ന്യൂഡൽഹി: മുംബൈ വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന 10 സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്) ജവാന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ കസ്തൂർബ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടില്ല.
വിമാനത്താവളത്തിൽ ജോലി ചെയ്തിരുന്ന ജവാന്മാരിൽ ഒരാൾക്ക് മാർച്ച് 27ന് കോവിഡ് പോസിറ്റീവാെണന്ന് തെളിഞ്ഞിരുന്നു. ഇയാളുമായി അടുത്തിടപഴകിയ 11 ജവാൻമാരിൽ കൂടി കോവിഡ് പരിശോധന നടത്തുകയായിരുന്നു. ഇതിൽ ഒമ്പത് പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഒരാളുടെ ഫലം നെഗറ്റീവാകുകയും െചയ്തു.
ആദ്യം കോവിഡ് സ്ഥിരീകരിച്ച ജവാൻ കലാംബോളിയിലെ സി.ഐ.എസ്.എഫ് ക്യാമ്പിലാണ് താമസിച്ചിരുന്നത്. തുടർന്ന് ഇവിടെ കഴിയുകയായിരുന്ന 152 ജവാൻമാർക്ക് കൂടി കോവിഡ് പരിശോധന നടത്തുകയായിരുന്നു. ഒമ്പതു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ മുൻകരുതൽ എന്ന നിലയിൽ മുഴുവൻ പേരെയും 14 ദിവസത്തെ നിരീക്ഷണത്തിൽ വിടാൻ തീരുമാനിച്ചതായി സി.ഐ.എസ്.എഫ് അധികൃതർ അറിയിച്ചു.
അതേസമയം, ആദ്യം കോവിഡ് സ്ഥിരീകരിച്ചയാളുടെ രണ്ടാമത്തെ ടെസ്റ്റ് നെഗറ്റീവ് ആയതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇപ്പോൾ കോവിഡ് പോസിറ്റീവായ ഒമ്പതുപേർക്കും രോഗ ലക്ഷണങ്ങളില്ലാത്തതിനാൽ ഇവരുടെയും രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവാകുമെന്ന പ്രതീക്ഷയിലാണെന്ന് സി.ഐ.എസ്.എഫ് അധികൃതർ പറഞ്ഞു.
സാമൂഹ്യ അകലം പാലിച്ചും ആരോഗ്യ മന്ത്രാലയത്തിൻെറ നിർദേശങ്ങൾ പാലിച്ചും ജവാൻമാരെ സുരക്ഷിതമായി താമസിപ്പിക്കാൻ മതിയായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് സി.ഐ.എസ്.എഫ് അറിയിച്ചു.
മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച വരെ 423 കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 235 കേസുകൾ മുംബൈയിൽ നിന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.