ലോകത്തിലെ തന്നെ ഏറ്റവും പെരുമയുള്ള വാഹന പുരസ്കാരങ്ങളിലൊന്നായ വേൾഡ് അർബൻ കാർ ഒാഫ് ദ ഇയർ പുരസ്കാരം ഇത്തവണ ലഭിച്ചത് ഫോക്സ്വാഗൻ പോളോക്കാണ്. വാഹന ലോകത്തെ ഏറ്റവും മൂല്യമുള്ള പുരസ്കാരമായാണ് വേൾഡ് കാർ അവാർഡുകളെ പരിഗണിക്കുന്നത്. 28 രാജ്യങ്ങളിലെ 82 പ്രശസ്ത ഒാേട്ടാമൊബൈൽ ജേണലിസ്റ്റുകൾ ചേർന്നാണ് പുരസ്കാരത്തിന് വാഹനങ്ങളെ തിരഞ്ഞെടുക്കുന്നത്.
2004ലാണ് അവാർഡ് നൽകാനാരംഭിച്ചത്. 2018ലെ വേൾഡ് കാർ ഒാഫ് ദ ഇയർ ആയി വോൾവോ എക്സ്.സി 60, ലക്ഷ്വറി കാർ ആയി ഒൗഡി എ8, പെർഫോമൻസ് കാർ ആയി ബി.എം.ഡബ്ല്യൂ എം 5 എന്നിവ തിരഞ്ഞെടുക്കപ്പെട്ടു. ഡിസൈൻ ഒാഫ് ദ ഇയർ ആയി റേഞ്ച് റോവർ വെലാർ, ഗ്രീൻ കാർ ആയി നിസാൻ ലീഫ് എന്നിവയും തിരഞ്ഞെടുക്കപ്പെട്ടു. പോളോക്ക് ആദ്യമായല്ല പുരസ്കാരം ലഭിക്കുന്നത്. 2010ൽ പോളോ വേൾഡ് കാർ ഒാഫ് ദ ഇയർ ആയിരുന്നു. 2009ലും 2013ലും പോളോയുടെ യൂറോപ്യൻ ഇരട്ടയായ ഗോൾഫിനായിരുന്നു പുരസ്കാരം. ഇൗ വർഷം ഫോർഡ് ഫിയസ്റ്റ, സുസുക്കി സ്വിഫ്റ്റ് എന്നിവയിൽ നിന്നുള്ള കടുത്ത മത്സരത്തിനൊടുവിലാണ് പോളോ നഗര വാഹനമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിലും മികച്ച വിൽപനയുള്ള വാഹനമാണ് ഫോക്സ്വാഗൺ പോളോ.
മാരുതി സ്വിഫ്റ്റിനും ഹ്യുണ്ടായ് െഎ 20ക്കും പിന്നിൽ മൂന്നാമതായിരുന്നു എന്നും പോളോയുടെ സ്ഥാനം. യൂറോപ്പിലെ മാരുതി എന്ന് വിളിപ്പേരുള്ള ഫോക്സ്വാഗൻ മികച്ച നിലവാരത്തിലാണ് പോളോ അവിടങ്ങളിൽ നിർമിക്കുന്നത്. ഇന്ത്യയിലെത്തുേമ്പാൾ ഇൗ മേന്മ കാത്തുസൂക്ഷിക്കാൻ കഴിയുന്നില്ലെന്നൊരു ആരോപണം കമ്പനിക്കെതിരെ ഉണ്ട്. ഇപ്പോൾ അവാർഡ് ലഭിച്ച പോളോയും ഇന്ത്യയിലെ വാഹനവും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്. എട്ട് ഇഞ്ച് ഇൻഫോടൈൻമെൻറ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, വിവിധ ഡ്രൈവ് മോഡുകൾ, ഇതിൽതന്നെ സസ്പെൻഷൻ ഉൾെപ്പടെ ക്രമീകരിക്കാവുന്ന സംവിധാനം, ആക്ടിവ് ക്രൂസ്കൺട്രോൾ, എമർജൻസി ബ്രേക്കിങ്, പെഡസ്ട്രിയൻ മോണിറ്ററിങ് സിസ്റ്റം, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ തുടങ്ങി ആധുനികന്മാരായ ആഡംബര വാഹനങ്ങളോട് കിടപിടിക്കുന്നതാണ് യൂറോപ്പിലെ പോളോ. നിർമാണ നിലവാരത്തിലും എൻജിനുകളിലും ഇൗ വ്യത്യാസം കാണാം.
ഇന്ത്യയിൽ മൂന്നുതരം എൻജിൻ വകഭേദങ്ങളാണ് പോളോക്കുള്ളത്. 1.0 ലിറ്റർ പെട്രോൾ പോളോ ഇന്ത്യയിൽ ലഭിക്കുന്ന വിലകുറഞ്ഞ ഹാച്ചുകളിലൊന്നാണ്. 1.2 ലിറ്റർ ജി.ടി ഒാേട്ടാമാറ്റിക് കരുത്തുകൂടിയ വാഹനം വേണ്ടവർക്കുള്ളതാണ്. 103 ബി.എച്ച്.പി കരുത്തുള്ള ജി.ടി ബലേനൊ ആർ.എസിെൻറ പ്രധാന എതിരാളിയുമാണ്. 1.5 ലിറ്റർ ടി.ഡി.െഎ ഡീസൽ എൻജിനാണ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട പോളോ. 88 ബി.എച്ച്.പി കരുത്തും 20 ലിറ്ററിനടുത്ത് ഇന്ധനക്ഷമതയുമുള്ള വാഹനത്തിന് അഞ്ച് സ്പീഡ് ഗിയർബോക്സാണ്. 1.5 ലിറ്റർ ടി.എസ്.െഎ പെട്രോൾ, 1.6 ലിറ്റർ ടി.ഡി.െഎ ഡീസൽ തുടങ്ങിയ എൻജിനുകൾ ഉള്ള പോളോകളാണ് യൂറോപ്പിൽ ഇറങ്ങുന്നത്.
ഇവ കരുത്തിലും പ്രകടനക്ഷമതയിലും ഇവിടത്തേതിനേക്കാൾ ഏെറ മുന്നിലാണെന്ന് പറയേണ്ടിവരും. മികച്ച നിർമാണ നിലവാരം പുലർത്തുന്ന യാത്രാസുഖമുള്ള വാഹനങ്ങളാണ്എക്കാലത്തേയും എവിടത്തേയും പോളോകൾ. നൽകുന്ന പണത്തിെൻറ മൂല്യത്തിനനുസരിച്ച് ചില വ്യത്യാസങ്ങൾ തീർച്ചയായും കാണാനാകും. എങ്കിലും വിശ്വസിച്ച് വാങ്ങാവുന്ന ഉൽപന്നം എന്ന ഖ്യാതി പോളോക്കുണ്ട്. ഉയർന്ന സർവിസ് ചാർജുകളും സെക്കൻഡ്ഹാൻഡ് വിപണിയിലെ ആവശ്യകതക്കുറവുമാണ് ഇപ്പോഴും പോളോ കളെ ജനപ്രിയമല്ലാതാക്കുന്നത്. ഇതൊന്നും നാം ഭയപ്പെടുന്നത്രയും ഇല്ലെന്ന് മനസ്സിലാക്കിയാൽ തീർച്ചയായും ഇൗ കാറുകൾ അനായാസം ഇന്ത്യക്കാരുടെ ഗാരേജിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.