ശ്രീനഗർ: ജമ്മുകശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കാനുള്ള പ്രമേയം ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ പ്രമേയം പാസാക്കുമെന്ന് നാഷനൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഉമർ അബ്ദുല്ല. പ്രമേയം പാസാക്കിയാലുടൻ പ്രധാനമന്ത്രിക്ക് കൈമാറും. കേന്ദ്രത്തിന്റെ സമ്മർദമില്ലാതെ ജമ്മുകശ്മീരിൽ നല്ല രീതിയിൽ ഭരണം നിർവഹിക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
''ഞങ്ങളും ഡൽഹിയും തമ്മിൽ വളരെ വ്യത്യാസമുണ്ട്. ഡൽഹി ഒരിക്കലും സംസ്ഥാനമായിരുന്നില്ല. ഡൽഹിക്ക് സംസ്ഥാന പദവി നൽകാമെന്ന് ഒരാളും വാഗ്ദാനം നൽകിയിട്ടുമില്ല. 2019നു മുമ്പ് ജമ്മുകശ്മീർ സംസ്ഥാനമായിരുന്നു. സംസ്ഥാന പദവി പുനഃസ്ഥാപിക്കാമെന്ന് ഞങ്ങൾ ജനങ്ങൾക്ക് വാഗ്ദാനം നൽകിയതാണ്. പ്രധാനമായും മൂന്ന് നടപടിക്രമങ്ങളിലൂടെ സംസ്ഥാനപദവി പുനഃസ്ഥാപിക്കാൻ സാധിക്കുമെന്നാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മറ്റ് ഉന്നത തലവൃത്തങ്ങളും അറിയിച്ചത്. അതിർത്തി നിർണയം, തെരഞ്ഞെടുപ്പ്, സംസ്ഥാന പദവി എന്നിങ്ങനെയാണത്. അതിരുകൾ നിശ്ചയിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പും നന്നായി നടന്നു. ഇനി സംസ്ഥാന പദവി മാത്രമേ പുനഃസ്ഥാപിക്കാനുള്ളൂ.''-ഉമർ അബ്ദുല്ല പറഞ്ഞു. കേന്ദ്രസർക്കാറുമായി കലഹിച്ചതുകൊണ്ട് ഒരുനേട്ടവും ഉണ്ടാക്കാൻ കഴിയില്ലെന്നും സഹകരിച്ചു പോവുകയാണ് മുന്നിലുള്ള വഴിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യം സർക്കാർ രൂപവത്കരിക്കും. കേന്ദ്രവുമായി കലഹിച്ചതുകൊണ്ട് ഒരു വിഷയവും ശ്രദ്ധയിൽ പെടുത്താൻ സാധിക്കില്ലെന്നാണ് പറയാനുള്ളത്. ബി.ജെ.പിയുടെ രാഷ്ട്രീയത്തിന് ഒരിക്കലും പിന്തുണ നൽകില്ല. അതു പോലെ ഞങ്ങളുടെ രാഷ്ട്രീയം അംഗീകരിക്കാൻ ബി.ജെ.പിക്കും കഴിയില്ല. ബി.ജെ.പിയെ എതിർക്കുന്നത് തുടരും. എന്നാൽ കേന്ദ്രത്തെ എതിർക്കുക എന്ന് അതിന് അർഥമില്ല. ജനങ്ങൾ വോട്ട് ചെയ്തതും അതിനു വേണ്ടിയല്ല. ജനങ്ങൾക്ക് തൊഴിലുകൾ വേണം, സംസ്ഥാനത്ത് വികസനവും. ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി തിരികെ കിട്ടണം. കേന്ദ്രവുമായി നല്ല ബന്ധം നിലനിന്നാൽ മാത്രമേ കശ്മീരിലെ ജനങ്ങൾക്ക് നേട്ടങ്ങളുണ്ടാക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പി.ഡി.പിയുമായി ധാരണയിലെത്തിയിട്ടില്ലെന്നും ഉമർ അബ്ദുല്ല പറഞ്ഞു. ആശയവിനിമയത്തിനുള്ള സാധ്യതകൾ തുറന്നു കിടക്കുകയാണ്. എന്നാൽ ഇപ്പോൾ അതിനല്ല പ്രഥമ പരിഗണനയെന്നും ഉമർ അബ്ദുല്ല കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.