍ദേശിക്കാനുള്ള മത്സരം സ്‌കോഡ ആരംഭിച്ചത് ഈ വര്‍ഷം ഫെബ്രുവരിയിലാണ്. അതേ മാസം തന്നെ പുതിയ വാഹനത്തിന്റെ പേര് സിയാദ് നിര്‍ദേശിച്ചിരുന്നു. നെയിം യുവര്‍ സ്‌കോഡ എന്ന ക്യാമ്പയ്നിലൂടെയാണ് പ്രകാരമാണ് പേരുകള്‍ ക്ഷണിച്ചത്. ‘കെ’യില്‍ ആരംഭിച്ച് ‘ക്യു’വില്‍ അവസാനിക്കുന്ന പേര് നിര്‍ദേശിക്കാനായിരുന്നു സ്‌കോഡ ആവശ്യപ്പെട്ടത്. ഒരാൾക്ക് പരമാവധി അഞ്ച് പേരുകൾ വരെ നിർദേശിക്കാം. അതിലേക്കാണ് കൈലാഖ് എന്ന പേരും സിയാദ് നിര്‍ദേശിച്ചത്.
സ്‌കൂട്ടര്‍ മാത്രം സ്വന്തമായുള്ള സിയാദ് കാര്‍ എന്ന തന്റെ സ്വപ്നമാണ് സ്‌കോഡ സഫലമാക്കിയത്. രണ്ടു ലക്ഷം ആളുകളില്‍ നിന്നാണ് തനിക്ക് ഒന്നാം സമ്മാനം ലഭിച്ചതെന്നും അതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമ്മാനം ലഭിക്കുമെന്ന് കരുതിയില്ലെന്നും കൈലാഖിന്റെ രാജ്യത്തെ ആദ്യ ഉടമയായതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്നും സിയാദ് കൂട്ടിച്ചേര്‍ത്തു. വാഹനം അടുത്ത വർഷം ലഭിക്കുമെന്നാണ് സ്‌കോഡ അറിയിച്ചിട്ടുണ്ട്. സിയാദിനെ കൂടാതെ പത്ത് പേര്‍ക്ക് കൂടി യൂറോപ്യൻഡ നഗരമായ പ്രാഗ് സന്ദര്‍ശിക്കാനുള്ള അവസരവും സ്‌കോഡ ഒരുക്കിയിട്ടുണ്ട്. കോട്ടയം സ്വദേശി രാജേഷ് സുധാകരനും ഇതിൽ ഉള്‍പ്പെട്ടിട്ടുണ്ട്.
സംസ്കൃതത്തിൽ ‘പളുങ്ക്’ എന്ന അര്‍ഥം വരുന്ന സംസ്‌കൃത വാക്കില്‍ നിന്നാണ് പുതിയ വാഹനത്തിന് സ്‌കോഡ കൈലാഖ് എന്ന പേരു നല്‍കിയിരിക്കുന്നത്. ആരാധകരില്‍നിന്നു ലഭിച്ച ആയിരക്കണക്കിനു പേരുകളില്‍ നിന്ന് സ്‌കോഡ കൈറോക്ക്, സ്‌കോഡ ക്വിക്ക്, സ്‌കോഡ കൈലാഖ്, സ്‌കോഡ കോസ്മിക്, സ്‌കോഡ കയാക്ക്, സ്‌കോഡ ക്ലിക് എന്നിവ ചുരുക്കപ്പട്ടികയിലെ അവസാന ആറിൽ എത്തുകയായിരുന്നു. ഇവയില്‍ നിന്നാണ് ബുധനാഴ്ച കോംപാക്ട് എസ്.യു.വിക്ക് ചേര്‍ന്ന പുതിയ പേര് തിരഞ്ഞെടുത്തത്.
പൂര്‍ണമായും ഇന്ത്യയില്‍ തന്നെ വികസിപ്പിക്കുകയും നിര്‍മിക്കുകയും ചെയ്യുന്ന വാഹനത്തിനെ ഏറെ പ്രതീക്ഷയോടെയാണ് ആളുകള്‍ കാത്തിരിക്കുന്നത്. കുഷാഖിനോട് സാമ്യമുള്ള എസ്.യു.വിയുടെ രണ്ട് രേഖാചിത്രങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. സബ്-4 മീറ്റര്‍ സെഗ്മെന്റിലെ തങ്ങളുടെ ആദ്യ മോഡല്‍ അടുത്ത വര്‍ഷം ആദ്യം ഭാരത് മൊബിലിറ്റി ഷോയില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
രാജ്യത്ത് ഏറ്റവും വില്‍പ്പനയുള്ള കോംപാക്ട് എസ്.യു.വി സെഗ്മെന്റിലേക്കാണ് സ്‌കോഡ പയറ്റാനിറങ്ങുന്നത്. വിപണിയില്‍ മാരുതി ബ്രെസ, ടാറ്റ നെക്‌സോണ്‍, കിയ സോനെറ്റ്, ഹ്യുണ്ടായ് വെന്യു, മഹീന്ദ്ര എക്‌സ്.യു.വി 300, നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍ എന്നീ വാഹനങ്ങള്‍ ആയിരിക്കും പ്രധാന എതിരാളികള്‍. ഏകദേശം 8 ലക്ഷം രൂപയായിരിക്കും കൈലാഖിന്‍റെ എക്‌സ്‌ഷോറും വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.