ന്യൂഡൽഹി: അങ്കമാലി-ശബരി റെയിൽ പദ്ധതിക്ക് 2023 ബജറ്റിൽ അനുവദിച്ച 100 കോടി രൂപ അടിയന്തരമായി സ്ഥലമെടുപ്പിന് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എം.പിമാരായ ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി എന്നിവർ സംയുക്തമായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി.
25 വർഷം മുമ്പ് പദ്ധതിക്കുവേണ്ടി കല്ലിട്ടുതിരിച്ച കാലടി മുതൽ രാമപുരം വരെയുള്ള സ്ഥലമുടമകൾക്ക് വിതരണം ചെയ്യാൻ, 2023ലെ കേന്ദ്ര ബജറ്റിൽ അനുവദിച്ച 100 കോടി രൂപ റവന്യൂ വകുപ്പിന് കൈമാറണമെന്ന് എം.പിമാർ ആവശ്യപ്പെട്ടു. 264 കോടി രൂപ മുടക്കി നിർമിച്ച റെയിൽപാതയും കാലടി റെയിൽവേ സ്റ്റേഷനും പെരിയാർ പാലവും സാമൂഹികവിരുദ്ധരുടെ കേന്ദ്രങ്ങളായി മാറി. കാലടി സ്റ്റേഷനു സമീപത്താണ് രാജ്യത്തെ ഏറ്റവും വലിയ ക്രൈസ്തവ തീർഥാടനകേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയെന്നും ജനലക്ഷങ്ങളാണ് മലയാറ്റൂരിലേക്കു വരുന്നതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
കാലടിയിലെ അരി മില്ലുകൾക്കും പെരുമ്പാവൂരിലെ പ്ലൈവുഡ് വ്യവസായത്തിനും വാഴക്കുളത്തെ പൈനാപ്പിൾ കർഷകർക്കും ഇടുക്കി ജില്ലക്കും റെയിൽവേ സൗകര്യം ലഭ്യമാക്കാൻ അങ്കമാലി-ശബരി റെയിൽപാത സഹായകരമാകും. ശബരിമല തീർഥാടകരുടെ വിശ്വാസവും ആചാരവുമനുസരിച്ച് എരുമേലിയിൽ പേട്ട തുള്ളി മലകയറാൻ അങ്കമാലി-ശബരി റെയിൽ നിർമാണം പുനരാരംഭിക്കണം -എം.പിമാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.