തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരമുള്ള, ഗതാഗതക്കുറ്റങ്ങ ൾക്ക് ഉയർന്ന പിഴയും ശിക്ഷയും വ്യവസ്ഥ ചെയ്യുന്ന ചട്ടം ഞായറാഴ്ച സംസ്ഥാനത്ത് പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പിഴ വർധിപ്പിച്ചത് റോഡപകടങ്ങൾ കുറക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. 30 വര്‍ഷത്തിന് ശേഷമാണ് വിപുലമായ ഭേദഗതി കൊണ്ടുവന്നത്. 2019 ഏപ്രിൽ മുതൽ ജൂൺ വരെ സംസ്ഥാനത്ത് 14,076 അപകടങ്ങളുണ്ടായി. ഇതിൽ 1203 ജീവൻ പൊലിഞ്ഞു. പ്രതിവർഷം ശരാശരി 45,000 അപകടങ്ങളും 4500 മരണങ്ങളുമാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇൗ സാഹചര്യത്തിൽ നിയമവും പിഴയും കർശനമാക്കാതെ സർക്കാറിന് മുന്നിൽ മറ്റ് പോംവഴികളില്ലെന്നും മന്ത്രി വ്യക്തമാക്കി. പുതിയ ചട്ടത്തിെല പ്രധാന വ്യവസ്ഥകൾ ചുവടെ:
റദ്ദായ ലൈസൻസ് കിട്ടാൻ സാമൂഹിക സേവനം
ലൈസൻസ് റദ്ദാക്കുംവിധം ഗുരുതര ഗതാഗതക്കുറ്റങ്ങൾ ചെയ്യുന്നവർക്ക്, ലൈസൻസ് തിരികെ ലഭിക്കാൻ റിഫ്രഷ്മെൻറ് കോഴ്സും സാമൂഹികസേവനവും നിർബന്ധമാക്കും. കേന്ദ്ര നിയമത്തിൽ ഇക്കാര്യം വ്യവസ്ഥ ചെയ്യുന്നത്. സാമൂഹികനീതി വകുപ്പുമായും ആരോഗ്യവകുപ്പുമായും കൂടിയാലോചിച്ചാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ആശുപത്രികൾ, പാലിയേറ്റിവ് കെയർ എന്നിവിടങ്ങളിലെ സേവനമാണ് സാമൂഹികസേവനംകൊണ്ട് ഉേദ്ദശിക്കുന്നത്. കുറ്റംചെയ്യുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്കും ഇക്കാര്യം ബാധകമാക്കും.
ലൈസൻസ് പുതുക്കൽ വൈകിയാൽ വീണ്ടും ടെസ്റ്റ്
ഡ്രൈവിങ് ലൈസന്‍സ് കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷം വീണ്ടും ടെസ്റ്റിന് ഹാജരായി വിജയിച്ചാലേ ലൈസന്‍സ് പുതുക്കി ലഭിക്കൂ. തീയതി കഴിഞ്ഞ് ഒരു വര്‍ഷം വരെ പിഴ ഒടുക്കി പുതുക്കാം. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളുടെ ലൈസന്‍സ് കാലാവധി നിലവിലെ മൂന്ന് വര്‍ഷത്തിന് പകരം അഞ്ച് വര്‍ഷമാക്കി. ലൈസന്‍സ് അനുവദിക്കുന്നതിന് നിലവിലെ ഒരു മാസത്തെ ഗ്രേസ് പീരിയഡ് പുതിയ നിയമം നിലവില്‍ വരുന്നതോടെ ഇല്ലാതാകും.
രജിസ്േട്രഷനും ലൈസൻസിനും എവിടെയും അപേക്ഷിക്കാം
പുതിയ നിയമപ്രകാരം സംസ്ഥാനത്തെ ഏത് ഓഫിസിലും വാഹനത്തിെൻറ ഉടമസ്ഥത അവകാശം മാറ്റാവുന്നതും ലൈസന്‍സിന് അപേക്ഷിക്കാവുന്നതുമാണ്. പുതിയവാഹനം ഏത് ഓഫിസില്‍ വേണമെങ്കിലും രജിസ്റ്റർ ചെയ്യാം. എന്നാല്‍, വാഹന ഉടമയുടെ മേല്‍വിലാസം ഏത് ഓഫിസ് പരിധിയിലാണോ ഉള്‍പ്പെടുന്നത് ആ ഓഫിസിലെ ശ്രേണീ നമ്പർ മാത്രമേ അനുവദിക്കൂ.
വാഹന വ്യാപാരികൾക്ക് മൂക്കുകയർ
വാഹന വ്യാപാരികൾ തെറ്റായ വിവരം കാണിച്ച് വാഹനം രജിസ്റ്റര്‍ ചെയ്താല്‍ ആറുമാസം മുതല്‍ ഒരു വര്‍ഷംവരെ തടവോ വാര്‍ഷിക നികുതിയുടെ പത്ത് ഇരട്ടിയോളം പിഴയോ ചുമത്തും. വാഹന നിർമാതാക്കള്‍ നിർമാണം സംബന്ധിച്ച വ്യവസ്ഥകള്‍ ലംഘിച്ച് വില്ക്കുകയോ വാഹനത്തിന് രൂപമാറ്റം വരുത്തുകേയാ ചെയ്താൽ 100 കോടി രൂപ വരെ പിഴ ചുമത്താം. രൂപമാറ്റം വരുത്തൽ, വാഹന ഭാഗങ്ങള്‍ മാറ്റൽ എന്നിവക്ക് ആറുമാസം തടവും 5000 രൂപയും വരെ പിഴയും ചുമത്താം.
അപകടകരമായി വണ്ടി ഒാടിച്ചാൽ തടവ്; പിഴ
അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചാൽ ഡ്രൈവർക്ക് ആറ് മാസം മുതൽ ഒരു വര്‍ഷംവരെ തടവോ അല്ലെങ്കില്‍ 5000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടെയോ അനുഭവിക്കണം. ചുവന്ന സിഗ്നൽ െതറ്റിക്കൽ, നിർത്താനുള്ള ട്രാഫിക് നിർദേശം അനുസരിക്കാതിരിക്കൽ, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കൽ, അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ ഓവര്‍ടേക്ക് ചെയ്യൽ, വണ്‍വേ തെറ്റിച്ചുള്ള യാത്ര തുടങ്ങിയവയാണ് അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്ന കുറ്റത്തിൽ ഉള്‍പ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.