പട്ന: കതിഹാർ സ്വദേശികൾ ഒന്നടങ്കം ഇന്നലെ എ.ടി.എമ്മിനും ബാങ്കിനും മുന്നിലായിരുന്നു. നാട്ടിലെ രണ്ട് സ്കൂൾ വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിൽ കോടിക്കണക്കിന് രൂപ 'നിധി'യായി ലഭിച്ചുവെന്ന വാർത്തയായിരുന്നു ഇതിന് കാരണം. തങ്ങളുടെ അക്കൗണ്ടിലും കോടികൾ വന്നോ എന്ന് അറിയാൻ എല്ലാവരും ബാങ്കുകൾക്ക് മുന്നിൽ തിക്കിത്തിരക്കി.
ആറാം ക്ലാസുകാരനായ ആശിഷ്, ഗുരു ചരൺ വിശ്വാസ് എന്നീ കുട്ടികളുടെ ഉത്തർ ബീഹാർ ഗ്രാമീൺ ബാങ്കിലെ അക്കൗണ്ടിലാണ് 906 കോടി രൂപ ക്രെഡിറ്റായത്. സ്കൂൾ യൂനിഫോമും പഠനോപകരണങ്ങളും വാങ്ങാൻ സർക്കാർ സഹായധനത്തിന് അപേക്ഷിച്ച് കാത്തിരിക്കുകയായിരുന്നു ഇരുവരും.
പണം വന്നോ എന്നറിയാൻ മാതാപിതാക്കൾക്കൊപ്പം ഇന്‍റർനെറ്റ് കഫേയിൽ പോയി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ആ വിവരം അറിഞ്ഞത്. ഗുരു ചരൺ വിശ്വാസിന്‍റെ അക്കൗണ്ടിൽ 900 കോടിയും ആശിഷിന്‍റെ അക്കൗണ്ടിൽ 6.2 കോടിയും നിക്ഷേപിച്ചിരിക്കുന്നു!!. വിവരമറിഞ്ഞ ഉടൻ ബാങ്കുമായും ഗ്രാമത്തലവനുമായും ബന്ധപ്പെട്ടു. ഗ്രാമത്തലവൻ ഇക്കാര്യം സ്ഥിരീകരിച്ചു.
"രണ്ട് കുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളിൽ വൻ തുക വന്നതായി ഇന്നലെ വൈകീട്ടാണ് എനിക്ക് വിവരം ലഭിച്ചത്. ഇതേക്കുറിച്ച് പരിശോധിക്കാൻ ഇന്ന് അതിരാവിലെ തന്നെ ബാങ്ക് ശാഖ തുറന്നു. കമ്പ്യൂട്ടറിൽ പണം അയക്കുന്ന സംവിധാനത്തിലുള്ള പിഴവാണ് കാരണമെന്നാണ് ബ്രാഞ്ച് മാനേജർ പറഞ്ഞത്. സംഭവത്തിൽ ബാങ്ക് അധികൃതരോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഞങ്ങൾ വിഷയം അന്വേഷിക്കുകയാണ്'' -കതിഹാർ ജില്ല മജിസ്ട്രേറ്റ് ഉദയൻ മിശ്ര പറഞ്ഞു.
അടുത്തിടെ സമാനസ്വഭാവത്തിലുള്ള മറ്റൊരു സംഭവവും ബിഹാറിൽ നടന്നിരുന്നു. ബിഹാറിലെ ഖകാരിയ സ്വദേശിയായ രഞ്ജിത് ദാസിന്‍റെ അക്കൗണ്ടിലാണ് ഗ്രാമീണ ബാങ്ക് ഉദ്യോസ്ഥരുടെ പിഴവിനെ തുടർന്ന് 5.5 ലക്ഷം രൂപ നിക്ഷേപിച്ചത്. എന്നാൽ,
അബദ്ധത്തിൽ അക്കൗണ്ടിലെത്തിയ പണം പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ചതാണെന്ന് പറഞ്ഞ് തിരികെ നൽകാൻ യുവാവ് വിസമ്മതിച്ചു.
പണം തിരികെ നൽകാൻ ആവശ്യപ്പെട്ട് ബാങ്ക് നിരവധി നോട്ടീസുകൾ അയച്ചെങ്കിലും താൻ ചെലവഴിച്ചുവെന്നായിരുന്നു ദാസിന്‍റെ മറുപടി.
'ഇൗ വർഷം മാർച്ചിൽ പണം ലഭിച്ചപ്പോൾ ഞാൻ ഭയങ്കര സന്തോഷത്തിലായിരുന്നു. ഓരോരുത്തരുടെയും അക്കൗണ്ടിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നുവെല്ലോ. അതിന്‍റെ ആദ്യ ഗഡുവാണിതെന്ന് കരുതി എല്ലാം ഞാൻ ചെലവാക്കി. ഇപ്പോൾ എന്‍റെ അക്കൗണ്ടിൽ പണമൊന്നുമില്ല' -ദാസ് പൊലീസിനോട് പറഞ്ഞു. ബാങ്കിന്‍റെ പരാതിയിൽ ദാസിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.