ഗാങ്ടോക്: സിക്കിമിൽ മഞ്ഞുതടാക വിസ്ഫോടനത്തെ തുടർന്ന് ടീസ്റ്റ നദിയിലുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. 22 സൈനികർ ഉൾപ്പെടെ 98 പേരെയാണ് കാണാതായത്. ഇവരെ കണ്ടെത്താൻ രക്ഷാസേന തിരച്ചിൽ തുടരുകയാണ്. 18 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. നാലു ജില്ലകളിൽ വൻ നാശനഷ്ടമുണ്ടാക്കിയ ദുരന്തം 22,034 പേരെ ബാധിച്ചതായി സംസ്ഥാന ദുരന്തനിവാരണ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു. 2,011 പേരെ രക്ഷപ്പെടുത്തി. 277 വീടുകൾ തകർന്നു. 26 പേർക്ക് പരിേക്കറ്റു. മൻഗം, ഗാങ്ടോക്, പക് യോങ്, നംചി ജില്ലകളിലാണ് മിന്നൽപ്രളയം നാശം വിതച്ചത്.
ദുരന്തത്തിൽ 11 പാലങ്ങൾ തകർന്നു. മൻഗം ജില്ലയിൽ മാത്രം എട്ട് പാലങ്ങൾ ഒലിച്ചുപോയി. പ്രളയത്തെ തുടർന്ന് ചുങ്താങ് അണക്കെട്ട് തുറന്നുവിട്ടതാണ് സ്ഥിതി രൂക്ഷമാക്കിയത്. ദേശീയപാത 10ന്റെ ചില ഭാഗങ്ങളും ഒലിച്ചുപോയിരുന്നു. സിക്കിം സർക്കാർ 26 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഗാങ്ടോക്കിലെ എട്ട് ദുരിതാശ്വാസ കേന്ദ്രങ്ങളിൽ മാത്രം 1,025 പേർ അഭയം തേടി. ലോനാക് തടാകത്തിനു സമീപം ബുധനാഴ്ച പുലർച്ചയാണ് മഞ്ഞുതടാക വിസ്ഫോടനമുണ്ടായത്.
ദുരന്തം കൂടുതൽ നാശനഷ്ടമുണ്ടാക്കിയ സിങ്താം സന്ദർശിച്ച മുഖ്യമന്ത്രി പ്രേംസിങ് അടിയന്തര യോഗം വിളിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥലങ്ങളിൽ മാത്രം അഭയം തേടണമെന്നും അദ്ദേഹം നിർദേശിച്ചു. കേന്ദ്രസഹായമാവശ്യപ്പെട്ട് മുഖ്യമന്ത്രി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.