ധോൽപൂർ: ഓടിച്ചാടി നടന്നിരുന്ന പൊന്നുമോൻ വെടിയുണ്ടയേറ്റ് നെഞ്ചുതകർന്ന് മരിച്ചതിന്‍റെ ആഘാതത്തിൽനിന്ന് ഹസീന ബാനു ഇനിയും മോചിതയായിട്ടില്ല. ടിൻ ഷീറ്റ് മേഞ്ഞ വീടിന്‍റെ ഇടുങ്ങിയ മുറ്റത്ത് കരഞ്ഞ് തളർന്നിരിക്കുകയാണവർ. 'എൻെറ മോനെ അവർ കൊന്നു'വെന്ന് പറഞ്ഞ് ഇടക്കിടെ നിലവിളിക്കുന്നു...
കുടിയൊഴിപ്പിക്കലിനിടെ അസം പൊലീസ് വ്യാഴാഴ്ച വെടിവെച്ചുെകാന്ന രണ്ടുപേരിൽ ഒരാൾ 12 വയസ്സുള്ള ഇവരുടെ മകൻ ശൈഖ് ഫരീദായിരുന്നു. ഏറെ നാൾ കാത്തിരുന്ന് ലഭിച്ച ആധാർ കാർഡ് വാങ്ങാൻ പോസ്റ്റ് ഓഫിസിൽ പോയി വരുേമ്പാഴാണ് ഫരീദിനെ പൊലീസ് കൊലപ്പെടുത്തിയത്.
അസമിലെ ദരാങ് ജില്ലയിലെ സിപാജറിൽ ബ്രഹ്മപുത്ര നദിയുടെ തീരത്തുള്ള ധോൽപൂർ -3 എന്ന ഗ്രാമത്തിലാണ് ശൈഖ് ഫരീദും കുടുംബവും താമസിക്കുന്ന കൂര. ഇവിടെ നിന്ന് രണ്ടു കി.മീ അകലെയാണ് വ്യാഴാഴ്ച പൊലീസ് അഴിഞ്ഞാടിയ സ്ഥലം.
പോസ്റ്റ് ഓഫിസിൽനിന്ന് തന്‍റെ പുതിയ ആധാർ കാർഡും വാങ്ങി അതുവഴി വീട്ടിലേക്ക് മടങ്ങുേമ്പാഴാണ് ജെ.സി.ബികളുമായി പൊലീസും സംഘവും കുടിയൊഴിപ്പിക്കുന്നതും നാട്ടുകാരുടെ പ്രതിഷേധവും അവൻ കണ്ടത്. ഏതാനും സമയം കാഴ്ചക്കാരനായി അവിടെ നിലയുറപ്പിച്ചു.
അതിനിടെ, കണ്ണിൽചോരയില്ലാത്ത പൊലീസ് സംഘത്തിന്‍റെ തോക്കിൻകുഴലിൽനിന്ന് ചീറിപ്പാഞ്ഞു വന്ന വെടിയുണ്ട അവന്‍റെ നെഞ്ചിൻകൂട് തകർത്തു. നിന്നിടത്തുതന്നെ പിടഞ്ഞുവീണ്, നിമിഷങ്ങൾക്കകം ആ കുഞ്ഞുജീവൻ നിലച്ചു. അൽപം മുമ്പ് വാങ്ങിയ, പുതുമ മാറാത്ത 12 അക്ക ആധാർ കാർഡാണ് ഫരീദിനെ തിരിച്ചറിയാൻ സഹായിച്ചത്. അസമിൽ, കർശന പരിശോധനകൾക്ക് വിധേയരായി പൗരത്വം തെളിയിച്ചവർക്ക് മാത്രമാണ് ഇപ്പോൾ ആധാർ കാർഡ് നൽകുന്നത്.
നാല് മക്കളിൽ ഏറ്റവും ഇളയവനാണ് ഫരീദ്. "ആധാർ വാങ്ങി തിരിച്ചുവരുേമ്പാൾ പൊലീസുകാരെയും പ്രതിഷേധക്കാരെയും കണ്ട കൗതുകത്തിൽ നിന്നതായിരുന്നു അവൻ. എന്നാൽ, പൊലീസ് വെടിയുതിർത്തത് അവന്‍റെ നേരെയായിരുന്നു. മുന്നിൽ നിന്നാണ് വെടിവെച്ചത്. അവന്‍റെ നെഞ്ചിൽ വെടിയുണ്ട പതിച്ചു. സംഭവസ്ഥലത്ത് തന്നെ മരിച്ചു" ബന്ധുവായ റഫീഖുൽ ഇസ്ലാം മാധ്യമങ്ങളോട് പറഞ്ഞു.
മൊഈനുൽ ഹഖ് എന്ന മുപ്പതുകാരനാണ് പൊലീസ് കൊലപ്പെടുത്തിയ മറ്റൊരാൾ. ഇദ്ദേഹത്തിന്‍റെ മൃതദേഹത്തിൽ ആഞ്ഞാഞ്ഞ് ചവിട്ടുന്ന സർക്കാർ ഫോട്ടോഗ്രാഫർ ബിജോയ് ശങ്കർ ബനിയയുടെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. മൂന്ന് പിഞ്ചുകുട്ടികളുടെ പിതാവും വൃദ്ധരായ മാതാപിതാക്കളുടെ ഏക ആശ്രയവുമായിരുന്നു മൊഈനുൽ ഹഖ്.
ബംഗാളി സംസാരിക്കുന്ന മുസ്ലിംകൾ കൂടുതലായി താമസിക്കുന്ന സിപാജർ റവന്യൂ സർക്കിളിനു കീഴിലെ ധോൽപുർ ഗ്രാമത്തിലായിരുന്നു കുടിയൊഴിപ്പിക്കൽ. ഇവിടെ സർക്കാർ ഭൂമി കൈയേറി എന്നാണ് അധികൃതർ പറയുന്നത്. 1500 പൊലീസുകാരുടെ മേൽനോട്ടത്തിൽ 14 മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വീടുകൾ പൊളിക്കാൻ തുടങ്ങിയത് പ്രതിരോധിച്ച പ്രദേശവാസികളെ അതിക്രൂരമായാണ് പൊലീസ് നേരിട്ടത്.
പ്രതിഷേധത്തെ അടിച്ചമർത്തി നാലു പള്ളികൾ അടക്കം ഇവിടെ പൊളിച്ചുമാറ്റി. 1970 മുതൽ തങ്ങൾ ഇവിടെ താമസിക്കുന്നവരാണെന്നും എവിടേക്ക് പോകാനാണെന്നും പ്രദേശവാസികൾ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.