ചണ്ഡിഗഡ്: കൂട്ടബലാത്സംഗം ചെറുത്തതിനെ തുടർന്ന് അക്രമിസംഘം സ്റ്റേഡിയത്തിന്‍റെ മേൽക്കൂരയിൽ നിന്ന് തള്ളിയിട്ട ബാസ്കറ്റ്ബാൾ താരത്തിന് ഗുരുതര പരിക്ക്. പഞ്ചാബ് മോഗ ജില്ലയിലെ സ്റ്റേഡിയത്തിലാണ് സംഭവം. കാലുകൾക്കും താടിയെല്ലിനും ഗുരുതര പരിക്കേറ്റ താരം ലുധിയാനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
18കാരിയായ ബാസ്കറ്റ് ബാൾ താരത്തെ സ്റ്റേഡിയത്തിൽവെച്ചാണ് ബലാത്സംഗം ചെയ്യാൻ മൂന്ന് യുവാക്കൾ ശ്രമിച്ചത്. യുവാക്കളുടെ അതിക്രമത്തെ പ്രതിരോധിക്കാനും രക്ഷപ്പെടാനും ശ്രമിച്ച പെൺകുട്ടിയെ സ്റ്റേഡിയത്തിന്‍റെ മേൽക്കൂരയിൽ നിന്ന് 25 അടി താഴ്ചയിലേക്ക് തള്ളിയിടുകയായിരുന്നു.
സ്റ്റേഡിയത്തിൽ പരിശീലനത്തിന് എത്തിയപ്പോഴാണ് മകൾക്ക് നേരെ അതിക്രമമുണ്ടായതെന്ന് പിതാവ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പ്രതികളിൽ ഒരാളായ ജതിൻ കൻഡയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളാണ് താരത്തെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്.
ആഗസ്റ്റ് 12നാണ് ദാരുണ സംഭവം നടന്നതെന്നും അന്ന് മുതൽ മൂന്നു പ്രതികളും ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. അക്രമിസംഘത്തിനെതിരെ കൊലപാതകശ്രമം, ബലാത്സംഗം വകുപ്പുകൾ ചുമത്തി കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.