ബംഗളൂരു: ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വിൽപന നടത്തിയതിനും ഉപയോഗിച്ചതിനും രണ്ട് വർഷം കൊണ്ട് ബംഗളൂരുവിൽ പിഴയായി പിരിച്ചത് 1.14 കോടി രൂപ. 2019 ജൂണിനും 2022 സെപ്റ്റംബറിനും ഇടയിലാണ് ബ്രഹത് ബംഗളൂരു മഹാനഗര പാലിക (ബി.ബി.എം.പി) 1.14 കോടി രൂപ പിരിച്ചത്.
ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കേന്ദ്ര സർക്കാർ നിരോധിച്ചതാണ്. ജൂലൈ ഒന്ന് മുതൽ കേന്ദ്ര സർക്കാർ ഇത്തരം പ്ലാസ്റ്റിക്കിന് കർശന വിലക്കേർപ്പെടുത്തിയിരുന്നു. ശനിയാഴ്ച മാത്രം 77,100 രൂപയാണ് പിഴയായി ഈടാക്കിയത്. 98 സ്ഥലങ്ങളിലായി 122.3 കിലോ പ്ലാസ്റ്റിക്കാണ് പിടിച്ചെടുത്തത്. നിർമാതാക്കൾ, കച്ചവടക്കാർ, ചെറുകിട വ്യവസായികൾ തുടങ്ങിയവരിൽനിന്നാണ് ഇവ പിഴ ഈടാക്കിയത്.
പ്ലാസ്റ്റിക്കിൽ നിർമിച്ച കപ്പ്, ഗ്ലാസ്, ട്രേ, സ്പൂൺ, ഇയർ ബഡ്സിന്റെ തണ്ട്, ഐസ് ക്രീം കോൽ, ക്ഷണക്കത്തുകൾ, സിഗരറ്റ് കൂടുകൾ, അലങ്കരിക്കാനുപയോഗിക്കുന്ന തെർമോക്കോൾ തുടങ്ങി പ്രകൃതിക്ക് ഹാനികരമായ പ്ലാസ്റ്റിക് വസ്തുക്കൾക്കാണ് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയത്. 2016 മാർച്ചിലാണ് കർണാടക സർക്കാർ ആദ്യമായി ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വിലക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.