മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വിളിച്ചുചേർത്ത യോഗത്തിന് എത്തിയത് മകൻ ആദിത്യ താക്കറെയടക്കം 13 എം.എൽ.എമാർ മാത്രം.മുംബൈയിലെ ഉദ്ദവിന്റെ വസതിയിലാണ് യോഗം നടക്കുന്നത്.
അതേസമയം, ശിവസേന നേതാവും മന്ത്രിയുമായ ഏക് നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത പക്ഷത്തിലേക്ക് കൂടുതൽ എം.എൽ.എമാർ എത്തുകയാണ്. 35 ശിവസേന എം.എൽ.എമാരും ഏഴ് സ്വതന്ത്ര എം.എൽ.എമാരും ഒപ്പമുണ്ടെന്നാണ് ഷിൻഡെയുടെ അവകാശ വാദം. ഇന്ന് രാവിലെ മൂന്ന് ശിവസേന എം.എൽ.എമാർ കൂടി ഗുവാഹതിയിലെ വിമത ക്യാമ്പിലെത്തിയിരുന്നു.സാവന്ത്‌വാഡിയിൽ നിന്നുള്ള ദീപക് കേശകർ, ചെമ്പൂരിൽ നിന്നുള്ള മങ്കേഷ് കുടൽക്കർ, ദാദറിൽ നിന്നുള്ള സദാ സർവങ്കർ എന്നിവരാണ് മുംബൈയിൽ നിന്ന് എത്തിയത്. യഥാർഥ ശിവസേന തങ്ങളാണെന്നാണ് ഷിൻഡെയുടെ വാദം.
അതിനിടെ, ശിവസേന മന്ത്രി ഏക് നാഥ് ഷിൻഡെയെ നിയമസഭാകക്ഷി നേതാവായും ഭരത് ഗൊഗാവാലയെ ചീഫ് വിപ്പായും നിയമിച്ചുകൊണ്ടുള്ള വിമത പക്ഷത്തിന്റെ അപേക്ഷ സ്പീക്കർ തള്ളി.
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഉദ്ദവ് താക്കറെയെ പുറത്താക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വിമത എം.എൽ.എ ദീപക് കേശകർ. പകരം ബി.ജെ.പിയുമായി ചേർന്ന് പുതിയ സർക്കാർ രൂപവത്കരിക്കാണ് ആഗ്രഹിക്കുന്നതെന്നും ദീപക് വ്യക്തമാക്കി.
ദീപക് കേശകർ ആണ് ഏറ്റവും ഒടുവിലായി ഔദ്യോഗിക പക്ഷത്തുനിന്ന് കൂറുമാറിയ വിമതപക്ഷത്ത് ചേർന്നത്. വ്യാഴാഴ്ച രാവിലെയാണ് ദീപക് ഗുവാഹതിയിലെ വിമത കാമ്പിലെത്തിയത്. രണ്ടു ദിവസം മുമ്പ് ഉദ്ദവിനൊപ്പമായിരുന്നു ദീപക്. കോൺഗ്രസും എൻ.സി.പിയും വിട്ട് ശിവസേന ബി.ജെ.പിക്കൊപ്പം ചേരണമെന്നാണ് ജനം ആഗ്രഹിക്കുന്നതെന്നും ഇക്കാര്യത്തിൽ കാലതാമസമുണ്ടാകരുതെന്നും എം.എൽ.എ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി യാതൊരു ഭിന്നതയുമില്ല. സഖ്യകക്ഷികളോടാണ് പ്രശ്നമുള്ളത്. വികസനത്തിന് കേന്ദ്രം ഭരിക്കുന്ന പാർട്ടി തന്നെ സംസ്ഥാനങ്ങളും ഭരിക്കുന്നതാണ് നല്ലതെന്നും വിമത എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.