ഭോപാൽ: മധ്യപ്രദേശിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മറച്ചുവെക്കുന്നതായി ആരോപണം. ഭോപാൽ നഗരത്തിൽ കോവിഡ് ബാധിച്ച് മരിച്ച് സംസ്കരിച്ച രോഗികളുടെ എണ്ണവും ഔദ്യോഗിക രേഖകളിലെ എണ്ണവും ഉയർത്തിക്കാണിച്ചാണ് പ്രതിപക്ഷം ആേരാപണം ഉന്നയിക്കുന്നത്.
നേരത്തെ അഞ്ചുമുതൽ 10 വരെ മൃതദേഹങ്ങൾ ദഹിപ്പിച്ചിരുന്ന ഭോപാലിലെ ശ്മശാനങ്ങളിൽ ഇപ്പോൾ ദിവസേന 35 മുതൽ 40 വരെ മൃതദേഹങ്ങൾ സംസ്കരിക്കുന്നുണ്ട്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്കരിക്കുന്നവരുടെ എണ്ണം ഔദ്യോഗിക കണക്കുകളേക്കാൾ കൂടുതലാണ്.
കോവിഡ് രോഗികളെന്ന് സംശയിക്കുന്നവരാണ് ഇവരെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ ഇത് യാഥാർഥ്യം മറക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷം പറയുന്നത്.
സുഭാഷ് നഗർ ഘട്ട്, ഭഡ്ബാഡ ശ്മശാനങ്ങളിൽ വ്യാഴാഴ്ചക്കും ഞായറാഴ്ചക്കും ഇടയിൽ 187 മൃതദേഹങ്ങൾ ദഹിപ്പിച്ചതായി 'ആജ് തക്' കണ്ടെത്തി. എന്നാൽ ഔദ്യോഗിക രേഖകളിൽ ഈ സമയത്ത് അഞ്ച് പേർ മാത്രമാണ് മരിച്ചത്.
കോവിഡ് മരണങ്ങൾക്കായി പ്രത്യേക സ്ഥലം തന്നെ ശ്മശാനങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഭഡ്ബാഡ ശ്മശാനത്തിൽ വരികളായി മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തിങ്കളാഴ്ച ഭഡ്ബാഡ ശ്മശാനത്തിൽ ചുരുങ്ങിയത് 12 മൃതദേഹങ്ങൾ കോവിഡ് ചട്ടങ്ങൾ പാലിച്ച് ദഹിപ്പിച്ചു. നിരവധി പേരാണ് തങ്ങളുടെ കുടുംബാംഗത്തെ ദഹിപ്പിക്കാനായി ഊഴം കാത്തിരിക്കുന്നത്.
എന്നാൽ തിങ്കളാഴ്ച പുറത്തുവിട്ട സർക്കാർ കണക്കുകൾ പ്രകാരം മധ്യപ്രദേശിൽ 24 മണിക്കൂറിനിടെ 37 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ ഭോപാലിലെ ശ്മശാനങ്ങൾ കാണിച്ചുതരുന്ന ചിത്രം വ്യത്യസ്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.