ന്യൂഡൽഹി: അലഹാബാദ് ഹൈകോടതി ഉത്തരവ് കാറ്റിൽപറത്തി 100 വർഷം പഴക്കമുള്ള പള്ളി യു.പിയിലെ ബർബാങ്കി ജില്ല ഭരണകൂടം ഇടിച്ചുനിരത്തി. ജില്ലയിലെ റാം സൻസെയി ഗട്ട് നഗരത്തിലെ പള്ളിയാണ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരപ്പാക്കിയത്. മേയ് 31വരെ പള്ളി പൊളിക്കരുതെന്ന് കഴിഞ്ഞമാസം 24ന് ഹൈകോടതി ഉത്തരവിട്ടിരുന്നു.
അനധികൃത നിർമാണമാണെന്ന് ചൂണ്ടിക്കാട്ടി ജില്ല ഭരണകൂടം മാർച്ച് 15ന് പള്ളിക്കമ്മിറ്റിക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, കെട്ടിടം അനധികൃതമല്ലെന്നും 1959 മുതൽ വൈദ്യുതി കണക്ഷനുണ്ടെന്നും വിശദീകരിച്ച് കമ്മിറ്റി മറുപടി നൽകിയിരുന്നു. മറ്റു രേഖകളും പള്ളിക്കമ്മിറ്റി ഹാജരാക്കിയിരുന്നു. എന്നാൽ, ജില്ല ഭരണകൂടം ഇത് നിരാകരിച്ചു. തുടർന്ന് മാർച്ച് 19ന് കമ്മിറ്റി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഹരജിയിൽ ജില്ല ഭരണകൂടത്തിന് കോടതി നോട്ടീസയച്ചു.
അതിനിടെ, അധികൃതർ പള്ളിയിേലക്കുള്ള വഴി തടസ്സപ്പെടുത്തുന്ന രീതിയിൽ സ്ഥിരം നിർമാണം തുടങ്ങി. അതോടെ, കമ്മിറ്റി വീണ്ടും ഹൈകോടതിയെ സമീപിച്ചു.
തുടർന്നാണ് മേയ് 31 വരെ പള്ളി ഒഴിപ്പിക്കുകയോ പൊളിക്കുകയോ ചെയ്യരുതെന്ന് ഏപ്രിൽ 24ന് ഹൈകോടതി ഉത്തരവിട്ടത്. പള്ളി പൊളിച്ച നടപടിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് സുന്നി വഖഫ് ബോർഡ് ചെയർമാൻ സഫർ ഫാറൂഖി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.