അധോലോക നേതാവ് ഫരീദ് തനാശ കൊലക്കേസില്‍ ആറ് പേര്‍ക്ക് ജീവപര്യന്തം

മുംബൈ: അധോലോക നേതാവ് ഛോട്ടാ രാജന്‍െറ വലംകൈയ്യും ഭാര്യാ സഹോദരി ഭര്‍ത്താവുമായ ഫരീദ് തനാശയെ കൊലപെടുത്തിയ കേസില്‍ ആറ് പേര്‍ക്ക് ജീവപര്യന്തവും അഞ്ച് പേര്‍ക്ക് പത്ത് വര്‍ഷവും തടവ്. അഞ്ച് ലക്ഷം രുപ പിഴയും വിധിച്ചു. 2010 ജൂണില്‍ നടന്ന കൊലപാതക കേസില്‍ ബുധനാഴ്ച മുംബൈയിലെ പ്രത്യേക മകോക കോടതിയാണ് ശിക്ഷ വിധിച്ചത്. 

തിലക് നഗറിലുള്ള വീട്ടിലെ കിടപ്പ് മുറിയില്‍ കയറി തനാശക്ക് നേരെ വെടിയുതിര്‍ത്ത അബ്ബാസ് എന്ന ജാഫര്‍ റാസിആലം ഖാന്‍, നിഖില്‍ എന്ന രണ്‍ധീര്‍ അശോക് സിങ്, കൊലക്കും ശേഷവും ഇവര്‍ക്ക് സുരക്ഷ നല്‍കിയ മുഹമ്മദ് സാഖിബ് ആലംഖാന്‍, രവിപ്രകാശ് രാംശിരോമണി സിങ്, പങ്കജ് നങ്കു സിങ്, ശങ്കര്‍ എന്ന മുഹമദ് റഫീഖ് അബ്ദുല്‍ സമദ് ശൈഖ് എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്. 

കൊലപാതകത്തിന് ഗൂഡാലോചന നടത്തിയ ബില്‍ഡര്‍ ദത്താത്രേയ യശ്വന്ത് ഭക്രെ, രവീന്ദ്ര സിതാറാം വരെക്കര്‍, വിശ്വനാഥ് ഷെട്ടി, രാജേന്ദ്ര രോഹിദാസ് ചവാന്‍, ദിനേഷ് ബവര്‍ലാല്‍ ഭണ്ഡാരി എന്നിവര്‍ക്കാണ് 10 വര്‍ഷം തടവ്. ചെമ്പൂരില്‍ ബില്‍ഡര്‍ ദത്താത്രേയ യശ്വന്ത് ഭക്രെയുടെ കെട്ടിട നിര്‍മാണത്തിന് എതിരായ പ്രദേശവാസികളെ ഫരീദ് തനാശ പിന്തുണച്ചതാണ് വൈരാഗ്യത്തിന് കാരണമായതെന്നാണ് കേസ്. 

മകോക, ഐ.പി.സി നിയമങ്ങള്‍ പ്രകാരമാണ് ശിക്ഷ. 2016 ലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഛോട്ടാ രാജന്‍ സംഘത്തിലെ ഷാര്‍പ്പ് ഷൂട്ടര്‍ കൂടിയായിരുന്നു തനാശ. ഭാര്യ രേഷ്മയാണ് കേസിലെ പ്രധാന ശാക്ഷി. ഇവര്‍ കൊലയാളികളെ കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു. 

Tags:    
News Summary - 11 convicted in gangster Farid Tanasha murder case, 6 get life imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.