കേന്ദ്ര വിവരസാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: സാമൂഹിക പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് ഇതുവരെ 1,410 ഓൺലൈൻ ഗെയിമിങ് വെബ്സൈറ്റുകൾ നിരോധിച്ചതായി കേന്ദ്ര വിവരസാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ്.
എന്നാൽ, ഗെയിമിങ്ങും വാതുവെപ്പും ഭരണഘടനയുടെ സംസ്ഥാന പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ സംസ്ഥാന നിയമസഭകൾക്ക് മാത്രമേ ഇവ പൂർണമായി നിരോധിക്കാനോ നിയന്ത്രിക്കാനോ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്ച ലോക്സഭയിലെ ചോദ്യോത്തര വേളയിലെ മന്ത്രിയുടെ പ്രസ്താവനയിൽ വിയോജിച്ച് ദ്രാവിഡ മുന്നേറ്റ കഴകമടക്കമുള്ളവർ (ഡി.എം.കെ) രംഗത്തെത്തി.
തമിഴ്നാട് ഓൺലൈൻ ഗെയിമിങ് നിരോധിച്ചിട്ടുണ്ടെന്ന് ഡി.എം.കെ എം.പി ദയാനിധി മാരൻ പറഞ്ഞു. സൈറ്റുകളെ നിരോധിക്കുന്നതിനുപകരം ഓൺലൈൻ ഗെയിമിങ്ങിന്റെ ജി.എസ്.ടി വർധിപ്പിക്കുക മാത്രമാണ് കേന്ദ്രം ചെയ്യുന്നതെന്നും മാരൻ പറഞ്ഞു.
കമ്പനികൾ അൽഗോരിതങ്ങൾ നിർമിച്ച് ഗെയിമിങ്ങിനോടുള്ള ആസക്തി സൃഷ്ടിക്കുകയും ആളുകളെ വാതുവെപ്പിലേക്ക് വലിച്ചിഴക്കുകയും ചെയ്യുകയാണെന്ന് പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് എം.പി അമർ സിങ് പറഞ്ഞു.
ഭരണഘടന പ്രകാരം, വാതുവെപ്പും ചൂതാട്ടവും സംസ്ഥാന ലിസ്റ്റിലെ 34ാം എൻട്രിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അത് നിരോധിക്കാൻ നിയമനിർമാണത്തിന് നിയമസഭകൾക്കാണ് അധികാരമെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു. ചില സംസ്ഥാനങ്ങൾ ഇത്തരത്തിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
പുതിയ ഭാരതീയ ന്യായ സംഹിതയിൽ, സെക്ഷൻ 112 പ്രകാരം ഇക്കാര്യത്തിൽ നടപടിയെടുക്കാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.