ന്യൂഡൽഹി: ജി.എസ്.ടിയിൽ കാറുകൾക്ക് ഏർപ്പെടുത്തിയ സെസ് വർധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നൽകി. ഇടത്തരം, വലിയ കാറുകൾ എസ്.യു.വികൾ എന്നിവയുടെ സെസാണ് വർധിപ്പിക്കുക. ഇത് കാറുകളുടെ വില കൂടുന്നതിന് കാരണമാവും. സെസ് 15 ശതമാനത്തിൽ നിന്ന് 25 ശതമാനമായി വർധിപ്പിക്കാനാണ് മന്ത്രിസഭ തീരുമാനം.
ജി.എസ്.ടിയിലെ സെക്ഷൻ എട്ടിൽ മാറ്റം വരുത്തുന്നതിനുള്ള ഒാർഡിനൻസ് ആയിരിക്കും സർക്കാർ പാർലമെൻറിൽ അവതരിപ്പിക്കുക. നിലവിൽ ജി.എസ്.ടിയിൽ 28 ശതമാനം നികുതിയും 15 ശതമാനം സെസുമാണ് കാറുകൾക്ക് ചുമത്തുന്നത്. ജി.എസ്.ടി നിലവിൽ വരുന്നതിന് മുമ്പ് ചുമത്തിയിരുന്ന നികുതിയേക്കാളും കുറവാണിത്.
അതേ സമയം, ജി.എസ്.ടിയിൽ സെസ് ഉയർത്താനുള്ള തീരുമാനം വാഹന വിപണിക്ക് തിരിച്ചടിയാവുമെന്ന് ഒൗഡി പ്രതികരിച്ചു. നിലവിൽ ഉയർന്ന നികുതിയാണ് കാറുകൾക്ക് ചുമത്തുന്നത്. ഇതിനൊപ്പം അധിക സെസ് കൂടി ഏർപ്പെടുത്തിയാൽ ജി.എസ്.ടിക്ക് മുമ്പുണ്ടായിരുന്നതിനേക്കാളും കാറുകൾക്ക് വില ഉയർത്തേണ്ടി വരുമെന്ന് ഒൗഡി ഇന്ത്യ തലവൻ റാഹിൽ അൻസാരി പറഞ്ഞു.
നേരത്തെ ജി.എസ്.ടിയിൽ നികുതിയിളവ് ലഭിച്ചതോടെ രാജ്യത്തെ മുൻനിര കാർ നിർമാണ കമ്പനികളെല്ലാം വൻ വിലക്കുറവുമായി രംഗത്തെത്തിയിരുന്നു. 10,000 രൂപ മുതൽ ലക്ഷങ്ങൾ വരെ പല കാർ നിർമാണ കമ്പനികളും വിലയിൽ ഇളവ് ലഭ്യമാക്കിയിരുന്നു. എന്നാൽ കാറുകൾക്ക് ഇത്തരത്തിൽ ജി.എസ്.ടിയിൽ നികുതിയിളവ് നൽകുന്നതിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നു. ഇതിെൻറ പശ്ചാത്തലത്തിലാണ് സെസ് വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.