ത്രിപുരയിലെ പുത്തൻ താരോദയം തിപ്ര മോത്ത പാർട്ടിയെ കുറിച്ച് അറിയാം

വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്യം ഉറ്റുനോക്കുന്ന മത്സരം അരങ്ങേറിയത് ത്രിപുരയിലാണ്. ഇടതുപാർട്ടികളും കോൺഗ്രസും ഒരുമിച്ചു കൈകോർത്തു എന്നതിന് പു​റമേ ഇവിടെ ​ശ്രദ്ധേയമായത് തിപ്ര മോത്ത എന്ന പുതിയ പാർട്ടിയുടെ ഉദയവും ത്രിപുരയിലെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കി. 2019ലാണ് തിപ്ര മോത്ത പാർട്ടിയുടെ ജനനം. ഇതിന് തൊട്ടുപിന്നാലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തിപ്ര സീറ്റുകൾ തൂത്തുവാരിയിരുന്നു.

ഇടതുപക്ഷത്തിന് ശക്തമായ വേരുകളുള്ള സംസ്ഥാനമാണ് ത്രിപുര. സി.പി.എം തുടര്‍ച്ചയായി കാല്‍നൂറ്റാണ്ട് ഭരിച്ച സംസ്ഥാനം. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിനു പുറമേ സി.പി.എം ഭരിച്ചിരുന്ന ഏക സംസ്ഥാനവും ത്രിപുര ആയിരുന്നു. എന്നാല്‍, കഴിഞ്ഞ വട്ടം ഗതിമാറി. ബി.ജെ.പി പൂജ്യം സീറ്റില്‍നിന്ന് 36 സീറ്റുകളിലേക്ക് കുതിച്ചുകയറി സംസ്ഥാന ഭരണം പിടിച്ചു.

Full View


കേവലഭൂരിപക്ഷത്തിന് 31 സീറ്റുകള്‍ മാത്രം വേണ്ട ത്രിപുര നിയമസഭയില്‍ സഖ്യകക്ഷിയായ ഗോത്രവര്‍ഗ പാര്‍ട്ടി ഐ.പി.എഫ്.ടിയുടേതുള്‍പ്പെടെ 44 സീറ്റുകളുമായാണ് അവര്‍ അധികാരത്തിലെത്തിയത്. 49 സീറ്റുകളുണ്ടായിരുന്ന ഇടതുപക്ഷം 16 സീറ്റുകളിലേക്ക് ചുരുങ്ങി. കോണ്‍ഗ്രസ് പത്തു സീറ്റുകളില്‍നിന്ന് പൂജ്യത്തിലേക്കും. കോൺഗ്രസിന് സി.പി.എമ്മിനെ പോലെ തന്നെ ക്ഷീണം സംഭവിച്ചു. അതിനിടെയാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന പ്രദ്യുത് ദേബ് ബർമൻ അധ്യക്ഷ സ്ഥാനം രാജിവെക്കുന്നത്. ത്രിപുരയിലെ രാജകുടുംബാംഗം കൂടിയാണ് പ്രദ്യുത്. അഴിമതിക്കാരായ ആളുകളെ പ്രധാന സ്ഥാനങ്ങളിൽ അവരോധിക്കാൻ പാർട്ടി ഹൈ കമാൻഡ് നിർബന്ധിക്കുന്നു എന്ന് പറഞ്ഞായിരുന്നു രാജി.

ഇതിന് പിന്നാലെ ത്രിപുരയിലെ തദ്ദേശീയരെ സഹായിക്കുന്നതിനായി ടിപ്ര മോത്തക്ക് രൂപം നൽകി. 2021ലാണ് ടിപ്ര മോത്ത രാഷ്ട്രീയ പാർട്ടിയായി പ്രഖ്യാപിക്കുന്നത്. ഇൻഡിജനസ് നാഷനലിസ്റ്റ് പാർട്ടി ഓഫ് ടിപ്ര, ടിപ്ര ലാൻഡ് സ്റ്റേറ്റ് പാർട്ടി, ഐ.പി.എഫ്.ടി (ടിപ്ര) എന്നീ പാർട്ടികൾ പിന്നീട് ടിപ്ര മോത്തയിൽ ലയിച്ചു. ത്രിപുര ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക് കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 28 സീറ്റിൽ 18 എണ്ണവും ടിപ്ര സഖ്യം നേടി. ടിപ്രയും കോൺഗ്രസ് പാർട്ടിയും ഇടതുപക്ഷവും തമ്മിൽ അവിശുദ്ധ ബന്ധം ഉണ്ടെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണം. എന്തായാലും ഇടതു-കോൺഗ്രസ് സഖ്യത്തിനേക്കാൾ ത്രിപുരയിൽ കരുത്ത് ടിപ്ര മോത്തക്ക് ആണെന്ന് അവർ തെളിയിച്ചുകഴിഞ്ഞു. 

Tags:    
News Summary - Know about the new star Tipra Motha Party in Tripura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.