ഹൈദരാബാദ്: പൊട്ടിവീണ വൈദ്യുതിലൈനിൽ നിന്നും ഷോക്കേറ്റ് സൈക്കിൾ യാത്രികനായ 11കാരന് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന 10 വയസുകാരന് ഗുരുതരമായി പൊള്ളലേറ്റു. ആന്ധ്രാ പ്രദേശിലെ ബെല്ലാം മാണ്ഡിയിലാണ് സംഭവം. തൻവീറാണ് മരിച്ചത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സ്കൂൾ വിട്ട് സൈക്കിളിൽ വീട്ടിലേക്ക് വരികയായിരുന്നു തൻവീറും ആദമും. പൊട്ടിക്കിടന്ന വൈദ്യുതിലൈൻ ശ്രദ്ധയിൽ പെടാതെ സൈക്കിൾ മുന്നോട്ട് എടുത്തപ്പോൾ ഇരുവരും ഷോക്കേറ്റ് വീഴുകയായിരുന്നു. തൻവീർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായ പൊള്ളലേറ്റ ആദമിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗരത്തെ ഞെട്ടിച്ച അപകടത്തിന് കാരണം വൈദ്യുതി വകുപ്പിന്റെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാണിച്ച് നാട്ടുകാർ പ്രതിഷേധിച്ചു.
വിദ്യാഭ്യാസ മന്ത്രി നാര ലോകേഷ് മരിച്ച വിദ്യാർഥിയുടെ വീട്ടുകാരെ അനുശോചനം അറിയിച്ചു. ആശുപത്രിയിലുള്ള ആദമിന് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും ഉറപ്പുനൽകി. മരിച്ച കുട്ടിയുടെ മാതാപിതാക്കൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.