ഹ്യുണ്ടായി ക്രേറ്റയുടെ പുതിയ മോഡൽ ആദ്യം സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് സൂപ്പർസ്റ്റാർ ഷാറൂഖ് ഖാ ൻ. 1998ലാണ് ഹ്യുണ്ടായി ഇന്ത്യയിലെത്തുന്നത്. അന്ന് മുതലെ ഷാറൂഖ് കമ്പനിയുടെ ബ്രാൻഡ് അംബാസഡറാണ്. അതുകൊണ്ട് തന്നെ പുതിയ വാഹനം ഇറങ്ങിയപ്പോഴും ആദ്യം സ്വന്തമാക്കണമെന്ന ആഗ്രഹം കിങ് ഖാൻ പ്രകടിപ്പിക്കുകയായിരുന്നു.
ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന ഓട്ടോ എക്സ്പോയിൽ ഷാറൂഖ് തന്നെയായിരുന്നു ഈ വാഹനം അനാവരണം ചെയ്തത്. കറുപ്പ് നിറത്തിലെ ഏറ്റവും ഉയർന്ന മോഡലായ ടർബോ പെട്രോൾ മോഡലാണ് അദ്ദേഹം സ്വന്തമാക്കിയത്.
ഏറെ ന്യൂജൻ ഫീച്ചറുകളുമായാണ് പുതിയ ക്രേറ്റ വിപണിയിലെത്തുന്നത്. പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ എന്നീ മൂന്ന് വ്യത്യസ്ത ഹൃദയങ്ങളുമായാണ് 2020 മോഡലിൻെറ വരവ്. 9.99 ലക്ഷം മുതൽ 17.20 ലക്ഷം വരെയാണ് ഷോറും വില. ആദ്യ തലമുറയിൽനിന്ന് ഏറെ വ്യത്യസ്തമായ ഡിസൈനിങ്ങിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. വെന്യുവിലേതിന് സമാനമായ ഗ്രില്ല് ക്രേറ്റയിലും ഇടംപിടിച്ചു. മൂന്ന് എൽ.ഇ.ഡികൾ അടങ്ങിയ ഹെഡ്ലാമ്പും ഡേടൈം റണ്ണിംഗ് ലാമ്പുമെല്ലാം മിഴിവേകുന്നു.
പിന്നിലും കാര്യമായ മാറ്റങ്ങളാണ് സംവഭിച്ചത്. സ്പ്ലിറ്റ് ടെയിൽ ലാംബും നീളത്തിൽപോകുന്ന ബ്രേക്ക് ലൈറ്റുമെല്ലാം ഏറെ വ്യത്യസ്തമാണ്. പതിവുപോലെ സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിലാണ്. ആറ് എയർ ബാഗുകളാണ് വാഹനത്തിലുള്ളത്. ഇലക്ട്രിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസിസ്റ്റ് കൺട്രോൾ, കവർച്ചയിൽനിന്ന് സംരക്ഷിക്കാനുള്ള അലറാം എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻറീരിയറിലും ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നു. മുൻനിരയിലെ വെൻറിലേറ്റഡ് സീറ്റുകൾ, ഓട്ടോമാറ്റിക് എ.സി, ബോസിൻെറ സൗണ്ട് സിസ്റ്റം, വയർലെസ് റീചാർജിങ്, പിന്നിലെ യു.എസ്.ബി ചാർജർ തുടങ്ങിയ നിരവധി സവിശേഷതകൾ വാഹനത്തിലുണ്ട്. വോയിസ് എനാബിൾഡ് പനോരമിക് സൺറൂഫാണ് മറ്റൊരു പ്രത്യേകത.
ഇക്കോ, കംഫർട്ട്, സ്പോർട്ട് എന്നീ മൂന്ന് മോഡുകളിൽ ക്രേറ്റ ഓടിച്ചുപോകാം. 6 സ്പീഡ് ഓട്ടോമാറ്റിക് ഇൻറലിജൻറ് വാരിയബിൾ ട്രാൻസ്മിഷൻ, 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസിമിഷൻ, 6 സ്പീഡ് മാനുവൽ ട്രാൻസിമിഷൻ എന്നീ ഗിയർ സംവിധാനവും ക്രേറ്റയിലിണ്ട്. 1.5 ലിറ്റർ ഡീസൽ എൻജിൻ പരമാവധി 115 പി.എസ് പവറും 25.5 കെ.ജി.എം ടോർക്വും ഉൽപ്പാദിപ്പിക്കും.
പരമാവധി 140 പി.എസ് പവറും 24.7 കെ.ജി.എം ടോർക്കുമാണ് 1.4 ലിറ്റർ ടർബോ പെട്രോൾ എൻജിൻ നൽകുക. 1.5 ലിറ്റർ പെട്രോൾ എൻജിനിൽനിന്ന് പരമാവധി 115 പി.എസ് പവറും 14.7 കെ.ജി.എം ടോർക്കും ലഭിക്കുമെന്ന് കമ്പനി ഉറപ്പുനൽകുന്നു. ഡീസൽ മാനുവലിൽ 21.4 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ 18.5 കിലോമീറ്ററും മൈലേജ് ലഭിക്കും. പെട്രോൾ എൻജിൻ മാനുവലിൽ 16.8 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ 16.9 കിലോമീറ്ററുമാണ് പ്രതീക്ഷിക്കുന്ന മൈലേജ്. ടർബോ പെട്രോൾ എൻജിനിൽ ഡി.സി.ടി ഗിയർ സംവിധാനമാണുള്ളത്. ഇതിൽനിന്ന് 16.8 കിലോമീറ്റർ മൈലേജ് വരെ പ്രതീക്ഷിക്കാം. മാർച്ച് രണ്ടിന് ബുക്കിങ് ആരംഭിച്ചിരുന്നു. വാഹനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കമ്പനി അധികൃതർ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.