അടിസ്ഥാന സൗകര്യ വികസനത്തിന് അടുത്ത സാമ്പത്തിക വർഷത്തേക്ക് 10 ലക്ഷം കോടി നീക്കിവെക്കുന്നതായി ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു. 33 ശതമാനം വർധനവാണിത്. മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 3.3 ശതമാനം വരുന്ന തുകയാണിതെന്നും മന്ത്രി വിശദീകരിച്ചു. നിക്ഷേപവും തൊഴിലും വളർച്ചയുമാണ് ഒരുപോലെ ലക്ഷ്യമിടുന്നത്.
കൂടുതൽ സ്വകാര്യ നിക്ഷേപം ആകർഷിക്കും. ഇതിന് അടിസ്ഥാന സൗകര്യ ധനകാര്യ സെക്രട്ടേറിയറ്റ് സ്ഥാപിക്കും. നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ പട്ടിക പുതുക്കും. തുറമുഖം, കൽക്കരി, ഉരുക്ക്, രാസവളം, ധാന്യം തുടങ്ങിയ മേഖലകളിലെ ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്ന 100 പദ്ധതികൾ ഉദ്ദേശിക്കുന്നുണ്ട്. 75,000 കോടി രൂപ മുതൽമുടക്കുള്ള ഈ പദ്ധതിക്ക് മുൻഗണന നൽകും. ഇതിൽ 15,000 കോടി സ്വകാര്യ നിക്ഷേപമായിരിക്കും.
പ്രധാനമന്ത്രിയുടെ പേരിലുള്ള പാർപ്പിടപദ്ധതിക്ക് 66 ശതമാനം വിഹിതം വർധിപ്പിച്ച് 79,000 കോടി രൂപ ബജറ്റിൽ നീക്കിവെച്ചത് റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രതീക്ഷ വർധിപ്പിച്ചു. ഈ രംഗത്തെ കമ്പനികളുടെ ഓഹരി വില മൂന്നു ശതമാനം വരെ വർധിച്ചു.
നഗരാസൂത്രണ പദ്ധതികൾ നടപ്പാക്കുന്നതിന് സംസ്ഥാനങ്ങളെയും നഗരങ്ങളെയും പ്രോത്സാഹിപ്പിക്കും. ഗ്രാമീണ മേഖലയിലുള്ളതിന് സമാനമായി നഗര അടിസ്ഥാന സൗകര്യ വികസന നിധി രൂപവത്കരിക്കും. നാഷനൽ ഹൗസിങ് ബാങ്കിനാണ് ഈ നിധിയുടെ മേൽനോട്ടം. ഓരോ വർഷവും കേരള സർക്കാർ 10,000 കോടി രൂപ ചെലവിടും.
അടുത്ത സാമ്പത്തിക വർഷം ധനക്കമ്മി 5.9 ശതമാനമെന്നാണ് കണക്കാക്കുന്നത്. നടപ്പുവർഷം ഇത് 6.4 ശതമാനമാണ്. നടപ്പുവർഷം വരുമാനവും ചെലവും ഒത്തുനോക്കുമ്പോൾ 16.61,196 കോടി രൂപയുടെ കുറവുണ്ട്. അടുത്ത മൂന്നു വർഷം കൊണ്ട് ധനക്കമ്മി 4.5 ശതമാനമായി കുറച്ചു കൊണ്ടുവരും. 23.3 ലക്ഷം കോടി രൂപയുടെ നികുതി വരുമാനമാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന ധനക്കമ്മി പരിധി 3.5 ശതമാനമാണ്. ഇതിൽ അര ശതമാനം വൈദ്യുതി മേഖല പരിഷ്ക്കരണങ്ങൾക്കു വേണ്ടി മാത്രമാണെന്ന നിബന്ധനയുണ്ട്.
ടൂറിസം പ്രോത്സാഹിപ്പിക്കാൻ സംസ്ഥാനങ്ങളെ സഹായിക്കും. പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികൾ പ്രോത്സാഹിപ്പിക്കും. ടൂറിസ വികസനം ദൗത്യ പദ്ധതിയായി ഏറ്റെടുക്കും. ഈ മേഖലയിലെ വിപുല സാധ്യത പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. 50 ടൂറിസ കേന്ദ്രങ്ങൾ പ്രത്യേകമായി തിരഞ്ഞെടുത്ത് വികസനപദ്ധതി നടപ്പാക്കും.
സഹകരണ സംഘങ്ങളുടെ ദേശീയ ഡേറ്റ ബേസ് തയാറാക്കുമെന്ന് കേന്ദ്ര ബജറ്റ്. സഹകരണ സംഘങ്ങൾക്കായുള്ള നിർദിഷ്ട ദേശീയ നയങ്ങൾ മെച്ചപ്പെട്ട നിലയിൽ നടപ്പാക്കാൻ ഇത് സഹായിക്കും. 8.6 ലക്ഷം സഹകരണ സ്ഥാപനങ്ങൾ രാജ്യത്തുണ്ട്.
ഇതിൽ 63,000 പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുണ്ട്. ജൈവ കൃഷി, വിത്ത്, കയറ്റുമതി എന്നിവയുടെ പ്രോത്സാഹനത്തിന് മൂന്ന് പുതിയ സഹകരണ സംഘങ്ങൾ തുടങ്ങുമെന്ന് സർക്കാർ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ നയിക്കുന്ന സഹകരണ മന്ത്രാലയത്തിന് 1150 കോടി രൂപയാണ് ഇത്തവണ ബജറ്റ് വിഹിതം.
എന്നാൽ ഇത് നടപ്പു വർഷത്തെ 1625 കോടിയേക്കാൾ താഴെ. ഉൽപാദനത്തിൽ കേന്ദ്രീകരിക്കുന്ന പുതിയ സൊസൈറ്റികൾക്ക് 15 ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു കോടി വരെ തുക പിൻവലിക്കുന്നതിന് സ്രോതസ്സിൽ നിന്നുള്ള നികുതി ഈടാക്കില്ല. കരിമ്പ് കർഷക സഹകരണ സംഘങ്ങൾക്കും കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. 6300 പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾക്ക് കമ്പ്യൂട്ടർവത്കരണത്തിനായി 2516 കോടി മുടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.