ചെന്നൈ: തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തിൽ നടി കസ്തൂരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. നടി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്‍റെ സിങ്കിൾ ബെഞ്ചാണ് തള്ളിയത്. അറസ്റ്റ് ചെയ്യാനുള്ള നീക്കത്തില്‍ നിന്നും പൊലീസിനെ തടയണമെന്നാണ് ഹരജിയില്‍ നടി കസ്തൂരി ആവശ്യപ്പെട്ടിരുന്നത്. ക്ഷമാപണം നടത്തിയിട്ടും, തനിക്കെതിരെ കേസെടുത്തതായി കസ്തൂരി ഹരജിയില്‍ പറഞ്ഞു. പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും വാദിച്ചു.
നവംബർ മൂന്നിന് ചെന്നൈയിൽ നടന്ന ഒരു ബ്രാഹ്മണ സംഗമത്തിൽ സംസാരിക്കവെയാണ് നടി വിവാദ പരാമർശം നടത്തിത്. തമിഴ് രാജാക്കന്മാരുടെ വേശ്യകളെ സേവിക്കാൻ വന്ന തെലുങ്ക് ജനത ഇപ്പോൾ തമിഴ് വംശത്തിൽ പെട്ടവരാണെന്ന് അവകാശപ്പെടുന്നു എന്നതായിരുന്നു നടിയുടെ വാദം. വ്യാപകമായ എതിർപ്പിനെത്തുടർന്ന്, കസ്തൂരി തന്‍റെ അഭിപ്രായങ്ങൾ ചില വ്യക്തികളെ ഉദ്ദേശിച്ചുള്ളതാണെന്നും തെലുങ്ക് സമൂഹത്തിന് എതിരല്ലെന്നും വ്യക്തമാക്കി മാപ്പ് പറഞ്ഞു.
വിവിധ സംഘടനകള്‍ നല്‍കിയ പരാതിയില്‍ ചെന്നൈ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ, പരാമർശങ്ങൾ തികച്ചും അനാവശ്യമാണെന്നും ഒഴിവാക്കണമായിരുന്നുവെന്നും കോടതി വാക്കാൽ പരാമർശിച്ചിരുന്നു. രാഷ്ട്രീയ നിരൂപകയാണെന്ന് അവകാശപ്പെടുന്ന കസ്തൂരി ഇത്തരം പരാമർശങ്ങൾ നടത്താൻ പാടില്ലായിരുന്നുവെന്നും കോടതി പറഞ്ഞു. കസ്തൂരിയുടെ മാപ്പപേക്ഷയിൽ സ്ത്രീകൾക്കെതിരെ നടത്തിയ പരാമർശങ്ങളെ അഭിസംബോധന ചെയ്യുന്നില്ലെന്നും ജഡ്ജി കൂട്ടിച്ചേർത്തു.
തെലുങ്ക് സമുദായത്തിലെ സ്ത്രീകൾക്കെതിരെ എങ്ങനെയാണ് ഇത്തരം പരാമർശങ്ങൾ നടത്താൻ കഴിയുന്നതെന്ന് കോടതി ചോദിച്ചപ്പോൾ, പരാമർശം തെലുങ്ക് സമുദായത്തിലെ സ്ത്രീകൾക്കെതിരായല്ലെന്നും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള പൊതുവായ പ്രസ്താവനയാണെന്നുമാണ് കസ്തൂരി വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.