ന്യൂഡൽഹി: ഒന്നും രണ്ടും കോടിയല്ല, 150 കോടിയുടെ കള്ളപ്പണം എണ്ണി മടുത്തിരിക്കുകയാണ് ഇപ്പോൾ നികുതി വകുപ്പ്. കാൺപൂരിലെ ബിസിനസുകാരനായ പീയുഷ് ജെയിനിന്‍റെ വീട്ടിലും ഓഫിസുകളിലും നടത്തിയ പരിശോധനയിലാണ് കോടിക്കണക്കിന് രൂപയുടെ നോട്ടുക്കെട്ടുകൾ നികുതി വകുപ്പ് കണ്ടെടുത്തത്.
പെർഫ്യൂം വ്യാപാരിയാണ് പീയുഷ് ജെയിൻ. കാൺപൂർ, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളാണ് ജെയിനിന്‍റെ ബിസിനസ് മേഖല. ആദായനികുതി വകുപ്പിന്‍റെ പരിശോധനയുടെ ചിത്രങ്ങൾ പുറത്തുവന്നു. വലിയ അലമാരയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് അട്ടിവെച്ച് സൂക്ഷിച്ച പണത്തിന്‍റെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. അലമാരയിൽ 30ഓളം നോട്ടുക്കെട്ടുകൾ കാണാം. മറ്റൊരു ചിത്രത്തിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥൻ നിലത്തിരുന്ന് യത്രത്തിന്‍റെ സഹായത്തോടെ നോട്ടുക്കെട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നതും കാണാനാകും.
അടക്കിവെച്ചിരിക്കുന്ന നോട്ടുക്കെട്ടുകളും ചിത്രത്തിലുണ്ട്. വ്യാഴാഴ്ചയായിരുന്നു പരിശോധനന. വീട്ടിൽനിന്നും സ്ഥാപനങ്ങളിൽനിന്നുമായി പിടിച്ചെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്തി കഴിഞ്ഞിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നികുതിവെട്ടിപ്പിനെ തുടർന്ന് ആനന്ദ് പുരിയിലുള്ള വീട്ടിൽ ജി.എസ്.ടി വകുപ്പിൻറെ നേതൃത്വത്തിലായിരുന്നു ആദ്യ പരിശോധന. പിന്നീട് ആദായ നികുതി വകുപ്പ് പരിശോധനയിൽ ചേരുകയായിരുന്നു.
നികുതി അടക്കാതെ വ്യാജ കമ്പനിയുടെ ഇൻവോയ്സുകൾ ഉണ്ടാക്കിയാണ് ജി.എസ്.ടി തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് ജി.എസ്.ടി വകുപ്പ് പറയുന്നു. 50,000 രൂപയുടെ 200 ലധികം ഇത്തരം ഇൻവോയ്സുകളും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.