2022ൽ രാജ്യത്ത് കാലാവസ്ഥ ദുരന്തങ്ങളിൽ ജീവൻ നഷ്ടമായത് 1600 പേർക്ക്; സ്ഥിതി രൂക്ഷമെന്ന് കണക്കുകൾ

ന്യൂഡൽഹി: 2022ൽ ഇന്ത്യയിൽ വിവിധ കാലാവസ്ഥ ദുരന്തങ്ങളിൽ ജീവൻ നഷ്ടമായത് 1600 പേർക്ക്. ലോക കാലാവസ്ഥ സംഘടന (ഡബ്ല്യൂ.എം.ഒ)യുടെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

ഇടി​മിന്നലിൽ 900 മരണവും പ്രളയത്തിലും മണ്ണിടിച്ചിലിലുമായി 700 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ഡബ്ല്യു.എം.ഒ പറയുന്നു. ആഗോള തലത്തിൽ കാലാവസ്ഥ വ്യതിയാനം മൂലം 95 മില്ല്യൺ പേർക്ക് പാലായനം ചെയ്യേണ്ടിവന്നു. കാലാവസ്‍ഥ വ്യതിയാനം കടുക്കുന്നതോടെ കൂടുതൽ പേർക്ക് പാർപ്പിടം നഷ്ടമാകുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

2022ലെ പ്രീ മൺസൂൺ സീസണിൽ ഇന്ത്യയിലും പാകിസ്താനിലുമുണ്ടായ ഉഷ്ണതരംഗം ഭക്ഷ്യധാന്യ വിളവിനെ പ്രതികൂലമായി ബാധിച്ചു. വിളവ് കുറഞ്ഞതോടെ ഇന്ത്യയിൽനിന്ന് ഗോതമ്പ് കയറ്റുമതി നിർത്തിവെച്ചു. ഇത് ആഗോളതലത്തിൽ ഭക്ഷ്യക്ഷാമ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയെന്നും ​റിപ്പോർട്ടിൽ പറയുന്നു.

താപനില വർധിപ്പിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് അന്തരീക്ഷത്തിൽ ഉയരുന്നത് സാമ്പത്തിക സാമൂഹിക അസമത്വം സൃഷ്ടിച്ചേക്കും. കൂടാതെ ഇവ ആഗോള ഭക്ഷ്യപ്രതിസന്ധി, പ്രളയം, ഉഷ്ണതരംഗം, വരൾച്ച തുടങ്ങിയവക്ക് കാരണമാകുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞവർഷം പാകിസ്താനിലുണ്ടായ കനത്ത മഴ 1700 പേരുടെ മരണത്തിന് ഇടയാക്കുകയും എട്ട് മില്ല്യൺ പേരുടെ വാസസ്ഥലം ഇല്ലാതാക്കുകയും ചെയ്തു. 33 മില്ല്യൺ പേരെയാണ് പാകിസ്താനിലെ കനത്ത മഴ പ്രതികൂലമായി ബാധിച്ചതെന്നും 30 ബില്ല്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നും സൂചിപ്പിക്കുന്നു.

2022​ൽ യൂറോപ്പിലുണ്ടായ ഉഷ്ണതരംഗം സ്പെയിൻ, ജർമനി, യു​.കെ, ഫ്രാൻസ്, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലായി 15000 പേരുടെ മരണത്തിനിടയാക്കി. 2015-2022നിടയിലെ റെക്കോർഡ് ചൂടാണ് കഴിഞ്ഞവർഷം യൂറോപ്പിലുണ്ടായതെന്നും കണക്കുകൾ പറയുന്നു.

ഹിമാനികളുടെ ഉരുകുന്നതും സമുദ്രനിരപ്പ് ഉയരുന്നതും 2022ൽ റെക്കോർഡ് അളവിലെത്തി. ഇത് കാലാവസ്ഥ വ്യതിയാനത്തിനും പരിസ്ഥിതി ആഘാതത്തിനും കാരണമാകുമെന്നും പറയുന്നു.

ടിബറ്റൻ പീഠഭൂമിയിലെ മഞ്ഞ് ശേഖരം വികസിച്ചുവരികയാണ്. ദേശാടന പക്ഷികളുടെ സഞ്ചാരവും ഭക്ഷ്യലഭ്യതയും തമ്മിൽ വലിയ അന്തരമുണ്ടാകുന്നത് ആവാസ്ഥ വ്യവസ്ഥയെ തകിടം മറിക്കുന്നുണ്ട്. വൃക്ഷങ്ങളുടെയും ചെടികളുടെയും പൂവിടൽ സമയം മാറുന്നതും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നു​​വെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Tags:    
News Summary - 1600 died in extreme weather events in 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.