ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

അതിജീവിക്കുമോ? ഝാർഖണ്ഡ് വർഗീയ ധ്രുവീകരണം

‘ബംഗ്ലാദേശികളുടെ അനധികൃത കുടിയേറ്റ’ പ്രോപഗണ്ടയിലൂടെ ബി.ജെ.പി സൃഷ്ടിച്ച വർഗീയ ധ്രുവീകരണത്തെ ഹേമന്ത് സോറന് അതിജയിക്കാനാകുമോ? ഇൻഡ്യ സഖ്യവും എൻ.ഡിഎയും നേർക്കുനേർ ഏറ്റുമുട്ടുന്ന ഝാർഖണ്ഡിൽ അവസാന ഘട്ട വോട്ടെടുപ്പിന്റെ കൊട്ടിക്കലാശം ക​ഴിയുമ്പോൾ ഉയരുന്ന ചോദ്യമിതാണ്.

ഗോത്രവർഗ വോട്ടുകൾ വർഗീയ ധ്രുവീകരണത്തിലുടെ പിടിക്കാൻ ഹേമന്തിനെ ഗോത്ര വിരുദ്ധനാക്കി നടത്തിയ പ്രചാരണ പോസ്റ്റുകൾ നീക്കം ചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഇടപെടുന്നിടം വരെ കാര്യങ്ങളെത്തിയിട്ടുണ്ട് ഝാർഖണ്ഡിൽ.

മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കൽപന സോറൻ, നിരവധി സംസ്ഥാന മന്ത്രിമാർ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബാബുലാൽ മറാണ്ടി നിയമസഭ കക്ഷിനേതാവ് തുടങ്ങി ഝാർഖണ്ഡിലെ പ്രധാന രാഷ്ട്രീയ നേതാക്കളുടെ രാഷ്ട്രീയഭാവി നിർണയിക്കുന്ന 38 നിയമസഭ മണ്ഡലങ്ങളാണ് ബുധനാഴ്ച പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്.

രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന സന്താൾ പർഗാന, കൊയ്‍ല മേഖലകളിലായി കിടക്കുന്ന 38 മണ്ഡലങ്ങളിൽ എൻ.ഡി.എക്കും ഇൻഡ്യക്കുമിടയിലുള്ള മത്സരത്തെ 10 ഇടങ്ങളിലെങ്കിലും ജയറാം മഹാതോയുടെ ഝാർഖണ്ഡ് ലോക്താന്ത്രിക് ക്രാന്തികാരി മോർച്ച (ജെ.എൽ.കെ.എം) ത്രികോണ മത്സരമാക്കി മാറ്റിയിട്ടുണ്ട്. പാർട്ടി പ്രസിഡന്റ് ജയറാം മഹാതോ ഡുംരി, ബർമോ എന്നീ രണ്ട് മണ്ഡലങ്ങളിൽനിന്നാണ് ജനവിധി തേടുന്നത്.

ശക്തികേന്ദ്രങ്ങളിൽ ഹേമന്തും കൽപനയും

നാല് പതിറ്റാണ്ടിലേറെ കാലമായി ജെ.എം.എം ശക്തികേന്ദ്രമായി നിലകൊള്ളുന്ന ബർഹെട്ടിൽ ഹാട്രിക് ജയത്തിനിറങ്ങിയ മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ ഗമാലിയേൽ ഹെംബ്രാമിനെയാണ് ബി.ജെ.പി ഇറക്കിയിരിക്കുന്നത്. കഴിഞ്ഞതവണ ഓൾ ഝാർഖണ്ഡ് സ്റ്റുഡന്റ്സ് യൂനിയൻ സ്ഥാനാർഥിയായി മത്സരിച്ച ഹെംബ്രാമിന് കേവലം 2500 വോട്ടു മാത്രമാണ് കിട്ടിയിരുന്നത്.

മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപന ഈ വർഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ ജയിച്ച ജെ.എം.എം ശക്തികേന്ദ്രമായ ഗണ്ഡേയ് മണ്ഡലത്തിൽ ജില്ല പരിഷത്ത് പ്രസിഡന്റായിരുന്ന മുനിയ ദേവിയാണ് ബി.ജെ.പി എതിരാളി. കഴിഞ്ഞ വർഷമാണ് ഇവർ ബി.ജെ.പിയിലെത്തിയത്. രണ്ടാം ഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന നാലയിൽ നിയമസഭ സ്പീക്കറും ജെ.എം.എം നേതാവുമായ രവീന്ദ്രനാഥ് മഹാതോക്ക് ബി.ജെ.പിയുടെ മാധവ് ചന്ദ്ര മഹാതോ ഇത്തവണ കടുത്ത വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുതവണ തുടർച്ചയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രവീന്ദ്ര നാഥ് മറ്റൊരു തവണയും ഇവിടെനിന്ന് എം.എൽ.എ ആയിട്ടുണ്ട്.

