ന്യൂഡൽഹി: രാജ്യത്തെ 107 എം.പിമാർക്കും എം.എൽ.എമാർക്കുമെതിരെ വിദ്വേഷ പ്രചരണത്തിന് കേസ് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്. നാഷണൽ ഇലക്ഷൻ വാച്ച്, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്നിവർ സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പരാമർശിച്ചിരിക്കുന്നത്.
763 എം.പിമാരുടേയും 4005 എം.എൽ.എമാരുടേയും കേസുകൾ പരിഗണിച്ചാണ് റിപ്പോർട്ട്. ഇതിൽ 33 എം.പിമാർക്കും 74 എം.എൽ.എമാർക്കും എതിരെയാണ് വിദ്വേഷ പ്രചരണത്തിന് കേസ് നിലവിലുള്ളത്.
ഉത്തർപ്രദേശിൽ നിന്ന് 16 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിഹാറിൽ 12, തമിഴ്നാട്-തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഒമ്പത് കേസുകൾ വീതമാണുള്ളത്. മഹാരാഷ്ട്ര 8, അസം 7, ആന്ധ്രപ്രദേശ്-ഗുജറാത്ത്-പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ 6, കർണാടക 5, ഡൽഹി-ഝാർഖണ്ഡ് 4, പഞ്ചാബ്-ഉത്തരാഖണ്ഡ് 3, മധ്യപ്രദേശ്-ത്രിപുര-രാജസ്ഥാൻ, ഔഡീഷ രണ്ട്, കേരളം 1 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.
ഏറ്റവുമധികം നേതാക്കൾക്കെതിരെ കേസുള്ള രാഷ്ട്രീയ പാർട്ടികളുടെ കണക്കിൽ ബി.ജെ.പിയാണ് മുന്നിൽ. 42 കേസുകളാണ് പാർട്ടിയിലെ വിവിധ എം.പിമർക്കും എം.എൽ.എമാർക്കും എതിരെയുള്ളത്. കോൺഗ്രസ് 15, ആം ആദ്മി 7, സി.പി.ഐ.എം 1 എന്നിങ്ങനെയാണ് ദേശീയ പാർട്ടികൾക്കിടയിലെ മറ്റ് കണക്കുകൾ. പ്രാദേശിക പാർട്ടികൾ ഡി.എം.കെ, സമാജ് വാദി പാർട്ടി, വൈ.എസ്.ആർ.സി.പി എന്നിവർക്ക് അഞ്ച് വീതം കേസുകളുണ്ട്. ആർ.ജെ.ഡിക്ക് നാല് കേസുകളാണുള്ളത്. തൃണമൂൽ കോൺഗ്രസിന് രണ്ട് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.