ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ മുകേഷ് അംബാനിയുടെ യാത്രകള്‍ക്ക് പകിട്ടേകാന്‍ 1000 കോടിയുടെ പുത്തന്‍ ബോയിങ് വിമാനം. തന്റെ ആകാശ യാത്രകള്‍ക്കായി ബോയിങ് 737 മാക്സ് 9 വിമാനമാണ് മുകേഷ് അംബാനി സ്വന്തമാക്കിയത്. നിലവില്‍ ഏതൊരു ഇന്ത്യന്‍ വ്യവസായ പ്രമുഖന്റെയും ഉടമസ്ഥതയിലുള്ള ഏറ്റവും ചെലവേറിയ സ്വകാര്യ ജെറ്റ് വിമാനമാണിത്. ഈ വിമാനം ഇന്ത്യയില്‍ സ്വന്തമാക്കുന്ന ആദ്യത്തെ വ്യക്തിയെന്ന നേട്ടവും മുകേഷ് അംബാനി സ്വന്തമാക്കിയിട്ടുണ്ട്. ഇത് കൂടാതെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ഒമ്പത് സ്വകാര്യ ജെറ്റുകളും ഉണ്ട്.
ബോയിങ് 737 മാക്സ് 9 ജെറ്റ് കാര്യമായ പരിഷ്‌കാരങ്ങള്‍ക്കും പരീക്ഷണ പറക്കലുകള്‍ക്കും ശേഷം അടുത്തിടെയാണ് ഇന്ത്യയിലെത്തിയത്. സ്വിറ്റ്സര്‍ലന്‍ഡിലെ യൂറോ എയര്‍പോര്‍ട്ട് ബാസല്‍ - മള്‍ഹൗസ് - ഫ്രീബര്‍ഗില്‍ വിപുലമായ ക്യാബിന്‍ മോഡിഫിക്കേഷനുകള്‍ക്കും ഇന്റീരിയര്‍ നവീകരണത്തിനും ശേഷം മുകേഷ് അംബാനിയുടെ ബോയിങ് 737 മാക്സ് 9 വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെടുന്നതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിട്ടുണ്ട്. ജെറ്റിന്റെ ഇന്റീരിയര്‍ ചിത്രങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ഏറ്റവും ആഡംബരപൂര്‍ണമായാണ് സജ്ജീകരിച്ചിട്ടുള്ളതെന്നാണ് ലഭ്യമായ വിവരം.
ബോയിങ്ങിന്‍റെ റെന്റൻ പ്രൊഡക്ഷന്‍ സൗകര്യത്തില്‍ നിര്‍മിച്ച ഏറ്റവും ആധുനികമായ രണ്ട് സി.എഫ്.എം.ഐ ലീപ്പ്- 1 ബി എൻജിനുകളാണ് ഈ വിമാനത്തിനുള്ളത്. ഒറ്റ യാത്രയില്‍ 11,770 കിലോമീറ്റര്‍ ദൂരം പറക്കാന്‍ സാധിക്കും. ബോയിങ് 737 മാക്‌സ് 9 ജെറ്റിന്റെ അടിസ്ഥാന വില 118.5 മില്യണ്‍ ഡോളറാണ്. കൂടാതെ സ്വിറ്റ്സര്‍ലന്‍ഡില്‍ പൂര്‍ത്തിയാക്കിയ ക്യാബിന്‍ റിട്രോഫിറ്റിങ്ങിന്റെയും ഇന്റീരിയര്‍ മോഡിഫിക്കേഷന്‍റെയും തുക അധികമായി വരും.
മുന്‍ഗാമിയായ ബോയിങ് മാക്സ് 8 പതിപ്പിനെ അപേക്ഷിച്ച് വലിയ ക്യാബിനും കാര്‍ഗോ വിഭാഗവുമാണ് ബോയിങ് മാക്‌സ് 9 ജെറ്റിന്. ഇന്ത്യയിലെത്തിയ അംബാനിയുടെ പുത്തന്‍ വാഹനം നിലവില്‍ ഡല്‍ഹി എയര്‍പോര്‍ട്ടിലെ കാര്‍ഗോ ടെര്‍മിനലിനടുത്താണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. ബൊംബാര്‍ഡിയര്‍ ഗ്ലോബല്‍ 6000, രണ്ട് ദസാള്‍ട്ട് ഫാല്‍ക്കണ്‍ 900എസ്, എംബ്രയര്‍ ഇ.ആര്‍.ജെ - 135, രണ്ട് ഹെലികോപ്റ്ററുകള്‍ എന്നിവയാണ് മുകേഷ് അംബാനിയുടെ കുടുംബം ആകാശയാത്രകള്‍ക്കായി കൂടുതലും ഉപയോഗിക്കാറുള്ളത്. ഇക്കൂട്ടത്തിലേക്കാണ് പുതിയ വിമാനം കടന്നുവന്നിരിക്കുന്നത്.
ഇന്ത്യയിലെത്തുന്നതിനുമുമ്പ് ഈ സ്വകാര്യ ജെറ്റ് ബാസല്‍, ജനീവ, ലണ്ടന്‍, ലൂട്ടണ്‍ വിമാനത്താവളങ്ങള്‍ക്കിടയില്‍ ആറ് പരീക്ഷണ പറക്കലുകള്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം. മോഡിഫിക്കേഷനുകള്‍ക്ക് ശേഷം വിമാനത്തിന്റെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതില്‍ ഈ പറക്കലുകള്‍ നിര്‍ണായകമായിരുന്നു. ഒമ്പത് മണിക്കൂറിലധികം നീണ്ടുനില്‍ക്കുന്ന, 6,234 കിലോമീറ്റര്‍ ദൂരം പിന്നിടുന്നതായിരുന്നു ബോയിംഗ് 737 മാക്സ് 9 ജെറ്റിന്റെ ഇന്ത്യയിലേക്കുള്ള യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.