ഓഡിയുടെ നാലാം കണ്ണ്

പണക്കാരിലെ ‘പാവ’ങ്ങളുടെ സ്വപ്നവാഹനങ്ങള്‍ മൂന്നെണ്ണമാണ്. ബെന്‍സ് സി ക്ളാസ്, ബി.എം.ഡബ്ളു ത്രീ സീരീസ്, ഓഡി എ ഫോര്‍ എന്നിവയാണവ. ഇതില്‍ ഓഡിയൊരു അവസാന സാധ്യതയായിരുന്നു ഇതുവരെ. പുതിയ എ ഫോറിന്‍െറ വരവോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിയാന്‍ സാധ്യതയുണ്ട്. നേരത്തെ സി ക്ളാസും ത്രീ സീരിസും മുഖംമിനുക്കിയിരുന്നു. മാറ്റങ്ങളോടെയത്തെുന്ന എ ഫോര്‍ ഇവരോടെല്ലാം ഏറ്റുമുട്ടാന്‍ പ്രാപ്തനാണ്. ഓഡിയുടെ ഏറ്റവും വിലകുറഞ്ഞ മോഡല്‍ എ ഫോറല്ല. അത് എ ത്രീയാണ്. പക്ഷെ ഒരു ആഢംബരക്കാറിന് വേണ്ട എല്ലാ പ്രത്യേകതകളും ഒത്തിണങ്ങിയ ഏറ്റവും വിലകുറഞ്ഞ കാര്‍ എ ഫോറാണ്.

എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ രൂപത്തില്‍ മികവൊന്നും ഓഡിക്ക് അവകാശപ്പെടാനില്ല. പ്രത്യേകിച്ചും ബെന്‍സിന്‍െറ സി ക്ളാസ് പോലെ വടിവൊത്ത സുന്ദരന്മാര്‍ വിപണിയില്‍ ഉള്ളപ്പോള്‍. വേണമെങ്കില്‍ ഓഡിക്ക് നമുക്ക് രണ്ടാം സ്ഥാനം നല്‍കാം. ബി.എം.ഡബ്ളു ത്രീ സീരീസിനേക്കാള്‍ ഗാംഭീര്യമുള്ള കാറാണ് എ ഫോറെന്ന് പറയാം. പക്ഷെ എ ഫോര്‍ നിര്‍മ്മിച്ചിരിക്കുന്ന പ്ളാറ്റ്ഫോം ഏതാണെന്നറിഞ്ഞാല്‍ ഒന്നുഞെട്ടും. ഓഡിയുടെ ഏറ്റവും പുതിയ എം.എല്‍.ബി ഇവോയാണ് ആ പ്ളാറ്റ്ഫോം. ഇതില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി തന്നെയാണ് ക്യൂ സെവന്‍, എ എയ്റ്റ് തുടങ്ങി ബെന്‍റ്ലെ ബെന്‍റയ്ഗയെന്ന ലോകത്തിലെ ഏറ്റവും വിലകൂടിയ എസ്.യു.വി വരെ നിര്‍മ്മിച്ചിരിക്കുന്നത്. അധികം വടിവുകളോ ബോഡിലൈനുകളൊ എ ഫോറിനില്ല. വലിയ ഗ്രില്ലും ആധുനികനായ ഹെഡ്ലൈറ്റുകളും ഭംഗിയുള്ളത്. ഓഡിയുടെ സ്പോര്‍ട്സ് കാറായ ടി.ടിയുമായി മുന്‍വശത്തിന് സാമ്യം തോന്നാവുന്നതാണ്. പിന്നില്‍ വിവിധ അടരുകളുള്ള എല്‍.ഇ.ഡി ടെയില്‍ ലൈറ്റാണ്. പഴയ വാഹനത്തില്‍ നിന്നുള്ള എടുത്തുപറയാവുന്ന മാറ്റം ഭാരക്കുറവാണ്. തന്‍െറ മുന്‍ഗാമിയേക്കാള്‍ 95 കിലോ കുറവാണ് പുതിയ എ ഫോറിന്.  