ജാരിയയിൽ വീണ്ടും സഹോദരിമാരുടെ അങ്കം

2019ലെന്നപോലെ സഹോദരിമാർ തമ്മിലുള്ള മത്സരത്തിന് അര​​​ങ്ങൊരുങ്ങിയ ജാരിയയിൽ കോൺഗ്രസിന്റെ സിറ്റിങ് എം.എൽ.എ പൂർണിമ സിങ്ങിനെതിരെ സഹോദരി രാഗിണി സിങ്ങിനെയാണ് ബി.ജെ.പി വീണ്ടുമിറക്കിയത്. ജെ.എൽ.കെ.എമ്മിന്റെ റുസ്തം അൻസാരി മത്സരം ത്രികോണമാക്കാൻ പാടുപെടുന്നുണ്ട്.

2019ൽ ജയിച്ച കോൺഗ്രസിന്റെ മംത ദേവിക്ക് രണ്ടുവർഷത്തെ തടവ് ശിക്ഷ ലഭിച്ചതിനെതുടർന്ന് എം.എൽ.എ സ്ഥാനം നഷ്ടമായ രാംഗഢിൽ ഇക്കുറി വീണ്ടും അവർ സ്ഥാനാർഥിയാണ്. മംത ഇല്ലാത്ത ഉപതെരഞ്ഞെടുപ്പിൽ ജയിച്ച അജ്സുവിന്റെ സുനിതാദേവി ഇത്തവണ മുഖ്യ എതിരാളിയായി. അതേസമയം ജെ.എൽ.കെ.എമ്മിന്റെ പരമേശ്വർ കുമാർ മത്സരം ത്രികോണമാക്കി.

ഒഴുക്കിനെതിരെ നീന്തുന്ന മുസ്‍ലിം സ്ഥാനാർഥികൾ

മുസ്‍ലിം വിരുദ്ധതയിലൂടെ ബി.ജെ.പി പ്രചാരണരംഗം കൊഴുപ്പിച്ച ഝാർഖണ്ഡിൽ ഒഴുക്കിനെതിരെ നീന്തുകയാണ് പല മുസ്‍ലിം സ്ഥാനാർഥികളും. ബി.ജെ.പി സംസ്ഥാന ​അധ്യക്ഷൻ ബാബുലാൽ മറാണ്ടിക്കെതിരെ ധൻവാറിൽ മുൻ എം. എൽ.എ നിസാമുദ്ദീൻ അൻസാരിയാണ് ജെ.എം.എം ടിക്കറ്റിൽ മത്സരിക്കുന്നത്. മുൻ എം.എൽ.എ രാജ്കുമാർ യാദവും സ്വതന്ത്ര സ്ഥാനാർഥി നിരഞ്ജൻ യാദവും ഇവിടെ മത്സരം ചതുഷ്കോണമാക്കിയിട്ടുണ്ട്.

2019ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് ആലംഗീർ ആലം വിജയിച്ച പാകൂർ നിയമസഭ മണ്ഡലത്തിൽ ഇത്തവണ ഇ.ഡി അറസ്റ്റിലായി ജയിലിൽ കിടക്കുന്നതിനാൽ ഭാര്യ നിഷാത് ആലമിനെ മണ്ഡലം നിലനിർത്താൻ ഇറക്കിയിരിക്കുകയാണ് കോൺഗ്രസ്. ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയായി ഘടകകക്ഷിയായ ‘അജ്സു’വിന്റെ അസ്ഹർ ഇസ്‍ലാം നിഷാതിന് വെല്ലുവിളിയാണ്. മുൻ എം.എൽ.എ അഖിൽ അക്തർ സമാജ്‍ വാദി പാർട്ടി സ്ഥാനാർഥിയായി പിടിക്കുന്ന വോട്ടുകളിലേറെയും നിഷാതിന് വീഴാനുള്ളതാകും.

