ബംഗളൂരു: സംസ്ഥാനത്ത് പാർട്ടി അധികാരത്തിലെത്തിയാൽ എല്ലാ ബി.പി.എൽ കാർഡുടമകൾക്കും 10 കിലോ വീതം സൗജന്യ അരി നൽകുമെന്ന് കോൺഗ്രസ്. വെള്ളിയാഴ്ച ബംഗളൂരുവിൽ പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, കോൺഗ്രസ് പ്രസിഡന്റ് ഡി.കെ. ശിവകുമാർ തുടങ്ങിയവരാണ് പ്രഖ്യാപനം നടത്തിയത്. ഇതിന്റെ പോസ്റ്ററുകളും നേതാക്കൾ പുറത്തിറക്കി. തങ്ങളുടെ ‘ഗൃഹജ്യോതി’ പദ്ധതിപ്രകാരം എല്ലാ വീടുകൾക്കും 200 യൂനിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്ന് നേരത്തേ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. പ്രിയങ്ക ഗാന്ധി മുമ്പ് നടത്തിയ ബംഗളൂരു സന്ദർശനത്തിൽ പാർട്ടി അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ എല്ലാ സ്ത്രീകളായ ഗൃഹനാഥകൾക്കും 2000 രൂപ വീതം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിക്കാണ് പാർട്ടി ‘ഗൃഹലക്ഷ്മി’ എന്ന പേര് നൽകിയിരിക്കുന്നത്. ഇത്തരം പ്രഖ്യാപനങ്ങളുടെ സാധ്യത സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെയാണ് സൗജന്യ അരി വിതരണം ചെയ്യുമെന്ന പുതിയ പ്രഖ്യാപനവും നേതാക്കൾ നടത്തിയത്. ഇതുവഴി 1500 രൂപയാണ് ഒരു കുടുംബത്തിന് കിട്ടുകയെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. കോവിഡ് കാലത്ത് സൗജന്യ അരിവിതരണം ജനത്തിന് ഏറെ ആശ്വാസമായിരുന്നു. എന്നാൽ, ഈ അരി ഏഴു കിലോയിൽനിന്ന് അഞ്ചു കിലോ ആയി കുറക്കുകയാണ് ബി.ജെ.പി സർക്കാർ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വ്യത്യസ്തമായ പ്രചാരണപരിപാടികളാണ് കോൺഗ്രസ് നിലവിൽ നടത്തുന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റുമെന്ന് ഉറപ്പുനൽകുന്ന കാർഡുകൾ വീടുകൾ കയറിയിറങ്ങി വിതരണം ചെയ്യുന്നുണ്ട്. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഒപ്പിട്ട കാർഡുകളാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.