 
പുറം ഭാഗം കാണുമ്പോഴുണ്ടാകുന്ന മടുപ്പിനെ കുടഞ്ഞെറിയാന്‍ പാകത്തിന് ആധുനികവും അഴകുള്ളതുമാണ് എ ഫോറിന്‍െറ ഉള്‍വശം. പുത്തന്‍ ക്യു സെവനുമായാണ് അകവശത്തിന് സാമ്യം കൂടുതല്‍. ഓഡികളുടെ പ്രത്യേകതയായിരുന്ന ഉള്ളിലേക്ക് സ്വയം മടങ്ങിപ്പോകുന്ന ടച്ച് സ്ക്രീന്‍ ഇവിടെ ഒഴിവാക്കിയിരിക്കുന്നു. പുതിയ ടച്ച് സ്ക്രീന്‍ അങ്ങിനെതന്നെ നില്‍ക്കും. ബീജും കറുപ്പും ചേര്‍ന്നതൊ മൊത്തം കറുപ്പോടുകൂടിയതൊ ആയ ലെതര്‍ അപ്പോള്‍സറി ആണ് നല്‍കിയിരിക്കുന്നത്. ഓടിയുടെ സ്വന്തം വിര്‍ച്വല്‍ കോക്ക്പിറ്റും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍റ് ക്ളസ്ചറും ചേരുമ്പോള്‍ അകവശം അതിമനോഹരവും സൗകര്യപ്രദവുമാകുന്നു. നിര്‍മ്മാണ സാമഗ്രികളുടെ നിലവാരം മികച്ചത്. ഡോറില്‍ പിടിപ്പിച്ച വിങ്ങ് മിററുകള്‍ ചെറുതെങ്കിലും മികച്ച കാഴ്ച നല്‍കും. ഫ്രെയിമില്ലാത്ത റിയര്‍വ്യൂ മിററര്‍, വയര്‍ലെസ്സ് ചാര്‍ജിങ്ങ് പാഡ് തുടങ്ങി ഈ വിഭാഗത്തില്‍ ഇതുവരെ കാണാത്ത ഓര്‍മശക്തിയുള്ള താക്കോല്‍ വരെ എ ഫോറിനെ സമാനതകളില്ലാത്ത ആധുനികനാക്കുന്നു. താക്കോലിന്‍െറ മെമ്മറി ഉപയോഗിച്ച് ഒരാള്‍ക്ക് ഇഷ്ടമുള്ള സീറ്റ് പൊസിഷന്‍, മിറര്‍ പൊസിഷന്‍, എ.സി, ഡ്രൈവ് മോഡ് തുടങ്ങി മീഡിയ വരെ ക്രമീകരിക്കാം.


എഞ്ചിനിലത്തെിയാല്‍ പഴയ 1.8ലിറ്ററിന് പകരം 1.4ലിറ്റര്‍ ടി.എസ്.ഐ ആണ് നല്‍കിയിരിക്കുന്നതെന്ന് കാണാം. പുതിയ സ്കോഡ ഒക്ടാവിയയുടെ അതേ എഞ്ചിനാണിത്. 1395 സി.സി ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ 250എന്‍.എം ടോര്‍ക്കും 150പി.എസ് പവറും ഉല്‍പ്പാദിപ്പിക്കും. മൊത്തത്തില്‍ നോക്കിയാല്‍ എഞ്ചിനൊന്ന് ചെറുതായെന്നും പവറൊന്ന് കുറഞ്ഞെന്നും തോന്നാം. കാരണം പഴയ എ ഫോര്‍ 170 എച്ച്.പി കരുത്തനായിരുന്നു. പക്ഷെ ഭാരം കുറച്ചും മികച്ച ഏഴ് സ്പീഡ്, ഇരട്ട ക്ളച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഉള്‍പ്പെടുത്തിയും ഓഡിയുടെ എഞ്ചിനീയര്‍മാര്‍ പ്രശ്നം പരിഹരിച്ചിട്ടുണ്ട്. 17.4കിലോമീറ്റര്‍ എന്ന മൈലേജും ആകര്‍ഷകമാണ്.  

ഓഡിയുടെ വാഹനങ്ങള്‍ ഓടിച്ചിട്ടുള്ളവര്‍ക്കറിയാം, വന്യമായ കരുത്തിന് പകരം അത് നല്‍കുന്നത് യാത്രാ സുഖത്തോടുകൂടിയ മാന്യമായ കരുത്താണെന്ന്. ഇവിടേയും അതുതന്നെയാണ് സംഭവിച്ചിരിക്കുന്നത്. മികവുള്ള സ്സ്പെന്‍ഷനും 17ഇഞ്ച് അലോയ് വീലുകളും നല്ല ടയറുകളും ചേര്‍ന്ന് എ ഫോര്‍ സുഖപ്രദമായ യാത്ര നലകുന്ന വാഹനമായി മാറിയിരിക്കുന്നു. കംഫര്‍ട്ട്, ഓട്ടോ, ഡൈനാമിക്, ഇന്‍ഡിവിജ്വല്‍ എന്നിങ്ങനെ നാല് മോഡുകളുമുണ്ട്. വില 32മുതല്‍ 42ലക്ഷം വരെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.