കോൺഗ്രസിന്റെ മറ്റൊരു മുസ്‍ലിം നേതാവ് ഇർഫാൻ അൻസാരി ജംതാരയിൽ ജെ.എം.എമ്മിൽനിന്ന് ബി.ജെ.പിയിലേക്ക് കൂടുമാറിയ സീത സോറനാണ് എതിരാളി. ഇർഫാൻ അൻസാരിക്ക് മുമ്പ് പിതാവ് ഫുർഖാൻ അൻസാരിയുടെ തട്ടകമായിരുന്നു മണ്ഡലം. ജെ.എം.എം ടിക്കറ്റിൽ ജമ നിയമസഭ മണ്ഡലത്തെ മൂന്നുതവണ പ്രതിനിധീകരിച്ച സീത സോറന് പകരം പാർട്ടി അവിടെ ഡോ. ലൂയിസ് മറാണ്ഡിയെയാണ് സ്ഥാനാർഥിയാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സീത സോറനോട് 2200 വോട്ടിന് തോറ്റ സുരേഷ് മുർമുതന്നെയാണ് വീണ്ടും ബി.ജെ.പി സ്ഥാനാർഥി.

ജെ.എം.എമ്മിന്റെ മുസ്‍ലിം നേതാവും സംസ്ഥാന മന്ത്രിയുമായ ഹഫീസുൽ ഹസൻ മധുപൂർ മണ്ഡലത്തിൽ 2022ലെ ഉപതെരഞ്ഞെടുപ്പിൽ കനത്ത വെല്ലുവിളി ഉയർത്തിയ ഗംഗാ നാരായണനെതന്നെ ബി.ജെ.പി വീണ്ടും സ്ഥാനാർഥിയാക്കി. ഹഫീസുൽ ഹസന്റെ പിതാവ് ഹാജി ഹുസൈൻ അൻസാരിയും പ്രതിനിധീകരിച്ച മണ്ഡലമാണ് മധുപൂർ.

ദിയോഘറിലും ഗോഡ്ഡയിലും ​​ആർ.​ജെ.ഡിയുടെ പോരാട്ടം

ഇൻഡ്യ സഖ്യം ആർ.ജെ.ഡിക്കും സി.പി.ഐ (എം.എൽ)നും നൽകിയ സീറ്റുകളും രണ്ടാം ഘട്ട വോട്ടെടുപ്പിൽ ബൂത്തിലേക്ക് നീങ്ങും. ആർ.ജെ.ഡിക്ക് നൽകിയ ദിയോഘറിൽ സുരേഷ് പാസ്വാനെ എതിരിടുന്നത് ബി.ജെ.പിയുടെ നാരായൺദാസാണ്. നേരിയ വോട്ടുവ്യത്യാസം മാത്രമുള്ള മണ്ഡലത്തിൽ ഇരുവരും തമ്മിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. ആർ.ജെ.ഡിയുടെ മറ്റൊരു സീറ്റായ ഗോഡ്ഡയിലും ബി.ജെ.പിയുമായി പാർട്ടി കടുത്ത മത്സരത്തിലാണ്.

ജെ.എം.എം എം.പി നളിൻ സോറൻ ഏഴുതവണ വിജയിച്ച നിയമസഭ മണ്ഡലമായ ശികാരിപാറയിൽ മകൻ അലോക് സോറനാണ് ഇത്തവണ പാർട്ടി ടിക്കറ്റ്. ബി.ജെ.പിയുടെ പാരിതോഷ് സോറനാണ് എതിരാളി. ബി.ജെ.പിയുടെ അനന്ത് ഓജ 2014ലും 2019ലും ജയിച്ച രാജ്മഹലിൽ കഴിഞ്ഞ രണ്ടുതവണയും തോറ്റ എം.ടി. രാജയാണ് ജെ.എം.എം ടിക്കറ്റിൽ വന്ന് ഇക്കുറിയും ഏറ്റുമുട്ടുന്നത്.

ബോറിയോ മണ്ഡലത്തിൽ അഞ്ച് തവണ സിറ്റിങ് എം.പിയായ ലോബിൻ ഹെംബ്രാം അതിൽ നാല് തവണയും ജെ.എം.എമ്മിൽനിന്നാണ് ജയിച്ചത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്വത​ന്ത്ര സ്ഥാനാർഥിയായിനിന്ന് പരാജയപ്പെട്ട ലോബിൻ ഇത്തവണ ബി.ജെ.പി സ്ഥാനാർഥിയായാണ് രംഗത്തുള്ളത്.

Tags:    
News Summary - Communal polarisation in Jharkhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.