കേരളവുമായി ബന്ധപ്പെട്ട് ഹിന്ദി കേന്ദ്രങ്ങളിൽ ഹിന്ദുത്വ തീവ്രവാദ സംഘടനകൾ നിരന്തരം വ്യാജവാർത്തകൾ പടച്ചുവിടാറുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് ഡസൻ കണക്കിന് വ്യാജ വാർത്തകളാണ് ഹിന്ദുത്വ കേന്ദ്രങ്ങൾ പടച്ചുവിട്ടത്. ഇപ്പോൾഏറ്റവും ഒടുവിലായി പുറത്തുവിട്ടതാണ് പോപുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട വ്യാജ നിർമിതികൾ. മലപ്പുറം ജില്ലയിലെ തിരൂരിലുള്ള പോപുലർ ഫ്രണ്ട് ഓഫിസ് സി.പി.എമ്മിന്റെ ഓഫിസ് ആക്കി മാറ്റി എന്നാണ് പ്രചാരണം. 'പോപുലര്‍ ഫ്രണ്ട് നിരോധിച്ചതിന് പിന്നാലെ അവരുടെ തിരൂര്‍ ഓഫിസ് സി.പി.എം ഓഫിസാക്കി മാറ്റി. പോപുലര്‍ ഫ്രണ്ടിന്റെ ഫേസ്ബുക്ക് പേജും സി.പി.എം തിരൂര്‍ എന്നാക്കി'. എന്നാണ് സംഘ്പരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിച്ചത്. വാസ്തവവുമായി തീർത്തും ബന്ധമില്ലാത്ത സംഗതിയാണിതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പോപുലര്‍ ഫ്രണ്ടിനെയും അതിന്റെ അനുബന്ധ സംഘടനകളെയും അഞ്ചു വര്‍ഷത്തേക്ക് നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. അതിനിടെ ഈ നടപടി സംബന്ധിച്ച് നിരവധി പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. രൂപവും ഭാവവും മാറി അവര്‍ ഇനിയും എത്തുമെന്ന രീതിയിലാണ് സന്ദേശങ്ങള്‍ ഏറെയും. അത്തരത്തിലൊരു പ്രചാരണമാണ് പോപുലര്‍ ഫ്രണ്ടുകാര്‍ വ്യാപകമായി സി.പി.എമ്മിലേക്ക് മാറുന്നു എന്ന രീതിയിലുള്ളത്. 'അതാണ് ആക്ഷന്‍ പതിയെ മതി എന്ന് മുഖ്യ സുഡാപി തിട്ടൂരം ഇറക്കിയത്' എന്നാണ് മുഖ്യമന്ത്രി പിണറായിയെ സൂചിപ്പിച്ചുകൊണ്ട് ചില ഹിന്ദുത്വ തീവ്രവാദ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്.
പോപുലർ ഫ്രണ്ടിന്റെ പേരിൽ ബി.ജെ.പി ആഗ്രഹിക്കുന്ന തരത്തിലുള്ള മുസ്‍ലിം വേട്ട വേണ്ടതില്ലെന്ന രീതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിരുന്നു. ഇത് സൂചിപ്പിച്ചുകൊണ്ടണ് വ്യാജപ്രചാരണങ്ങൾ കൊഴുക്കുന്നത്.
'പി.എഫ്.ഐ തിരൂര്‍ എന്ന പേജ് ഇനി സി.പി.ഐ.എം തിരുര്‍ എന്ന പുതിയ നാമത്തില്‍. ലാല്‍സലാം സഖാപ്പികളെ' എന്നും തിരൂര്‍ സി.പി.എമ്മിനെ പരാമര്‍ശിച്ചുകൊണ്ട് നിരവധി പോസ്റ്റുകളാണ് പ്രചാരത്തിലുള്ളത്. 'ഒറ്റ രാത്രി കൊണ്ട് പി.എഫ്.ഐ ഓഫിസ് സി.പി.എം ഓഫിസാക്കി മാറ്റി' എന്നതാണ് ആരോപണം. എന്നാൽ, സംഘ്പരിവാർ പ്രചാരണങ്ങൾ അങ്ങേയറ്റം കളവാണെന്ന് സി.പി.എം ഏരിയ കമ്മറ്റി സെക്രട്ടറിയായ അഡ്വ.ഹംസക്കുട്ടി പറയുന്നു.
' ഇത് പൂര്‍ണ്ണമായും തെറ്റായ വിവരമാണ്. തിരൂര്‍ പ്രദേശത്ത് പോപുലര്‍ ഫ്രണ്ടിന് വലിയ സ്വാധീനമുണ്ടായിരുന്നില്ല. അവരുടെ രാഷ്ട്രീയ സംഘടനയായ എസ്.ഡി.പി.ഐക്ക് ഒരു മെമ്പര്‍പോലും ഈ മേഖലയില്‍ ഇല്ല. അവര്‍ക്ക് ഇവിടെ ഒരു ഓഫിസ് ഉള്ളതായിട്ടും അറിവില്ല. സി.പി.എമ്മിനെ പറ്റി പറഞ്ഞാല്‍ തിരൂര്‍ ഡി.വൈ.എസ്പി ഓഫിസിനടുത്താണ് ഞങ്ങളുടെ ഏരിയ കമ്മിറ്റി ഓഫിസ്. കഴിഞ്ഞ 25 വര്‍ഷമായി ഇവിടെത്തന്നെയാണ് ഞങ്ങളുടെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഓഫിസ് ഉള്ള ഞങ്ങള്‍ എന്തിനാണ് മറ്റുള്ള സംഘടനയുടെ ഓഫിസ് കൈയ്യേറുന്നത്.
ഇത് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണമാണ്. ഇതിനു സമാനമായി ഞങ്ങളുടെ ഫേസ്ബുക്ക് പേജിനെപ്പറ്റിയും സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഇക്കാര്യം വിശദീകരിച്ച് ഞങ്ങള്‍ ഔദ്യോഗിക പേജില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. തിരൂര്‍ സി.പി.എമ്മിനെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ എല്ലാം ചൂണ്ടിക്കാട്ടി ഞങ്ങള്‍ പൊലീസില്‍ പരാതി നല്‍കും. സി.പി.എം ന്യൂനപക്ഷ ധ്രുവീകരണം നടത്തുന്നു എന്നു വരുത്തിത്തീര്‍ക്കാനാണ് ശ്രമം നടത്തുന്നത്. രാഷ്ട്രീയ എതിരാളികളുടെ ഈ ശ്രമം വിലപ്പോകില്ല' -ഹംസക്കുട്ടി 'ഇന്ത്യാ ടുഡേ' ചാനലിനോട് പറഞ്ഞതായി അവർ റിപ്പോർട്ട് ചെയ്യുന്നു. മലപ്പുറം ജില്ലയിലെ തിരൂരില്‍ ഇത്തരമൊരു സംഭവം നടന്നിട്ടില്ല. തിരൂരില്‍ ആകെയുള്ള പ്രധാന ഓഫിസ് സി.പി.എം ഏരിയ കമ്മറ്റിയുടേതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.