ആഗോള എസ്.യു.വി വിപണിയിൽ സാന്നിധ്യം ശക്തമാക്കാൻ ഹോണ്ടയുടെ കോംപാക്ട് എസ്.യു.വി വരുന്നു. 2020 പകുതിയോടെ എത്തുന്ന എസ്.യു.വിയുടെ സ്ഥാനം എച്ച്.ആർ.വിക്ക് താഴെയായിരിക്കും . അടുത്ത തലമുറ എച്ച്.ആർ.വിയെ 2021ൽ നിരത്തിലെത്തിക്കാനാണ് ഹോണ്ട ഉദ്ദേശിക്കുന്നത്. അതിന് മുന്നോടിയായി 4 മീറ്റററിൽ താഴെയുള്ള കോംപാക്ട് എസ്.യു.വിയെ ലൈനപ്പിൽ എത്തിക്കാനാണ് ശ്രമം.
ടോയോട്ട റെയ്സ്, മാരുതി ജിംനി തുടങ്ങിയ മോഡലുകളോട് മൽസരിക്കാൻ പോന്നൊരു കരുത്തനാണ് ഹോണ്ടയുടെ ലക്ഷ്യം. പുതിയ ജനറേഷൻ സിറ്റിയുമായിട്ട് പല ഘടകങ്ങളിലും സാമ്യമുണ്ട്. ഇൻറീരിയറിൽ ഉൾപ്പടെ സിറ്റിയിലെ ഘടകങ്ങൾ കാറിൽ ഉണ്ടാവുമെന്ന സൂചനകൾ ഹോണ്ട നൽകിയിട്ടുണ്ട്.
രണ്ട് എൻജിൻ ഓപ്ഷനുകളിൽ പുതിയ കോംപാക്ട് എസ്.യു.വി വിപണിയിലെത്തും. 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിനായിരിക്കും എൻജിനുകളിലൊന്ന്. സിറ്റിയിലെ അതേ എൻജിൻ തുടരാനാണ് സാധ്യത. 1.5 ലിറ്റർ പെട്രോൾ എൻജിനായിരിക്കും രണ്ടാമത്തേത്. ഹോണ്ടയുടെ ഹൈബ്രിഡ് സിസ്റ്റവുമായിട്ടായിരിക്കും ഈ എൻജിൻ എത്തുക. ഡീസൽ എൻജിൻ ഉൾപ്പെടുത്തുമെന്ന് പറയുന്നുണ്ടെങ്കിലും മാർക്കറ്റുകൾക്ക് അനുസരിച്ച് ഇതിൽ വ്യത്യാസം വരാം.
അതേസമയം, കോംപാക്ട് എസ്.യു.വിയുടെ ഇന്ത്യ ലോഞ്ചിനെ കുറിച്ചുള്ള റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല. ഇന്ത്യയിൽ കാർ പുറത്തിറങ്ങുകയാണെങ്കിൽ ഹ്യുണ്ടായ് വെന്യു, ടാറ്റ നെക്സോൺ, മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോഡ് ഇക്കോസ്പോർട്ട് തുടങ്ങിയവക്കാവും വെല്ലുവിളി ഉയർത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.