വിഷം കലർന്ന കൂൺ കഴിച്ച് കുട്ടിയുൾപ്പെടെ 13 പേർ മരിച്ചു

ദിസ്പൂർ: അസമിലെ നാല് ജില്ലകളിൽ വിഷം കലർന്ന കൂൺ കഴിച്ച് ചികിത്സയിലായിരുന്ന 13 പേർ മരിച്ചു. നിരവധി പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണെന്ന് അസം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. പ്രശാന്ത ദിഹിൻഗിയ പറഞ്ഞു. അഞ്ച് ദിവസം മുമ്പാണ് കൂൺ വിഷബാധയേറ്റ 35 പേരെ അസം മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽ (എ.എം.സി.എച്ച്) പ്രവേശിപ്പിച്ചത്.

ചറൈഡിയോ, ദിബ്രുഗഡ്, ശിവസാഗർ, ടിൻസുകിയ എന്നീ ജില്ലകളിലെ ആളുകൾക്കാണ് കൂൺ വി‍ഷബാധയേറ്റത്. ഇതിൽ 13 രോഗികൾ രണ്ട് ദിവസത്തിനിടെ മരിക്കുകയായിരുന്നു. തിങ്കളാഴ്‌ച നാല് മരണവും ചൊവ്വാഴ്ച ഒമ്പത് മരണവുമാണ് റിപ്പോർട്ട് ചെയ്തത്. സ്ത്രീകൾ ഭക്ഷ്യയോഗ്യമെന്ന് തെറ്റിദ്ധരിച്ച് വിഷക്കൂണ്‍ പറിക്കുകയും അവരുടെ വീടുകളിൽ പാകം ചെയ്ത് കുട്ടികള്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ക്ക് നല്‍കുകയുമായിരുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം ഛർദ്ദി, വയറുവേദന തുടങ്ങിയ അസ്വസ്ഥകൾ കണ്ടുതുടങ്ങിയപ്പോൾ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു.

മരിച്ചവരിൽ ഒരു കുട്ടിയുൾപ്പെടെ ഏഴ് പേർ ചറൈഡിയോ ജില്ലയിലെ സോനാരി ഏരിയയിൽ നിന്നും അഞ്ച് പേർ ദിബ്രുഗഡ് ജില്ലയിലെ ബാർബറുവ ഏരിയയിൽ നിന്നും ഒരാൾ ശിവസാഗർ ജില്ലയിൽ നിന്നുമാണ്. തേയിലത്തോട്ട തൊഴിലാളികളാണ് കൊല്ലപ്പെട്ടവരിൽ ഏറെയും.

ഓരോ വർഷവും ആളുകൾ വിഷമുള്ള കൂൺ കഴിച്ച് രോഗബാധിതരാകാറുണ്ടെന്നും അവർക്ക് കാട്ടിൽ വളരുന്ന കൂണുകൾ തിരിച്ചറിയാൻ കഴിയുന്നില്ലെന്നും ഡോ. പ്രശാന്ത ദിഹിൻഗിയ പറഞ്ഞു. 

Tags:    
News Summary - 13 Die After Consuming Poisonous Mushrooms In Assam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.