ബി.ജെ.പി എം.എൽ.എയുടെ പിറന്നാളാഘോഷത്തിൽ പങ്കെടുത്തവർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് രണ്ട് പേർ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ദാമോ ജില്ലയിലെ ജബേര എം.എൽ.എയായ ധർമേന്ദ്ര സിങ് ലോധിയുടെ ജന്മദിനാഘോഷത്തിനിടെയാണ് സംഭവം നടന്നത്. നോഹത പോലീസ് സ്റ്റേഷന് കീഴിലുള്ള ബൻവർ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് വാക്കേറ്റമുണ്ടായതെന്നും ദാമോ പൊലീസ് സൂപ്രണ്ട് ഹേമന്ത് ചൗഹാൻ അറിയിച്ചു.
30 വയസുകാരനായ ജോഗേന്ദ്ര സിങ്, അരവിന്ദ് ജയ്ൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ജോഗേന്ദ്ര സിങ് വെടിയേറ്റാണ് മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. അരവിന്ദ് ജയ്നിനെ ചിലർ കല്ലും വടിയും കൊണ്ട് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പി.ടി.ഐയുടെ റിപ്പോർട്ടിൽ പറയുന്നു. ആഘോഷ പരിപാടിയിൽ എം.എൽ.എയുടെ പ്രതിനിധിയായിരുന്നു അരവിന്ദ് ജയ്ൻ. ജോഗേന്ദ്ര സിങ് ഗസ്റ്റ് അധ്യാപകനായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. അക്രമം നടക്കുേമ്പാൾ എം.എൽ.എ സംഭവസ്ഥലത്തില്ലായിരുന്നുവെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
അതേസമയം, ക്രമസമാധാന പാലനത്തിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് ദാമോ ജില്ലാ കോൺഗ്രസ് പ്രസിഡന്‍റ് അജയ് ടണ്ടൻ ആരോപിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദിന്‍റെ വരവിനെത്തുടർന്ന് ജില്ലയിൽ അതീവ സുരക്ഷ ഏർപ്പാടാക്കിയ സമയത്താണ് ബി.ജെ.പി എം.എൽ.എ ധർമേന്ദ്ര സിങ് ലോധിയുടെ ജന്മദിനാഘോഷത്തിൽ അക്രമസംഭവം നടന്നതെന്നും ടൻഡൻ പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ച്ച രാഷ്ട്രപതി മധ്യപ്രദേശിലെത്തിയിട്ടുണ്ട്. നാളെ ദാമോ ജില്ലയിൽ രാവിലെ 9:30ന് രാഷ്ട്രപതിയെത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.