ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ പാർപ്പിട സമുച്ചയത്തിന്‍റെ മേൽക്കൂര തകർന്നുവീണ് രണ്ടു പേർ മരിച്ചു. വ്യാഴാഴ്ച അർധരാത്രിയിൽ ഗുരുഗ്രാം സെക്ടർ 109ൽ സ്ഥിതി ചെയ്യുന്ന ചിന്തൽസ് പാരഡൈസോ ഹൗസിങ് കോംപ്ലക്സിലെ ഡി ബ്ലോക്കിലെ ആറാം നിലയിലാണ് അപകടമുണ്ടായത്.
നിർമാണ തൊഴിലാളികളാണ് മരിച്ചത്. മേൽക്കൂരക്കടിയിൽ കുടുങ്ങിയ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
അറ്റകുറ്റപണി നടന്നിരുന്ന മുറിയുടെ മേൽക്കൂരയാണ് ആദ്യം തകർന്നുവീണത്. കെട്ടിടത്തിന്‍റെ ആറാം നില മുതൽ താഴത്തെ നില വരെയുള്ള എല്ലാ മേൽക്കൂരകളും നിലകളും ഒറ്റയടിക്ക് തകർന്നു വീഴുകയായിരുന്നു. ദേശീയ ദുരന്ത പ്രതിരോധസേന, അഗ്നിശമനസേന, പൊലീസ് എന്നിവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
ചില ഫ്ലാറ്റുകളിൽ ആൾതാമസം ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. നിർമാണത്തിലെ തകരാറാണ് അപകടത്തിന് കാരണമെന്നും തങ്ങളുടെ പരാതികൾ ബിൽഡർ ഗൗരവമായി കണ്ടില്ലെന്നും താമസക്കാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.